6. إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
നിശ്ചയം മനുഷ്യന്‍ തന്റെ നാഥനോട് നന്ദി കെട്ടവന്‍ തന്നെയാണ്.ഇത്രയും സത്യ വാചകങ്ങള്‍ പറഞ്ഞ് കൊണ്ട് അല്ലാഹു പറയുന്ന വിഷയം മനുഷ്യന്‍ നാഥനോട് നന്ദികെട്ടവന്‍ ആണെന്നാണ്. റബ്ബ് എന്നാല്‍ നമ്മെ സൃഷ്ടിച്ച് വേണ്ടുന്ന ആരോഗ്യം,ധനം തുടങ്ങി എല്ലാ സംവിധാനങ്ങളും നല്കി നമ്മെ വളര്‍ത്തുന്നവന്‍ എന്നാണ്. നിങ്ങളിലുള്ള എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്നാണെന്ന വിശുദ്ധ ഖുര്‍ആനിന്റെ അദ്ധ്യാപനം ഇവിടെ പ്രസ്താവ്യമാണ്. ആ നാഥന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ച് അതിനു നന്ദിയുള്ള പ്രവര്‍ത്തനം നടത്തേണ്ട മനുഷ്യന്‍ പക്ഷെ നന്ദി കേടാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന പ്രയോഗം നാം സഗൗരവം കാണേണ്ടതാണ് അല്ലാഹുവിനു നന്ദി ചെയ്യാന്‍ ധാരാളം നിര്‍ദ്ദേശം ഇസ്‌ലാമില്‍ കാണാം. അവനെക്കുറിച്ചുള്ള ഓര്‍മ്മയും അവന്‍ തന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തയും അവ അല്ലാഹുവിന്റെ ഇഷ്ടത്തിലായി മാത്രം ഉപയോഗിക്കാനുള്ള നിര്‍ബന്ധബുദ്ധിയും ഒക്കെ ഈ നന്ദിയുടെ ഭാഗമാണ്.
ഇമാം ഖുര്‍തുബി(റ) എഴുതുന്നു. നന്ദി കെട്ടവന്‍ എന്നതിനു വിവിധ അര്‍ത്ഥങ്ങളുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക, ഹസന്‍(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ മറക്കുകയും പരീക്ഷണങ്ങളെ ഓര്‍ക്കുകയും ചെയ്യലാണിത്”, അബൂബക്കര്‍ അല്‍ വാസിത്വി(റ) പറഞ്ഞു “അല്ലാഹു നല്കിയ അനുഗ്രങ്ങളെ തെറ്റില്‍ ചിലവഴിക്കലാണത്”, അബൂബക്കര്‍ അല്‍ വറ്‌റാഖ്(റ)പറഞ്ഞു. “തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ തന്റെ മഹത്വം കൊണ്ട് ലഭിതാണെന്ന് ധരിക്കലാണത്”, ഇമാം തുര്‍മുദി(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ കാണുന്ന മനുഷ്യര്‍ അനുഗ്രഹം ചെയ്ത അല്ലാഹുവിനെ കാണാതിരിക്കലാണത്”, എന്നിങ്ങനെ ധാരാളം വ്യാഖ്യാനങ്ങള്‍ ഇതിനുണ്ട്(ഖുര്‍തുബി.20/116)