അദ്ധ്യായം 109- സൂക്തം 6

6. لَكُمْ دِينُكُمْ وَلِيَ دِينِ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
നിങ്ങള്‍ക്ക് നിങ്ങളുടെ മതവും നടപടി ക്രമങ്ങളും എനിക്ക് എന്റെ മതവും നടപടിക്രമവും ഞാന്‍ ചെയ്തതിന്റെ ഫലം ഞാനും നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം നിങ്ങളും അനുഭവിക്കും എന്ന് സാരം. ഇമാം ത്വബ് രി(رحمه الله) എഴുതുന്നു.നബി(صلى الله عليه وسلم) തങ്ങള്‍ എനിക്ക് എന്റെ മതം എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഞാന്‍ അത് ഒരിക്കലും കയ്യൊഴിക്കില്ലെന്നും അതിലായി തന്നെ ജീവിച്ച് മരിക്കുമെന്നും അതേ സമയം നിങ്ങള്‍ വഴികേടിലായി സീല്‍ ചെയ്യപ്പെട്ടവരും അതിലായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും അള്ളാഹുവിന്റെ അറിവിൽല്‍ ഉണ്ടെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇതിലൂടെ നബി(صلى الله عليه وسلم) നടത്തുന്നത്(ത്വബ് രി 15/374)

ഇവിടെ ഒരു ചോദ്യമുണ്ട്. അവിശ്വാസികള്‍ക്ക് അവിശ്വാസത്തില്‍ നിലകൊള്ളാനുള്ള അനുവാദം കൊടുക്കുകയല്ലേ ഇവിടെ ചെയ്യുന്നത്.നബി(صلى الله عليه وسلم) നിയോഗിക്കപ്പെട്ടത് തന്നെ അവിശ്വാസം നിര്‍മ്മാര്‍ജ്ജനം ചെയ്യാനല്ലേ ആസ്ഥിതിക്ക് തങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ മതവുമായി നടന്നോളൂ എന്ന് എങ്ങനെ പറയും?

ഇത്തരം ധാരാളം ഉണ്ട് ഈ ചോദ്യത്തിന്. (1) ഇത് അവര്‍ക്കുള്ള താക്കീതാണ് അനുവാദമല്ല.അതായത് നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്ത് ശിക്ഷ വാങ്ങാന്‍ തയാറാവൂ എന്നാണ് (2)ഞാന്‍ നിങ്ങളെ സത്യത്തിലേക്കും രക്ഷയിലേക്കും ക്ഷണിക്കുന്നു,എന്നാല്‍ അത് സ്വീകരിക്കാന്‍ മനസില്ലാത്ത നിങ്ങള്‍ എന്നെ ശിര്‍ക്കിലേക്ക് വിളിക്കണ്ട എന്നാണ്. (3) നിങ്ങള്‍ക്ക് നാശമാണ് നല്ലതായി തോന്നുന്നതെങ്കില്‍ നിങ്ങള്‍ അത് സ്വീകരിക്കൂ.യഥാര്‍ത്ഥത്തില്‍ നന്മയായ സത്യം ഞാന്‍ ഒഴിവാക്കില്ല(റാസി 32/136)

പരസ്പരം എന്തെങ്കിലും സംസാരിക്കുമ്പോള്‍ ഒരു ഉപമയായി ഈ സൂക്തം ചിലര്‍ ഉന്നയിക്കാറുണ്ട്. അത് അനുവദനീയമല്ല കാരണം ഖുര്‍ ആന്‍ ഉപമയാക്കാനുള്ളതല്ല മറിച്ച് ചിന്തിച്ച് അതിന്റെ താല്പര്യാനുസരണം പ്രവര്‍ത്തിക്കാനുള്ളതാണ്(റാസി 32/137)

ഈ അദ്ധ്യായം പാരായണം ചെയ്തവര്‍ ഖുര്‍ ~ആനിന്റെ നാലിലൊരു ഭാഗം ഓതിയവനെ പോലെയാണെന്നും ശല്യക്കാരായ പിശാചുക്കള്‍ അവനെ വിട്ട് അകലുമെന്നും ശിര്‍ക്കില്‍ നിന്ന് അവന്‍ മോചിതനാവുമെന്നും നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട്(ബൈളാവി 2/626)