അദ്ധ്യായം 100- സൂക്തം 8

8. وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
നിശ്ചയം അവന്‍  നല്ലതിനോട് (ധനത്തോട്) അതിയായ പ്രേമം കാട്ടുന്നവനുമാണ്.
ഖൈര്‍  എന്നതിനു ധനം എന്നും ഭൂമിയില്‍  നന്നായി ഗണിക്കപ്പെടുന്ന എല്ലാം എന്നും അര്‍ത്ഥം പറയാം.എന്തായാലും ഭൗതിക വിഭവങ്ങളോട് മനുഷ്യനുള്ള അമിത ഇഷ്ടം പലപ്പോഴും അവനെ അക്രമിയാക്കി തീര്‍ക്കും. പിശുക്ക് കാണിച്ച് ധനത്തിലെ ബാധ്യത പോലും അവന്‍  മറക്കും. ധന സമ്പാധനത്തിനുള്ള മാര്‍ഗം ശരിയോ തെറ്റോ എന്നൊന്നും അവന്‍  ചിന്തിക്കില്ല ധനത്തോടുള്ള അമിത താല്പര്യത്തിള്‍  നിന്നാണ് ഈ സ്വഭാവം ഉടലെടുക്കുന്നത്. ഇതിനെ ആക്ഷേപിക്കുകയാണ് അല്ലാഹു.
ഇമാം ഥബരി(റ) എഴുതുന്നു. ഇവിടെ خير എന്ന് പറഞ്ഞത് ദുനിയാവിനെ ഉദ്ദേശിച്ചാണ്. ദുനിയാവ് ചിലപ്പോള്‍  മനുഷ്യനു ചീത്തയാവുന്നില്ലേ ! ഹറാമായ രൂപത്തില്‍ മനുഷ്യന്‍  അത് സമ്പാദിക്കുന്നില്ലേ എന്നിട്ടുമെന്തേ അത് ‘നന്മ /ഖൈര്‍ ’ എന്ന് വിശേഷിപ്പിച്ചത് എന്ന സന്ദേഹത്തിന്റെ ഉത്തരം എങ്ങനെയായാലും ധനം നല്ലതാണെന്ന് ചിന്തിക്കുന്ന ജനത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഇത് പറഞ്ഞത്. എന്നാണ്(ഥബ്‌രി 30/310)