അദ്ധ്യായം 108- സൂക്തം 1

1. إِنَّا أَعْطَيْنَاكَ الْكَوْثَرَ
(നബിയേ)നിശ്ചയമായും തങ്ങള്‍ക്ക് നാം ധാരാളം നന്മകള്‍ നല്കിയിരിക്കുന്നു.
വളരെ അധികരിച്ച നന്മ എന്ന അര്‍ത്ഥത്തിലാണ് അറബികള്‍ (അല്‍ കൌസര്‍ )എന്ന് ഉപയോഗിക്കാറുള്ളത് ഇതേ അര്‍ത്ഥം തന്നെയാണിവിടെ ഇബ്നു അബ്ബാസ്(رحمه الله)അടക്കം പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. അതായത് നബി(صلى الله عليه وسلم) ക്ക് അള്ളാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അള്ളാഹു പരലോകത്ത് നബി(صلى الله عليه وسلم)ക്ക് നല്‍കുന്ന കൌസര്‍ എന്ന തടാകമാണുദ്ദേശ്യമെന്നും വ്യഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. അള്ളാഹു തങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍പെട്ടത് തന്നെയാണീ തടാകം എന്ന് വെക്കുമ്പോള്‍ ആദ്യം പറഞ്ഞ അര്‍ത്ഥം കൂടുതല്‍ അര്‍ത്ഥ വ്യാപ്തിയുള്ളതാകുന്നു.ഇമാം ഖുര്‍ത്വുബി(رحمه الله) പറയുന്നു,,കൌസര്‍ എന്നത് സ്വര്‍ഗത്തിലുള്ള ഒരു നദിയാണ്.രണ്ട് പാര്‍ശ്വവും സ്വര്‍ണ്ണത്താലുണ്ടാക്കപ്പെട്ട ആനദിയിലെ മണ്ണിനു കസ്തൂരിയേക്കാള്‍ സുഗന്ധവും വെള്ളത്തിനു തേനിനേക്കാള്‍ മാധുര്യവും ഉണ്ട്

മഹ്ശരില്‍ ജനങ്ങള്‍ വിചാരണക്ക് നില്‍ക്കുമ്പോഴും തങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഒരു വെള്ളത്തിന്റെ തടാകമുണ്ട്.നന്മ തിന്മകള്‍ തൂക്കിക്കണക്കാകുന്നതിനു മുമ്പ് നല്ലവരായ ആളുകള്‍ക്ക് അതില്‍ നിന്ന് നബി(صلى الله عليه وسلم) വെള്ളം കുടിപ്പിക്കും.അപ്പോള്‍ വെള്ളം കുടിക്കാന്‍ വന്ന ചിലര്‍ അവിടെ നിന്ന് ആട്ടിയോടിക്കപ്പെടും നബി(صلى الله عليه وسلم)ക്ക് ശേഷം മതത്തില്‍ പുത്തന്‍ വാദങ്ങള്‍ ഉന്നയിച്ചവരാണാ ഹതഭാഗ്യര്‍ (ഖുര്‍ത്വുബി.20/157.158) ( വഹ്ഹാബികള്‍ ,മൌദൂടികള്‍ ,ഖവാരിജുകള്‍ തുടങ്ങിയുള്ളവരെ ഈ ആട്ടിയോടിക്കപ്പെടുന്ന ഈ കൂട്ടത്തില്‍ പെടുത്താം)

എന്റെ ഹൌള് ഒരു മാസത്തെ വഴി അകലമുള്ളതാണ്.അതിന്റെ ഭാഗങ്ങള്‍ സമമാകുന്നു(സമ ചതുരമാണ്)അതിലെ വെള്ളം പാലിനേക്കാള്‍ വെള്ളയും അതിന്റെ വാസന കസ്തൂരിയേക്കാള്‍ നല്ലതും അതിലെ കൂജ(പാന പാത്രം)കള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെയുള്ളതുമാകുന്നു അതില്‍ നിന്ന് ആരെങ്കിലും കുടിച്ചാല്‍ അവനു ഒരു കാലത്തും ദാഹമുണ്ടാവുകയില്ല(ബുഖാരി,ഹദീസ് നമ്പര്‍ 6579)

ഹൌള് അല്‍ കൌസറിന്റെ അടുത്ത് ഞാന്‍ നേരത്തേ ചെന്ന് നിങ്ങളെ കാത്ത് നില്‍ക്കുമെന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട്(ബുഖാരി ഹദീസ് നമ്പര്‍ 6575)

ഹൌളുല്‍ കൌസറിന്റെ മഹത്വം വിശദീകരിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം.അത് കുടിക്കാന്‍ നമുക്ക് അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ആമീന്‍ . ഇവിടെ പറഞ്ഞ കൌസര്‍ എന്നതിനു വേറെയും ധാരാളം വ്യഖ്യാനങ്ങള്‍ ഉണ്ട്. ഇമാം ഖുര്‍തുബി(رحمه الله) എഴുതുന്നു.ഇവിടെ പറഞ്ഞ കൌസര്‍ നബി(صلى الله عليه وسلم)ക്ക് സ്വര്‍ഗത്തില്‍ നല്‍കപ്പെട്ട നദിയാണ് എന്നും മഹ്ശറില്‍ നല്‍കപ്പെട്ട നദിയാണെന്നും നുബുവ്വത്തും ഖുര്‍ആനുമാണെന്നും ഇസ്‌ലാം ആണെന്നും, മത നിയമങ്ങളെ നമുക്ക് അള്ളാഹു ലളിതമാക്കിത്തന്നതാണെന്നും നബി(صلى الله عليه وسلم)ക്ക് ധാരാളം ശിഷ്യന്മാരെയും അനുയായികളെയും നല്‍കിയതാണെന്നും നബി(صلى الله عليه وسلم)തങ്ങള്‍ക്ക് അള്ളാഹു നല്‍കിയ പ്രശസ്തിയും പ്രശംസയും ആണെന്നും അള്ളാഹുവിലേക്ക് എല്ലാം ഏല്‍പ്പിക്കാനും മറ്റുള്ളതൊന്നും കാര്യാമാക്കാതിരിക്കാനും സാധിക്കുംവിധം തങ്ങളുടെ ഹൃ‌ദയത്തില്‍ അള്ളാഹു നല്‍കിയ പ്രഭയാണതെന്നും സമൂഹത്തെ രക്ഷിക്കാനായി നബി(صلى الله عليه وسلم)ക്ക് അള്ളാഹു നല്‍കിയ ശുപാര്‍ശാധികാരമാണതെന്നും സത്യ സാക്ഷ്യ വാക്യമായ لااله الاالله محمد رسول الله ആണെന്നും മത വിജ്ഞാനമാണെന്നും അഞ്ച് നേരത്തെ നിസ്ക്കാരമാണെന്നും അഭിപ്രായമുണ്ട്.(ഖുര്‍ത്വുബി 20/158)

ഈ പറഞ്ഞ വ്യാഖ്യാനങ്ങളൊന്നും പരസ്പര വൈരുദ്ധ്യമല്ല എന്നതിനാല്‍ ഈ അര്‍ത്ഥങ്ങളെല്ലാം സ്വീകാര്യമാണ്.ഇതിലൊക്കെ ധാരാളം നന്മകള്‍ അടങ്ങിയിട്ടുണ്ടല്ലോ ! എന്നാല്‍ ഏറ്റവും പ്രബലമായ അഭിപ്രായം ഹൌളുല്‍ കൌസര്‍ എന്ന പാനീയം എന്നാണെന്നാണ് ഇമാം ഖുര്‍ത്വുബി(رحمه الله)യുടെ പക്ഷം