അദ്ധ്യായം 109- സൂക്തം 2 - 5

2. لَا أَعْبُدُ مَا تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല
3. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
ഞാന്‍ ആരാധിച്ചു വരുന്നവനെ നെ നിങ്ങളും ആരാധിക്കുന്നില്ല
4. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ (ഭാവിയില്‍ ) ആരാധിക്കുകയില്ല
5. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളും(ഭാവിയില്‍ ) ആരാധിക്കുകയില്ല
ഇസ്~ലാമിന്റെ പരിശുദ്ധ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുവാനും നടപ്പില്‍ വരുത്താനുമാണല്ലോ നബി(صلى الله عليه وسلم) നിയോഗിക്കപ്പെടുന്നത് എന്നാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമ പരിഗണന നല്‍കപ്പെട്ടിട്ടുള്ളതും ശിര്‍ക്കിനെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് തൌഹീദ് സ്ഥാപിക്കുക എന്നതാണ് മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യ ഫലങ്ങളുമാണ്. ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അള്ളാഹു മാത്രം എന്ന തൌഹീദും പല ദൈവങ്ങളെ സ്ഥാപിക്കുന്ന ശിര്‍ക്കും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ നീക്ക് പോക്കുകള്‍ പോലും പാടില്ല എന്ന വ്യക്തമായ പ്രഖ്യാപനമാണീ അദ്ധ്യായത്തില്‍ അടങ്ങിയിട്ടുള്ളത് .ശിര്‍ക്കെന്ന ബഹുദൈവത്വത്തെ നിരാകരിക്കുന്ന ഈ സൂറത്തും ഏകദൈവ സിദ്ധാന്തത്തെ വിശദീകരിക്കുന്ന സൂറത്തുല്‍ ഇഖ് ലാസും തമ്മിലൂള്ള ബന്ധം ഈ വിശദീകരണത്തില്‍ നിന്ന് വ്യക്തമാവുമല്ലോ. അത് കൊണ്ട് തന്നെയാണ് നേരത്തെ സൂചിപ്പിച്ച സുറത്തുല്‍ കാഫിറൂന്‍ ഓതേണ്ട നിസ്ക്കാരങ്ങളുടെയെല്ലാം രണ്ടാം റക് അത്തില്‍ സൂറത്തുല്‍ ഇഖ് ലാസ് പാരായണം ചെയ്യല്‍ സുന്നത്തായത്.

നിങ്ങള്‍ ആരാധിച്ച് കൊണ്ടിരിക്കുന്ന വസ്തുക്കളെയൊന്നും ഞാന്‍ ആരാധിക്കുന്നില്ല അതിനു ഞാന്‍ തയാറല്ല.ഞാന്‍ ആരാധിക്കുന്നത് അള്ളാഹുവിനെ മാത്രമാണ് അവനെ നിങ്ങളും ആരാധിക്കുന്നില്ല(അഥവാ നബി(صلى الله عليه وسلم)പരിജയപ്പെടുത്തിയ അള്ളാഹുവിനെ അവര്‍ ആരാധിക്കുന്നില്ല. അവര്‍ അള്ളാഹു എന്ന് പറഞ്ഞത് പങ്കാളികളുള്ള ഒരു അള്ളാഹുവാണ് അത് നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹു അല്ല.നബി(صلى الله عليه وسلم) പരിചയപ്പെടുത്തിയ അള്ളാഹുവിനെ വിശ്വസിക്കാതെ അള്ളാഹുവിലുള്ള വിശ്വാസം പരിഗണിക്കപ്പെടുകയുമില്ല.) ഭാവിയില്‍ ഇപ്പോഴുള്ള നിലപാട് തന്നെ തുടരും എന്നാണ് രണ്ടാമതും ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളോ നിങ്ങള്‍ ആരാധിക്കുന്നവയെ ഞാനോ ആരാധിക്കില്ലെന്ന് രണ്ടാമത് പറഞ്ഞത്. ആദ്യം പറഞ്ഞതിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവര്‍ത്തിച്ച് പറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടവരും നിങ്ങളുടെ തന്നിഷ്ടത്തിനനുസരിച്ചുള്ള ആരാധനാ രീതികള്‍ ഞാന്‍ അനുകരിക്കുകയില്ലെന്നും എന്റെ ആരാധനാമുറകള്‍ നിങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് രണ്ടാമത് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.