2. فَصَلِّ لِرَبِّكَ وَانْحَرْ
അത് കൊണ്ട് തങ്ങളുടെ നാഥനു വേണ്ടി തങ്ങള്‍ നിസ്ക്കരിക്കുകയും ബലിയറുക്കുകയും ചെയ്യുക.
മറ്റ് പ്രവാചകന്മാര്‍ക്ക് നല്‍കിയതിനേക്കാള്‍ എത്രയോ അനുഗ്രഹങ്ങള്‍ നബി(صلى الله عليه وسلم)ക്ക് അള്ളാഹു നല്‍കിയിട്ടുണ്ട് അതിനു നന്ദിയായി അള്ളാഹുവിനു നിസ്കരിക്കാനും ബലിയറുക്കാനും നിര്‍ദ്ദേശിക്കുന്നു ഈ ഉപദേശം നബി(صلى الله عليه وسلم) നന്നായി നടപ്പാക്കിയിട്ടുണ്ടെന്ന് അവിടുത്തെ ചരിത്രം സാക്ഷ്യ വഹിക്കുന്നു.
ദീര്‍ഘമായി നിസ്കരിച്ച് തങ്ങളുടെ കാലില്‍ നീരു വരികയും അത് കണ്ടപ്പോള്‍ ആയിശ(رضي الله عنها ) തങ്ങള്‍ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? അവിടുന്ന് പാപ സുരക്ഷിതന്‍ അല്ലെ?എന്ന് ചോദിക്കുകയും അള്ളാഹു എനിക്ക് നല്കിയ അളവറ്റ അനുഗ്രഹത്തിന് ഞാന്‍ നന്ദിയുള്ളവനാവണ്ടേ ! എന്ന് നബി(صلى الله عليه وسلم) മറുപടി പറഞ്ഞതും ഹദീസില്‍ ഉണ്ട്.നിസ്കാരമാണ് എനിക്ക് ഏറ്റവും സന്തോഷം എന്ന് നബി(صلى الله عليه وسلم) വിശദീകരിച്ചതും കൂടി ഇതോട് ചേര്‍ത്ത് വായിക്കുക. ഇവിടെ പറഞ്ഞ നിസ്കാരം അഞ്ച് നേരത്തെ നിസ്കാരമാണുദ്ദേശ്യമെന്നും ബലി പെരുന്നാള്‍ നിസ്കാരമാണെന്നും അഭിപ്രായമുണ്ട്
ബലിയറുക്കുക എന്നത് ഉള്‌ഹിയ്യത്ത് അറുക്കുക എന്നതാണ് ഉദ്ദേശ്യം. وَانْحَرْ എന്നതിനു നിസ്കരിക്കാന്‍ ആരംഭിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുകയും പിന്നീട് അത് നെഞ്ചിനടുത്തേക്ക്(താഴെ) താഴ്ത്തി വലത് കൈ ഇടത് കയ്യിന്റെ മേല്‍ നെഞ്ചിനു താഴെ നിസ്കാരത്തില്‍ വെക്കുക എന്നാണ് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞത്(അദ്ദുര്‍ അല്‍ മന്‍ഥൂര്‍ 6/689) وَانْحَرْ എന്നതിനു നെഞ്ച് ഖിബ്‌ലയിലേക്ക് തിരിക്കണം നിസ്കാരത്തില്‍ എന്നും വ്യാഖ്യാനമുണ്ട്(ത്വബരി 15/370).
ഇമാം ബൈളാവി(رحمه الله) എഴുതുന്നു.അറബികളുടെ അടുത്ത് ബഹുമാനമുള്ള മൃഗങ്ങളെ ബലി അറുത്ത് സാധുക്കള്‍ക്ക് നല്കണം. അഥവാ കഴിഞ്ഞ സൂറത്തില്‍ പറഞ്ഞ ( ഇതിനു മുമ്പുള്ള അദ്ധ്യായം) സാധുവിനെ അകറ്റുന്ന കപടന്റെ ശൈലിക്കെതിരെ വിശ്വാസിക്ക് വേണ്ടത് അവനെ സഹായിക്കുന്ന ശൈലിയാണ് വേണ്ടത് എന്നാണിവിടെ പറയുന്നത് (ബൈളാവി 2/626)