7. وَيَمْنَعُونَ الْمَاعُونَ
പരോപകാര വസ്തുക്കളെ മുടക്കുകയും ചെയ്യുന്നവര്‍ (അവര്‍ക്ക് നാശം)
ഇമാം ത്വബരി(رحمه الله) എഴുതുന്നു.ഇവിടെ പറഞ്ഞ ماعون എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്.നിര്‍ബന്ധ സക്കാത്ത് കൊടുക്കാത്തവര്‍ എന്നും, കൊട്ടക്കോരി, മ ണ്‍വെട്ടി,മഴു,വെള്ളം,തീ,ഉപ്പ് തുടങ്ങിയ അത്യാവശ്യ വീട്ടു സാധനങ്ങള്‍ പരസ്പരം വായ്പ കൊടുക്കുന്നതിനു വിസമ്മതിക്കുന്നവര്‍ എന്നും വ്യാഖ്യാനമുണ്ട്(ഥബരി 15/356-57 , ഖുര്‍ത്വുബി20/154-155)
ജനങ്ങള്‍ക്ക് തടയാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്തൊക്കെയാണ് എന്ന് നബി(صلى الله عليه وسلم )യോട് ആയിശ ബീവി(رضي الله عنها ) ചോദിച്ചു. അവിടുന്ന് പറഞ്ഞു വെള്ളം തീ.ഉപ്പ് എന്നിവയാണ് എന്ന് .ആയിശ(رضي الله عنها) ചോദിച്ചു. വെള്ളം തടയരുത് എന്ന് അറിയാം(വെള്ളത്തിന്റെ പ്രാധാന്യം അത്രമേല്‍ വലുതാണ്) എന്നാല്‍ തീയും ഉപ്പും എന്താണിത്ര പ്രാധാന്യമുള്ളതായത്? നബി(صلى الله عليه وسلم ) പറഞ്ഞു. ആരെങ്കിലും തീ കൊടുത്താല്‍ ആ തീ കൊണ്ട് വേവിക്കപ്പെട്ടതത്രയും ധര്‍മ്മം ചെയ്തവനെ പോലെയാണ്. ഉപ്പ് നല്‍കിയാല്‍ , ആ ഉപ്പ് മുഖേന സ്വാദിഷ്ടമായ ഭക്ഷണം ധര്‍മ്മം ചെയ്തത് പോലെയാണ്.വെള്ളം ലഭിക്കുന്നിടത്ത് ആര്‍ക്കെങ്കിലും വെള്ളം കുടിപ്പിച്ചാല്‍ അറുപത് മനുഷ്യരെ മോചിപ്പിച്ചവനെ പോലെയാണ്.വെള്ളം ലഭ്യമല്ലാത്തിടത്ത് ആര്‍ക്കെങ്കിലും വെള്ളം കൊടുത്താല്‍ ഒരു മനുഷ്യനെ ജീവിപ്പിക്കുന്നതുപോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത് മനുഷ്യരെ മുഴുവനും ജീവിപ്പിക്കുന്നത് പോലെ വലിയ കാര്യമാണ്(ഖുര്‍ത്വുബി 20/155)
ഈ കാര്യങ്ങള്‍ കപടന്മാരുടെ ലക്ഷണമാണെന്ന് പറയുമ്പോള്‍ ഒരിക്കലും വിശ്വാസിക്ക് ഇത്തരം ദുസ്വഭാവമുണ്ടായിക്കൂടാ. എന്നാല്‍ സ്വാര്‍ത്ഥതയുടെ ആള്‍ രൂപങ്ങളാവുന്നവരൊക്കെ ഈ സ്വഭാവം നില നിര്‍ത്തുന്നു. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين. ഇമാം റാസി(رحمه الله) എഴുതുന്നു.അള്ളാഹു ഈ പറഞ്ഞതിന്റെ താല്പര്യം നിസ്ക്കാരം എനിക്കുള്ളതും പരോപകാര വസ്തുക്കള്‍ ജനങ്ങള്‍ക്കുള്ളതുമാണ്. എന്നാല്‍ എനിക്കുള്ള നിസ്ക്കാരം ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന കപടന്മാര്‍ അവര്‍ക്ക് നല്‍കേണ്ട പരോപകാര വസ്തുക്കളെ അവരില്‍ നിന്ന് മറച്ചു വെക്കുന്നു.തല്‍ഫലമായി അള്ളാഹുവിനോടും ജനങ്ങളോടും വിപരീതമായി മാറിയവരാണിവര്‍ ..(റാസി32/107)
ഈ സൂറത്തിന്റെ വ്യാഖ്യാനം അവസാനിപ്പിക്കുന്നിടത്ത് ഇമാം റാസി(رحمه الله) എഴുതിയത് ശ്രദ്ധിക്കേണ്ട വാക്കുകള്‍ തന്നെ. ‘ഈ സൂറത്തിന്റെ വ്യാഖ്യാനം നാം അവസാനിപ്പിക്കുന്നത് ഇങ്ങനെ പ്രാര്‍ത്ഥിച്ച് കൊണ്ടാണ്, അള്ളാഹുവേ! ഈ അദ്ധ്യായം കപടന്മാരുടെ ദുസ്വഭാവം വിശദീകരിച്ചു കൊണ്ടുള്ളതാണ്.അടുത്ത അദ്ധ്യായം മുഹമ്മദ് നബി(صلى الله عليه وسلم )യുടെ വിശേഷണം പറഞ്ഞ് കൊണ്ടുള്ളതുമാണ്. ഞങ്ങള്‍ ആരാധനാ കാര്യങ്ങളില്‍ നബി(صلى الله عليه وسلم )യോടൊപ്പമോ അവിടുത്തെ അനുചരന്മാര്‍ക്കൊപ്പമോ എത്താത്തവാരാണെങ്കിലും തിന്മയില്‍ ഈ കപടന്മാരെ പോലെ ഞങ്ങള്‍ അധ:പതിച്ചിട്ടില്ല. അതിനാല്‍ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് ഞങ്ങള്‍ക്ക് നീ മാപ്പ് നല്‍കണേ’(റാസി 32/107)
ആരെങ്കിലും ഈ സൂറത്ത് പാരായണം ചെയ്താല്‍ അവന്‍ സക്കാത്ത് വീട്ടുന്നവനാണെങ്കില്‍ അവന്റെ ദോഷം പൊറുക്കപ്പെടും എന്ന് നബി(صلى الله عليه وسلم ) പറഞ്ഞിട്ടുണ്ട്(ബൈളാവി2/625)