അദ്ധ്യായം 104- സൂക്തം 1

1. وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നാശം
ഇമാം ഖുര്‍ത്വുബി(റ)എഴുതുന്നു. ഇബ്നു അബ്ബാസ്(റ) ഇവിടെ പറയുന്ന വ്യാഖ്യാനം ഇങ്ങനെയാണ് “ഏഷണിയുമായി നടന്ന് സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണിവര്‍ ഇതനുസരിച്ച് هُمَزَةٍ/ لُّمَزَةٍ എന്നീ രണ്ടു വാക്യവും ഒരേ ആശയം തന്നെയാണ് ദ്യോതിപ്പിക്കുന്നത്. നബി(സ.അ) പറഞ്ഞിട്ടുണ്ട്. “അള്ളാഹുവിന്റെ അടിമകളില്‍ ഏറ്റവും ദുഷിച്ചവര്‍ സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനായി ഏഷണിയുമായി നടക്കുന്നവരും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്തുന്നവരുമാണ്”.
همزة/لمزة എന്നതിന്റെ വിവധ അര്‍ഥങ്ങള്‍
هُمَزَة എന്നാല്‍ മുഖത്ത് നോക്കി ആക്ഷേപിക്കുന്നവരും لُّمَزَةٍ എന്നാല്‍ അസ്സാന്നിദ്ധ്യത്തില്‍ പരദൂഷണം പറയുന്നവര്‍ എന്നുമാണ്.
هُمَزَة എന്നാല്‍ ആളുകളെ ആക്ഷേപിക്കുന്നവരെന്നും لُّمَزَةٍ എന്നാല്‍ തറവാടിനെ ആക്ഷേപിക്കുന്നവര്‍ എന്നുമാണ്. هُمَزَة എന്നാല്‍ കൈ കൊണ്ട് ഉപദ്രവിക്കുന്നവര്‍ എന്നും لُّمَزَة എന്നാല്‍ നാവു കൊണ്ട് ജനങ്ങളെ ഭത്സിക്കുന്നവര്‍ എന്നുമാ‍ണ്.
هُمَزَة എന്നാല്‍ ഒപ്പം ഇരിക്കുന്നവരെ ചീത്ത പറയുന്നവര്‍ എന്നും لُّمَزَة എന്നാല്‍ കണ്ണ് കൊണ്ടും മറ്റും പരിഹാസ പൂര്‍വം ഗോഷ്ഠികള്‍ കാണിക്കുന്നവര്‍ എന്നുമാണ് .(ഖുര്‍ത്വുബി 20/132)
ഈ പറഞ്ഞ ഓരോ വിശദീകരണവും വൈരുദ്ധ്യമല്ല പ്രത്യുത വൈവിദ്ധ്യമാണ്. അതായത് ഈ പറഞ്ഞ ഒരു ദുസ്വഭാവവും നമുക്ക് പാടില്ലെന്നും നമ്മെ നാശത്തിലെത്തിക്കുമെന്നും ചുരുക്കം(അള്ളാഹു നമ്മുടെ സ്വഭാവങ്ങളെ നന്നാക്കട്ടെ ആമീന്‍ )
മിഅ്റാജിന്റെ യാത്രയില്‍ ചെമ്പിന്റെ നഖം കൊണ്ട് മുഖവും നെഞ്ചും മാന്തി പിളര്‍ക്കുന്ന ഒരു വിഭാഗത്തെ നബി(സ.അ) കാണുകയും ജനങ്ങളെ പരദൂഷണം പറയുകയും അവരുടെ അഭിമാനം ചോദ്യം ചെയ്യുകയും ചെയ്തവരാണിവര്‍ എന്ന് വിശദീകരണം നല്‍കപ്പെടുകയും ചെയ്ത നബി (സ.അ) യുടെ വചനം ഈ സമയത്ത് നാം ചിന്തിക്കേണ്ടതുണ്ട്
ഇത് അവതരിച്ചത് അഖ്നസ് ബിന്‍ ശുറൈഖ് എന്ന പരദൂഷണ വിദഗ്ദനിലാണെന്നും, നബി(സ) യെ ആക്ഷേപിക്കുന്നതില്‍ അതിരു കടന്ന വലീദുബിന്‍ മുഗീറ യിലാണെന്നും മറ്റും അഭിപ്രായമുണ്ട്. എന്നാല്‍ ഇതിന്റെ താക്കീത് അവരില്‍ മാത്രമല്ല ആ സ്വഭാവം ഉള്ളവര്‍ക്കൊക്കെയും ബാധകമാണ് .