അദ്ധ്യായം1 -സൂക്തം 7

صراط الذين أنعمت عليهم
(അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി)

ആറാം സൂക്തത്തില്‍ പറഞ്ഞ നേര്‍വഴിയുടെ വിശദീകരണമാണിത്‌. വഴി പലവിധമുണ്ട്‌. യാത്രക്ക്‌ പറ്റുന്നതും പറ്റാത്തതും, അപകടം പിടിച്ചതും അല്ലാത്തതും! ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലെന്ന് തോന്നുന്ന വഴിതന്നെ ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കുന്നതാവാം ! വഴിപിഴച്ചാല്‍ ലക്ഷ്യത്തിലെത്തില്ല. ചില അപകടം പിടിച്ച വഴിയില്‍ നടന്നാല്‍ തിരിച്ചു പോരാനും സാധ്യമാവില്ല. അതിനാല്‍ യാത്രക്ക്‌ തിരഞ്ഞെടുക്കുന്ന വഴി നേരേ ലക്ഷ്യത്തിലെത്തുന്നതാണെന്ന് ഉറപ്പ്‌ വരുത്തണം. വളഞ്ഞ വഴി പലപ്പോഴും സമയം കളയും. ലക്ഷ്യം തെറ്റിക്കുകയും ചെയ്യും! ഇത്‌ പൊതുവിലുള്ള കാര്യമാണെങ്കില്‍ നാം പറയുന്നത്‌ തല്‍ക്കാലം സമയം കളയുന്ന, പരിഹരിക്കാന്‍ സാധ്യമാകുന്ന വഴിതെറ്റലല്ല. കാരണം നാം ഫാത്തിഹയില്‍ ചര്‍ച്ച ചെയ്യുന്നത്‌ അല്ലാഹുവിലേക്കുള്ള വഴിയാണ്‌. അത്‌ പരമമാണ്‌ അത്‌ പിഴച്ചാല്‍ പിഴയും പരമമാവും. പക്ഷെ അത്‌ പിഴച്ചു എന്ന് ബോധ്യമാവുന്നത്‌ പരലോകത്ത്‌ വെച്ചാവും തിരുത്താനുള്ള സമയം അവിടെ ലഭ്യമല്ല താനും. അഥവാ തിരുത്താനുള്ള ലോകം ഈ ലോകമാണ്‌. ഈ ലോകം അവസാനിച്ചാലാണല്ലോ പരലോകം ആരംഭിക്കുന്നത്‌. ഇത്‌ ഇത്രയും സങ്കീര്‍ണ്ണമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനാണ്‌ ഏഴാം സൂക്തത്തിലൂടെ അല്ലാഹു നേര്‍ വഴി വിശദീകരിക്കുന്നത്‌.

അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ ഏതോ അതാണ്‌ നേര്‍വഴി.
(وانك لتهدي الي صراط مستقيم صراط الله الذي له مافي السموات ومافي الارض الا الي الله تصير الامور(الشوري 52 53
അല്ലാഹു പറയുന്നു ''തീര്‍ച്ചയായും തങ്ങള്‍ നേരായ പാതയിലേക്കാകുന്നു മര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ, ആ അല്ലാഹുവിന്റെ പാതയിലേക്ക്‌ ശ്രദ്ധിക്കുക അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌'' (ശൂറാ 52:53)

നേര്‍വഴി അല്ലാഹു നിര്‍ദ്ദേശിക്കുന്നുവെന്നും നബി(സ്വ)അതിലേക്ക്‌ നയിക്കുന്നുവെന്നും ഇതില്‍ നിന്ന് വ്യക്തമായി അല്ലാഹു അനുഗ്രഹിച്ചവരെല്ലാം ഇതേ വഴിയാണ്‌ തിരഞ്ഞെടുത്തത്‌ എന്നാല്‍ അല്ലാഹുവിന്റെ കോപത്തിനു വിധേയരും പിഴച്ചവരും ഈ വഴി തിരസ്ക്കരിക്കുകയായിരുന്നു അപ്പോള്‍ അനുഗ്രഹികള്‍ തിരഞ്ഞെടുത്തതും അല്ലാഹു നിര്‍ദ്ദേശിച്ചതും ഒരേ വഴിയാണെന്ന് വരുമ്പോള്‍ ഇവരുടെ വഴി ആവശ്യപ്പെടല്‍ അല്ലാഹുവിന്റെ വഴി ആവശ്യപ്പെടല്‍ തന്നെയായി! ഏത്‌ കക്ഷിയും തന്റെതാണ്‌ നേര്‍വഴി എന്ന് അവകാശ വാദമുന്നയിക്കുക സ്വാഭാവികമാണ്‌ അതിനാല്‍ മനുഷ്യന്റെ അവകാശ വാദങ്ങള്‍ക്ക്‌ വിട കൊടുത്ത്‌ അല്ലാഹു തന്നെ ആ വഴി വിശ്ദീകരിക്കുന്നു ഇനിയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി നേര്‍വഴിയുടെ കുത്തകക്ക്‌ ആരും കഷ്ടപ്പെടണമെന്നില്ല! മുസ്‌ലിംകളിലെ ചിലരില്‍നിന്ന് സാധാരണ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ശബ്ദമാണ്‌ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ്‌ അതാണ്‌ പ്രമാണം എന്നൊക്കെ ! ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായിരിക്കെ നേര്‍വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അത്‌ പറയാതിരുന്നത്‌ ശ്രദ്ധേയമാണ്‌.

ഖുര്‍ആനും സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി പിഴക്കാറുണ്ട്‌ ഇതിന്‌ ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ കാര്യമാണ്‌. വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്‌. എന്നിട്ടും എന്തേ അവര്‍ പിഴച്ചത്‌? ഖുര്‍ആന്‍ മനസിലാക്കാനുള്ള മാനദണ്ഡം അവര്‍ അവഗണിച്ചു. അതായത്‌ പ്രവാചകര്‍(സ്വ)യും ശിഷ്യന്മാരും പിന്നീട്‌ വന്ന പൂര്‍വസൂരികളും എങ്ങനെയാണോ ഖുര്‍ആന്‍ മനസ്സിലാക്കിയത്‌ അങ്ങനെ ഖുര്‍ആന്‍ മനസിലാക്കിയില്ലെങ്കില്‍ തെറ്റിപ്പോകും! ഇത്‌ പഠിപ്പിക്കാനാണ്‌ അല്ലാഹു നേര്‍മാര്‍ഗം വിശദീകരിക്കുന്നിടത്ത്‌ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചവര്‍ എന്ന് പറയുന്നതിനു പകരം അവന്‍ അനുഗ്രഹിച്ച ചില നല്ലവരുടെ മാര്‍ഗം എന്ന വിശദീകരണം നല്‍കിയത്‌. അതായത്‌ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും ശരിയായി മനസിലായത്‌ ആ മഹാന്മാര്‍ക്കാണെന്നും അവരെ അവഗണിച്ചൊരാള്‍ക്കും ഖുര്‍ആനും സുന്നത്തും സ്വീകരിക്കാനാവില്ലെന്നും അവരെ തള്ളിപ്പറയുന്നവര്‍ നേര്‍വഴിയുടെ നാലയലത്ത്‌ പോലും വരാന്‍ യോഗ്യരല്ലെന്നും അല്ലാഹു വ്യക്തമാക്കുകയാണിവിടെ!

ഇവിടെയാണ്‌ വിശ്വാസികള്‍ ഗൗരവമായി തന്നെ ആലോചിക്കേണ്ടത്‌. പൂര്‍വീക മഹത്തുക്കള്‍ മനസിലാക്കിയത്‌ പോലെ മാത്രമേ നാം ഖുര്‍ആന്‍ മനസിലാക്കാവൂ! കാരണം ഖുര്‍ആന്‍ ഭാഷാ പ്രാവീണ്യം കൊണ്ട്‌ മാത്രം മനസിലാക്കാന്‍ സാധ്യമല്ല. സന്ദര്‍ഭവും സാഹചര്യവും അത്‌ വിശദീകരിക്കുമ്പോഴുള്ള പ്രവാചകരുടെ മുഖഭാവം പോലും ശരിയായ വ്യാഖ്യാനത്തിന്‌ അത്യാവശ്യമത്രെ! അതിനാല്‍ പ്രവാചക സന്നിധിയില്‍ നിന്ന് ഖുര്‍ആനും നബി ചര്യയും ഉള്‍ക്കൊണ്ട ശിഷ്യന്മാരും അത്‌ അങ്ങനെ തന്നെ ഏറ്റെടുത്ത പിന്‍ഗാമികളും അവരെ അംഗീകരിച്ച അവരുടെ ശേഷക്കാരും അങ്ങനെ ഇന്നോളം ഈ മതം -നേര്‍വഴി-തുടര്‍ന്ന് വരുന്നു. നാം നമ്മുടെ മുന്‍തലമുറയില്‍ നിന്നും അവര്‍ അവരുടെ മുന്‍തലമുറയില്‍ നിന്നും അങ്ങനെ പ്രവാചകര്‍(സ്വ)വരെ മുറിയാത്ത സുഭദ്രമായ പരമ്പരയാണ്‌ മത വിഷയത്തില്‍ നമ്മുടെ മാതൃക. അപ്പോള്‍ മുന്‍ തലമുറയെ വിശ്വാസത്തിലെടുത്ത്‌ മുന്നോട്‌ പോകുന്നവരാണ്‌ നേര്‍വഴിക്ക്‌ അവകാശികള്‍! ഖുര്‍ആനിലെന്തു പറഞ്ഞു എന്നും പ്രവാചക ചര്യ എന്താണെന്നും ഓരോതലമുറയും അതിന്റെ മുന്‍ തലമുറയില്‍ നിന്ന് മനസിലാക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങേതലക്കുള്ള നബി(സ്വ)യും ഇങ്ങേത്തലയിലുള്ള നാമും തമ്മില്‍ അകലം അല്‍പവും തോന്നാത്ത വിധം അടുത്ത്‌ നില്‍ക്കുകയാണ്‌.

ഈ പാരമ്പര്യ ചിന്തയാണ്‌ നേര്‍വഴിയുടെ ആധാരം എന്നാണ്‌ ''നീ അനുഗ്രഹിച്ച ആളുകളുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ'' എന്ന പ്രാര്‍ഥനയുടെ കാതല്‍. അപ്പോള്‍ പൂര്‍വീകര്‍ നമ്മുടെ പിന്‍ബലമാണ്‌ അവരെ ദുഷിക്കുന്നവര്‍ക്ക്‌ നേര്‍വഴിയിലെത്താന്‍ സാധ്യമല്ല തന്നെ! അത്‌ കൊണ്ടാണ്‌ ഖുര്‍ആന്‍ ''പൂര്‍വീകരോട്‌ മനസില്‍ ഒരു വിഷമവും തോന്നിക്കല്ലേ'' എന്ന് പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്‌
والذين جاءو من بعدهم يقولون ربنااغفرلنا ولاخواننا الذ ين سبقونا بالايمان ولاتجعل في قلوبنا غلا للذين امنوا ربنا انك رءوف رحيم(الحشر 10)
പിന്നീട്‌ വന്നവര്‍ പ്രാര്‍ഥിക്കുന്നു ''നാഥാ! ഞങ്ങല്‍ക്കും ഞങ്ങള്‍ക്ക്‌ മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ !'' ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ നീ കനിവുറ്റവനും അളവറ്റ ദയാപരനുമല്ലോ!(അല്‍ ഹശ്‌ര്‍ :10)

അപ്പോള്‍ നേര്‍വഴി ഒരു വിഭാഗം നടന്ന വഴിയാണെന്ന് അല്ലാഹു അറിയിക്കുമ്പോള്‍ ഖുര്‍ആനും നബി ചര്യയും അവഗണിക്കുകയല്ല മറിച്ച്‌ ഒരിക്കലും തെറ്റിപ്പോകാത്ത വിധം അതുള്‍‍ക്കൊള്ളാനുള്ള സംവിധാനം ചെയ്തിരിക്കുകയാണ്‌ അല്ലാഹു. ഇവിടെയാണ്‌ നേര്‍വഴി അഹ്‌ലുസ്സുന്നത്തി വല്‍ ജമാ അത്താണെന്ന് (സുന്നി) നാം തറപ്പിച്ച്‌ പറയുന്നത്‌ . കാരണം സുന്നികളല്ലാത്തവരൊക്കെ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയാനെന്നും ഖോജാക്കന്മാരെ (മഹാന്മരായ പൂര്‍വ്വികര്‍)പിന്നാലെ പോകാന്‍ ഞങ്ങളെ കിട്ടില്ലെന്നും തെല്ല് അഭിമാന(?)ത്തോടെ തന്നെ പറഞ്ഞ്‌ കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അടിസ്ഥാന വിഷയങ്ങളില്‍ പോലും യോജിക്കാന്‍ സാധിക്കുന്നില്ല! സുന്നികള്‍ ഖുര്‍ആനും സുന്നത്തും തന്നെ പ്രമാണമായി സ്വീകരിക്കുമ്പോഴും അത്‌ യഥാവിധി ഉള്‍ക്കൊണ്ട ഖോജാക്കളെ കൂടി പരിഗണിച്ചു. അവര്‍ ഒന്നായി വഴി തെറ്റി പോകില്ലെന്ന ഉറപ്പ്‌ നമുക്കുണ്ട്‌. നബി(സ്വ) പറഞ്ഞു. ''എന്റെ സമുദായം വഴികേടില്‍ ഏകോപിക്കില്ല! ഈ മഹാന്മരായ പൂര്‍വ്വികരെ‍ പരിഗണിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണീ ''നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം'' എന്ന അല്ലാഹുവിന്റെ വിശദീകരണം! അപ്പോള്‍ അനുഗ്രഹിച്ചവ എന്നൊരു തസ്തിക അല്ലാഹുവാണ്‌ സ്ഥിരപ്പെടുത്തുന്നത്‌. അവര്‍ ഈ ദീനില്‍ ഖോജാക്കള്‍ തന്നെയാണ്‌ അവരെ പരിഗണിക്കല്‍ മതവും അവഗണിക്കല്‍ വഴികേടുമത്രെ! അതു കൊണ്ടാണ്‌ നല്ലവരൊക്കെ പറഞ്ഞത്‌
فكل خير في اتباع من سلف= وكل شر في ابتداع من خلف
എല്ലാ നന്മയും കുടി കൊള്ളുന്നത്‌ ‌ പൂര്‍വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം (പൂര്‍വീകര്‍ക്കെതിരില്‍) പിന്‍ തലമുറ പുതുതായി കണ്ടെത്തുന്നതിലുമാണ്‌.

ഇനി തര്‍ക്കത്തിലിരിക്കുന്ന ഓരോ വിഷയത്തിലും നമുക്ക്‌ പരിശോധിക്കാം ആര്‍ക്കാണ്‌ മുന്‍ഗാമികലുടെ മാതൃക മത വിഷയങ്ങളിലുള്ളതെന്ന്! നിഷ്പക്ഷമായ അന്വേഷണം തീര്‍ച്ചയായും അഹ്‌ലുസ്സുന്നത്തിന്റെ (സുന്നി)മാര്‍ഗം പ്രമാണ ബദ്ധവും മുന്‍തലമുറയുടെ മാതൃക കൊണ്ട്‌ ധന്യവുമാണെന്ന് കണ്ടെത്താന്‍ സഹായിക്കും. ഇത്‌ തന്നെയാണ്‌ ഒരു വിഭാഗത്തിന്റെ വഴി എന്ന ആശയം ഖുര്‍ആന്‍ ഉണര്‍ത്തിയത്‌. ആ വിഭാഗത്തിന്‌ അല്ലാഹു ഒരു യോഗ്യത പറയുന്നു അവന്‍ അനുഗ്രഹിച്ചവര്‍ എന്ന്.


അനുഗ്രഹീതര്‍

ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അല്ലാഹു ഓരോരുത്തരെയും അനുഗ്രഹിക്കുന്നുണ്ട്‌ ആപേക്ഷികമായി ഏറ്റവ്യത്യാസം കാണാമെങ്കിലും. ഇമാം ബൈളാവി(റ) എഴുതുന്നു അനുഗ്രഹം രണ്ട്‌ വിധം 1) ഭൗതികം دنيوي
2) പാരത്രികം اخروي

ഭൗതികം : ഇത്‌ വീണ്ടും രണ്ടായി തരം തിരിയുന്നു a) وهبي (ഔദാര്യമായി ലഭിച്ചത്‌)
b) كسبي (നാം അധ്വാനിച്ച്‌ നേടിയത്‌)

ഔദാര്യമായി ലഭിക്കുന്നത്‌
വീണ്ടും രണ്ടായി തിരിയുന്നു. روحاني (ആത്മീയം), جسماني (ശാരീരികം)
ആത്മീയം എന്നതിന്‌ ആത്മാവ്‌ ലഭിച്ചത്‌, ചിന്താശേഷി പോലുള്ള അനുഗ്രഹങ്ങള്‍ ഉദാഹരണമായെടുക്കാം അദ്ധ്വാനിച്ച്‌ നേടിയതിന്‌ സല്‍ സ്വഭാവം കൈക്കൊള്ളുക, ധനം സമ്പാദിക്കുക എന്നത്‌ ഉദാഹരണം. പാരത്രികമായ അനുഗ്രഹമെന്നാല്‍ നമ്മില്‍ നിന്ന് സംഭവിച്ചേക്കാവുന്ന കുറ്റങ്ങള്‍ അല്ലാഹു പൊറുത്ത്‌ തരുന്നതും നമ്മെ അല്ലാഹു തൃപ്തിപ്പെടുന്നതും ഒക്കെയാണ്‌(തഫ്സീര്‍ ബൈളാവി). അനുഗ്രഹീതരില്‍ ചിലര്‍ അനുഗ്രഹത്തിന്‌ നന്ദി കാണിച്ച്‌ അല്ല്ലാഹുവിന്റെ വഴി തിരഞ്ഞെടുത്തവരാണ്‌ ഇവര്‍ക്ക്‌ അല്ലാഹു ശാശ്വതമായ അനുഗ്രഹം നല്‍കുന്നു.
لئن شكرتم لأزيدنكم(ابراهيم7
നിങ്ങള്‍ എനിക്ക്‌ നന്ദി ചെയ്താല്‍ ഞാന്‍ (അനുഗ്രഹം)വര്‍ദ്ധിപ്പിച്ച്‌ തരിക തന്നെ ചെയ്യും(സൂറ: ഇബ്‌റാഹീം7 )

ഇതിന്റെ ഭാഗമായി വിശ്വാസിക്കേറ്റവും ആനന്ദകരമായ അല്ലാഹുവിന്റെ ദര്‍ശനം പോലും അവന്‍ നല്‍കുന്നു ( للذين أحسنوا الحسني وزيادة (يونس 26
നന്മ ചെയ്തവര്‍ക്ക്‌ ഏറ്റവും നന്മയും വര്‍ദ്ധനയമുണ്ട്‌(സൂറ:യൂനുസ്‌ 26)എന്നാണ്‌ അല്ലാഹു പറഞ്ഞത്‌ ഈ അനുഗ്രഹത്തെ അപേക്ഷിച്ച്‌ ഭൗതികമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹമല്ല അല്ലാഹുവിന്റെ വെറും ആനുകൂല്യമാണ്‌ ഇതാണ്‌ അനുഗ്രഹീതര്‍ എന്ന ഫാത്തിഹയിലെ പരാമര്‍ശം. നബിമാര്‍ , സിദ്ധീഖുകള്‍, രക്ത സാക്ഷികള്‍, സാലിഹുകള്‍ എന്നിങ്ങനെ നാലു വിഭാഗത്തിലായി അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയത്‌ അല്ലാഹു പറയുന്നു..
ومن يطع الله والرسول فأولئك مع الذين انعم الله عليهم من النبيين والصديقين والشهداء والصالحين وحسن اولئك رفيقا(النساء 69

അല്ലാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടു നടന്നാല്‍ അവര്‍(പരലോകത്ത്‌)അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ(നബിമാര്‍,സിദ്ധീ
ക്കുകള്‍, ശുഹദാക്കള്‍, സാലിഹുകള്‍ )എന്നിവരുടെ കൂടെയായിരിക്കും. അവരത്രെ നല്ല കൂട്ടുകാര്‍(സൂറ:നിസാഅ 69)

നീ അനുഗ്രഹിച്ചവര്‍ എന്ന പ്രയോഗം വ്യാപകമാണ്‌ അഥവാ അനുഗ്രഹീതരായ നാല്‌ വിഭാഗക്കാര്‍ എന്നത്‌ സ്ഥലകാല വ്യത്യാസമില്ലാതെ അംഗീകരിക്കപ്പെടേണ്ടവരാണ്‌. ഞാന്‍ പ്രവാചകനെ മാത്രമേ അംഗീകരിക്കൂ മറ്റുള്ളവരെയൊന്നും എനിക്ക്‌ വേണ്ട എന്ന ശൈലി തീരെ ശരിയല്ല. കാരണം അല്ലാഹു അംഗീകരിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ്‌ ഈ നാല്‌ വിഭാഗവും. അവരെയൊക്കെ നിയമാനുസൃതം അംഗീകരിക്കാന്‍ തന്നെയാണ്‌ അല്ലാഹു ഈ വ്യാപകമായ അര്‍ഥത്തില്‍ വിശദീകരിച്ചത്‌. അല്ലെങ്കില്‍ ''പ്രവാചകന്മാരുടെ വഴിയില്‍ നീ ഞങ്ങളെ നയിക്കണമേ'' എന്നാണല്ലോ പറയേണ്ടിയിരുന്നത്‌!സ്വന്തമായ വഴിമേല്‍ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്‌ മതത്തില്‍ നമുക്ക്‌ സ്വന്തം കണ്ട്പിടുത്തങ്ങള്‍ നടത്താന്‍ വകുപ്പില്ല എന്നാണത്‌. അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയേ പോയേ പറ്റൂ! ഇതാണ്‌ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറഞ്ഞത്‌. ആര്‍ക്കും സ്വന്തമായ വഴി പറ്റില്ല എന്ന് പറഞ്ഞതില്‍ നിന്ന് ഗവേഷണപടുക്കളായ ഇമാമുകളുടെ ഗവേഷണം പറ്റില്ല എന്ന് അര്‍ത്ഥമാക്കരുത്‌ കാരണം അവരുടെ ഗവേഷണം സ്വന്തമായ വഴിയല്ല മറിച്ച്‌ യഥാര്‍ത്ഥ പ്രമാണങ്ങള്‍ എന്തു പറയുന്നു എന്ന് അത്‌ അറിയാത്തവരെ ബോധ്യപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍ സ്ഥാപിച്ചതാണവര്‍. അത്‌ ഈ അനുഗ്രഹീതരുടെ വഴി തന്നെയാണ്‌ താനും! അതിനാല്‍ വഴി അവരുടെ സ്വന്തമല്ല.

ഉദാഹരണമായി ഖുര്‍ആന്‍ പാരായണം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണല്ലോ എന്നാല്‍ മനപാഠമില്ലാത്തവര്‍ നോക്കി ഓതുന്നു. കാഴ്ച്ച ശക്തി കുറവുള്ളവര്‍ കണ്ണട വെക്കുന്നു. മുമ്പുള്ളവര്‍ കണ്ണട വെച്ചിട്ടുണ്ടോ എന്ന് ക്രമപ്രശ്നം ഉന്നയിക്കരുത്‌. കാരണം ഖുര്‍ആന്‍ ഓത്ത്‌ മുമ്പുള്ളവരുടെ വഴിയാണ്‌ അത്‌ സുഗമമാക്കാന്‍ കണ്ണട വെക്കുകയാണ്‌ നാം ചെയ്തത്‌. ഇത്‌ പോലെ ഖുര്‍ആനും സുന്നത്തും മനസിലാക്കാനുള്ള നിയമപരമായ കണ്ണടയാണ്‌ ഇമാമുകളുടെ ഗവേഷണം. ലോകത്ത്‌ ഈ കണ്ണടയുടെ *നാല്‌ കമ്പനികളാണ്‌ വിശ്വസ്തവും പ്രസിദ്ധവുമായി നിലവിലുള്ളത്‌. വേണ്ടത്ര കാഴ്ച്ചയില്ലാത്തവന്‌ ഖുര്‍ആന്‍ നോക്കാന്‍ കണ്ണട വേണമെന്ന് തത്വത്തില്‍ നാം സമ്മതിച്ചാല്‍ ഖുര്‍ആന്‍ വേണ്ടത്ര മനസിലാവാത്തവന്‌ ഈ നാല്‌ കമ്പനികളിലൊന്നിനെ ആശ്രയിച്ചേ പറ്റൂ! ഇവിടെ ചിലര്‍ ഞങ്ങള്‍ക്ക്‌ അവരെയൊന്നും ആശ്രയിക്കാനാവില്ല ഞങ്ങല്‍ സ്വയം ഗവേഷണം നടത്താം എന്ന് പറയുന്നത്‌ ഇസ്‌ലാമികമല്ല ബുദ്ധി പരവുമല്ല. കാരണം വ്യാജ ഡോക്ടര്‍ നടത്തുന്ന ഓപ്പറേഷന്‍ വിജയകരമായാല്‍ പോലും അയാള്‍ കുറ്റക്കാരനാണ്‌. ഗവേഷണത്തിനു വേണ്ട ഒരു യോഗ്യതയും ഇന്ന് നമുക്കൊന്നുമില്ല. അതിനാല്‍ യോഗ്യരാണെന്ന് ലോകം സമ്മതിച്ചവരെ സ്വീകരിക്കുക നമ്മുടെ വിശ്വാസവും കര്‍മ്മവും കുറ്റമറ്റതാക്കുക ഇതാണ് കാലാകാലങ്ങളിലുള്ള വിശ്വാസികളുടെ നിലപാട്‌. മുസ്‌ലിം സമൂഹം ഒന്നിച്ച്‌ പിഴക്കില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കുക എന്നത്‌ കാലങ്ങളായി മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്ന് വന്ന നടപടിക്രമമാണ്‌ അതിനെതിരില്‍ ശബ്ദിക്കുന്നവര്‍ പക്ഷെ കൂടുതല്‍ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ തള്ളി ഒരു യോഗ്യതയുമില്ലാത്ത സ്വന്തം നേതാക്കള്‍ പറയുന്നതെന്തും അങ്ങനെ തന്നെ വിഴുങ്ങുന്നത്‌ കാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്‌. ചുരുക്കത്തില്‍ നേര്‍വഴി എന്നാല്‍ നേരത്തെ പറഞ്ഞ നാല്‌ വിഭാഗം നടന്ന വഴിയാണ്‌. ആ വിഭാഗത്തെ ഉള്‍ക്കൊള്ളാതെ അത്‌ സാധ്യമല്ല. ആ നാല്‌ വിഭാഗം ആരാണ്‌ അവരുടെ ഉത്തരവാദിത്വം എന്താണ്‌ തുടങ്ങിയ വിഷയങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.
തുടരും (ഇന്‍ശാ അല്ലാഹ്‌)
*പ്രസിദ്ധമായ നാലു മദ്‌ഹബുകളെ അഥവാ നാലു വഴികളെയാണു ഇവിടെ സൂചിപ്പിക്കുന്നത്‌. ( ശാഫീ, ഹനഫി, ഹമ്പലി , മാലികി )

അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7 (വിശദീകരണം-ഭാഗം രണ്ട്‌)

ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി) വിശദീകരണത്തിന്റെ രണ്ടാം ഭാഗമാണിത്‌.
നബിമാരുടെ വഴി
അല്ലാഹു അനുഗ്രഹിച്ചവരെ നാല്‌ വിഭാഗമായി അവര്‍ തന്നെ തിരിച്ചത്‌ നാം ക്ലാസ്സില്‍ കണ്ടുവല്ലോ. അവരുടെയൊക്കെ വഴിയില്‍ നമ്മെയും നടത്താനാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌ അതിനാല്‍ തത്വത്തില്‍ നാലും ഒന്ന് തന്നെയാണെങ്കിലും ഈ നാലിലെ ഓരൊരുത്തര്‍ക്കും പ്രത്യേക ഉത്തരവാദിത്വവും, വ്യക്തിത്വവും ഉണ്ട്‌ ഇതെല്ലാം മുറപോലെ നിലനിര്‍ത്തുമ്പോഴാണ്‌ ഇസ്‌ലാം സമ്പൂര്‍ണ്ണമാവുക. കുറച്ച്‌ പ്രവാചകന്മാര്‍ മാത്രം പോരാ! അവരെ അംഗീകരിക്കുന്നവരും അവര്‍ക്ക്‌ ശേഷം അവരെ പ്രതിനിധീകരിക്കുന്നവരുമായ അടുത്ത അനുയായികള്‍ വേണം. അവരത്രെ സിദ്ദീഖുകള്‍. പ്രവാചകര്‍ എന്ത്‌ പറഞ്ഞാലും കണ്ണടച്ച്‌ അംഗീകരിക്കുന്നവര്‍ . ഇവര്‍ മാത്രം പോര ഇവര്‍ പ്രചരിപ്പിക്കുന്ന തത്വം എതിര്‍ക്കുന്ന ശത്രുക്കളെ നിയമാനുസൃതം നേരിടാന്‍ സന്നദ്ധരായ ആളുകള്‍ വേണം അവര്‍ അവരുടെ ജീവനേക്കാള്‍ ഈ ആദര്‍ശത്തെ സ്നേഹിക്കുകയും അതിനു വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നു അവരത്രെ രക്തസാക്ഷികള്‍. ഇനിയും ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ട തത്വങ്ങള്‍ നടപ്പാക്കുന്ന അത്‌ പ്രയോഗവല്‍ക്കരിക്കുന്നവര്‍ വേണം അവരത്രെ സജ്ജനങ്ങള്‍. ഇതെല്ലാം കൂടി ചേരുമ്പോള്‍ മാത്രമേ ഇസ്‌ലാം ഒരു ജനകീയ പ്രസ്ഥാനവും ശാശ്വതമായി നിലനില്‍ക്കുന്നതുമാവുകയുള്ളൂ. ആദം(അ) മുതല്‍ ദീനിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ നാലു വിഭാഗത്തിന്റെയും സജീവ സാന്നിധ്യം കാണാം അതായത്‌ മത സമൂഹത്തെ കെട്ടിപ്പടുത്ത ഏതൊരു പ്രവാചകനും അടുത്ത അനുയായികള്‍, പ്രതിരോധ ഭടന്മാര്‍ , അനുസരണശീലരായ പൊതു അനുയായികള്‍ എന്നിവരുണ്ടായിരുന്നു. ചിലര്‍ക്ക്‌ അംഗബലം കൂടിയും ചിലര്‍ക്ക്‌ കുറഞ്ഞുമിരിക്കുമെങ്കിലും. ഈ വിഭാഗങ്ങളെല്ലാം അവരുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ അതാത്‌ കാലങ്ങളില്‍ ഇസ്‌ലാം സമൂഹത്തിലെ സജീവ സാന്നിധ്യമായി. ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ അനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ വഴിനടത്തേണമേ എന്നതിനര്‍ത്ഥം ഞങ്ങളില്‍ ഓരൊരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ച്‌ നീ അനുഗ്രഹിച്ചവരുടെ വഴിയില്‍ ഞങ്ങളെ നടത്തേണമേ.. അവര്‍ എങ്ങനെ ഇസ്‌ലാമിനെ സേവിച്ചോ അങ്ങനെ സേവിക്കാന്‍ ഞങ്ങള്‍ക്കും നീ ഭാഗ്യം നല്‍കണേ എന്നൊക്കെയാണ്‌ അപ്പോള്‍ഖുര്‍ആനിന്റെ വഴി, ഇസ്‌ലാമിന്റെ വഴി, അല്ലാഹുവിന്റെ വഴി, പ്രവാചകന്റെ വഴി എന്നൊക്കെ പറയുന്നതിനേക്കാള്‍ ഏറ്റവും അര്‍ത്ഥവത്താകുന്നത്‌ അനുഗ്രഹിച്ചവരുടെ വഴി എന്ന് തന്നെയാണ്‌ പക്ഷെ ഈ പറഞ്ഞ വഴികളെല്ലാം അന്തിമവിശകലനത്തില്‍ ഒന്ന് തന്നെയാണെന്നത്‌ ബോധ്യമാവുന്നു.

ഉത്തരവാദിത്വങ്ങള്‍, അനുഗ്രഹീതരുടെ ചുമതലകള്‍, അവരുടെ വഴി ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കണം. കാരണം അവര്‍ക്ക്‌ ശേഷം ആ ചുമതല നിര്‍വ്വഹിക്കേണ്ടവര്‍ ഇവരാണല്ലോ. അനുഗ്രഹീതരില്‍ ഒന്നാം സ്ഥാനത്ത്‌ പ്രവാചകരാണല്ലോ അവരില്‍ ഏറ്റവും ശ്രേഷ്ടരായ മുഹമ്മദ്‌ നബി(സ്വ) യുടെ ഉത്തരവാദിത്വം എന്താണെന്ന് ഖുര്‍ആന്‍ പറയുന്നത്‌ കാണുക!
هو الذي بعث في الأميين رسولامنهم يتلوعليهم اياته ويزكيهم ويعلمهم الكتاب والحكمة وان كانوا من قبل لفي ضلال مبين (الجمعة 2

"അക്ഷരാഭ്യാസം നേടാത്തവരില്‍ അവരില്‍ നിന്ന് തന്നെ ഒരു പ്രവാചകനെ നിയോഗിച്ചവനാണ്‌ അല്ലാഹു. ആ പ്രവാചകന്‍ അവര്‍ക്ക്‌ അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരെ സംസ്ക്കരിക്കുകയും ഗ്രന്ഥവും തത്വവും അവര്‍ക്ക്‌ പഠിപ്പിക്കുകയും ചെയ്യുന്നു(സൂറ:അല്‍ ജുമുഅ:2)
ഖുര്‍ആന്‍ ഓതിക്കൊടുക്കുക, സംസ്ക്കരിക്കുക, വേദവും തത്വവും പഠിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ്‌ നബി(സ്വ)യുടെ ഉത്തരവാദിത്വമായി ഇവിടെ പറയുന്നത്‌. ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ ഈ മൂന്നെണ്ണത്തില്‍പെട്ടതായിരുക്കുമത്‌. നബി(സ്വ) അവിടത്തെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അറഫയില്‍ അനുയായികള്‍ നബി(സ്വ)ക്ക്‌ കൊടുത്ത സാക്ഷ്യപത്രം പ്രസിദ്ധമാണല്ലോ. നബി(സ്വ)ക്ക്‌ ശേഷം ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നബി(സ്വ) സഹാബത്തിനെ ചുമതലപ്പെടുത്തി. അവര്‍ അത്‌ ഭംഗിയായി നിര്‍വ്വഹിച്ചു നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായി ഖുര്‍ആന്‍ പറഞ്ഞത്‌ അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുക എന്നാണല്ലോ! നബി(സ്വ)യില്‍ നിന്ന് എങ്ങനെയാണോ സ്വഹാബികള്‍ കേട്ടത്‌ അത്‌ പോലെ അവര്‍ പിന്‍തലമുറക്ക്‌ എത്തിച്ച്‌ കൊടുത്തു. ഇസ്‌ലാമിക ലോകത്ത്‌ ഖുര്‍ആന്‍ പാരായണം വ്യാപിച്ചു. എത്രയോ ആളുകള്‍ മന:പാഠമാക്കി. മന:പാഠമുള്ളവര്‍ യമാമ പോലുള്ള യുദ്ധങ്ങളില്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെടാതിരിക്കാന്‍ അത്‌ ക്രോഢീകരിച്ചുകൊണ്ട്‌ അബൂബക്കര്‍ സിദ്ദീഖ്‌(റ) ഏറ്റവും വലിയ സേവനം ചെയ്തു. ഉമര്‍(റ) ആയിരുന്നു ആദ്യമായി രണ്ട്‌ ചട്ടക്കുള്ളില്‍ ഖുര്‍ആന്‍ ക്രോഢീകരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച്‌ സിദ്ദീഖ്‌(റ)നോട്‌ അഭിപ്രായം പറഞ്ഞത്‌. അങ്ങനെ നബി(സ്വ)യുടെ വഹ്‌യ്‌(ദിവ്യബോധനം) എഴുതിയിരുന്ന സൈദ്‌ബിന്‍ സാബിത്‌(റ)നെ സിദ്ദീഖ്‌(റ)വിളിപ്പിക്കുകയും ഖുര്‍ആന്‍ പലയിടത്തായി പരന്ന് കിടക്കുന്നത്‌ പരിശോധിച്ച്‌ ക്രോഢീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സൈദ്‌(റ) വളരെ ശ്രമകരമായ ആ ജോലി സുന്ദരമായി നിര്‍വ്വഹിച്ചു(ബുഖാരി). പിന്നീട്‌ പാരായണ ശൈലിയില്‍ ഉള്ള അംഗീകൃത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി അല്ലാത്തത്‌ നീക്കം ചെയ്ത്‌ കൊണ്ട്‌ ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും കോപ്പികള്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും അയച്ച്കൊടുക്കുകയും ചെയ്തു. ഈ കോപ്പികളുടെയും സഹാബത്ത്‌ പഠിപ്പിച്ചതിന്റെയും അടിസ്ഥാനത്തില്‍ പാരായണ ശാസ്ത്രം രൂപം കൊണ്ടു. ഇസ്‌ലാമിക വിജ്ഞാന രംഗത്ത്‌ ഇത്‌ ഉയര്‍ന്ന സ്ഥാനം കൈവരിച്ചു. ഈ വിഷയത്തില്‍ ലോകപ്രശസ്തരായ ഇമാമുകളും അവരുടെ ശിഷ്യന്മാരും ഏറ്റം വലിയ സേവനമര്‍പ്പിച്ചു. നിരവധി ഗ്രന്ഥങ്ങളുണ്ടായി. സഹാബത്ത്‌ താബിഉകള്‍(സഹാബത്തിന്റെ ശിഷ്യന്മാര്‍ ) മുതല്‍ തലമുറയായി അംഗീകൃത ഗുരുനാഥന്മാരിലൂടെ ലോകത്ത്‌ ഇത്‌ നിലനിന്നു. ഇന്നും ആ ശൈലി തുടരുന്നു. ചുരുക്കത്തില്‍ നബി(സ്വ)യുടെ ഒന്നാമത്തെ ഉത്തരവാദിത്വമായ പാരായണം ഭംഗിയായി നിലനിര്‍ത്താന്‍ മുസ്‌ലിം ലോകത്തിനു സാധിച്ചിട്ടുണ്ട്‌ ഇനി ഇവിടന്നങ്ങോട്ടും സാധിക്കണം അതിനു സംവിധാനം വേണം ഇതാണ്‌ അനുഗ്രഹീതരുടെ വഴി നീ ഞങ്ങളെ നയിക്കേണമേ എന്ന പ്രാര്‍ ത്ഥനയിലൂടെ നാം നിര്‍വ്വഹിക്കുന്നത്‌.

നബി(സ്വ) യുടെ രണ്ടാമത്തെ ഉത്തരവാദിത്തം സംസ്ക്കരണമാണ്‌ അഥവാ മാനസിക ശുദ്ധീകരണം.
അവിശ്വാസം, അഹങ്കാരം, അസൂയ, കുശുമ്പ്‌ തുടങ്ങിയ മാലിന്യങ്ങളില്‍ നിന്ന് മനസ്സിനെ ശുദ്ധി ചെയ്യലാണിത്‌. ഈ രംഗത്ത്‌ അത്ഭുതകരമായ വിജയമാണ്‌ നബി(സ്വ) കാഴ്ച്ച വെച്ചത്‌. അവിശ്വാസത്തിന്റെ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞവരെ നേര്‍വ്വഴിയുടെ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരാനും മറ്റ്‌ മാനസിക മാലിന്യങ്ങളെ തുടച്ച്‌ നീക്കാനും അവിടുത്തെ സംസ്ക്കരണപ്രവര്‍ത്തനം സഹായകമായി. ലക്ഷ്യബോധമില്ലാതെ അപഥ സഞ്ചാരം നടത്തിക്കൊണ്ടിരുന്ന ഒരു ജനതയെ സൂക്ഷ്മതയുടെ മൂശയില്‍ വാര്‍ത്തെടുത്ത്‌ ലോകത്തിനു മാതൃകയാക്കിയത്‌ ഈ സംസ്ക്കരണ പ്രവര്‍ത്തനത്തിന്റെ തിളക്കമാര്‍ന്ന വിജയമായിരുന്നു. കൊള്ളയും കൊലയും വ്യഭിചാരവും കള്ളും തുടങ്ങി എല്ലാവൃത്തികേടുകളുടെയുംമേല്‍ അടയിരുന്ന ഒരു ജനതയെ ക്ഷന്തവ്യമല്ലെന്ന് അറിയുന്നതൊക്കെ കയ്യൊഴിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാക്കി മാറ്റിയത്‌ ഭൗതിക നിയമങ്ങളോ ഭീഷണികളൊ അല്ല എന്ന് ചിന്തിക്കുമ്പോഴാണ്‌ ഈ സംസ്ക്കരണപ്രക്രിയയുടെ വിപ്ലവം നമുക്ക്‌ ബോധ്യമാവുക. കുലമഹിമയുടെയും മറ്റും പേരില്‍ അഹങ്കരിച്ചവരെ അടിമകള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന മനസ്സുള്ളവരാക്കി ഈ സംസ്ക്കരണം. അമ്മാര്‍ (റ) ബിലാല്‍ (റ) തുടങ്ങിയവര്‍ അബൂബക്കര്‍ (റ) ഉമര്‍ (റ) തുടങ്ങിയവരോടൊപ്പം ഇരിക്കുന്ന കാഴ്ച എന്തുമാത്രം സന്തോഷകരമാണ്‌. നബി(സ്വ)യെ വധിക്കാനൂരിയ വാള്‍ അതേ നബി തങ്ങള്‍ വഫാത്തായെന്ന് പറഞ്ഞവെര്‍ക്കെതിരില്‍ (നബി(സ)യോടുള്ള അളവറ്റ സ്നേഹത്താല്‍ )ഓങ്ങുന്നിടത്തേക്ക്‌ ഉമര്‍ (റ)നെ പരിവര്‍ത്തിപ്പിച്ച ഈ സംസ്ക്കരണം ചരിത്രത്തിന്റെ ഗതിമാറ്റുകയായിരുന്നു. പാരായണം പോലെ ഈ ഉത്തരവാദിത്തവും സഹാബത്ത്‌ മുതല്‍ അനുഗ്രഹീതര്‍ നന്നായി നിര്‍വ്വഹിച്ചു. മഹാനായ അലി(റ) സഹാബികളിലും ഹസനുല്‍ ബസരി(റ) താബിഉകളിലും ഈ വിഷയത്തില്‍ മികച്ച്‌ നില്‍ ക്കുന്നു. ഈ വിജ്ഞാന ശാഖയാണ്‌ ഇല്‍ മുത്ത്വരീഖത്ത്‌ എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്‌. ഇമാം ഗസ്സാലി (റ) യെപോലുള്ള പണ്ഡിതന്മാരും താത്വികന്മാരും പിന്നീട്‌ ഈ രംഗത്ത്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു.

കര്‍മ്മശാസ്ത്രത്തില്‍ നാലു ഇമാമുകളെ പോലെ ഈ ശാസ്ത്രത്തില്‍ നാലു ഖുത്ബുക
ള്‍(ഔലിയാക്കളിലെ ഏറ്റവും വലിയ സ്ഥാനമുള്ളവര്‍ )ചെയ്ത സേവനം എടുത്ത്‌ പറയേണ്ടതാണ്‌. അസ്സയ്യിദ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), അസ്സയ്യിദ്‌ അഹ്‌മദുല്‍ കബീര്‍ അല്‍ രിഫാഇ(റ), അസ്സയ്യിദ്‌ അഹ്‌മദുല്‍ ബദവി(റ), അസ്സയ്യിദ്‌ ഇബ്‌റാഹീം അദ്ദസൂഖി(റ) എന്നിവരാണ്‌ ആ നാലു മഹാന്മാര്‍ . ലോകത്ത്‌ ഇസ്‌ലാമിന്റെ വളര്‍ച്ച വേഗത്തിലാക്കിയതില്‍ വലിയ പങ്കാണ്‌ ആത്മീയ നേതാക്കളായ ഇവര്‍ വഹിച്ചത്‌ ജനങ്ങളുടെ മനസ്‌ കാണാനും നിയന്ത്രിക്കാനും അല്ലാഹു നല്‍കിയ മഹത്വമാണ്‌ ഇവരെ വിജയത്തിലെത്തിച്ചത്‌ ഇങ്ങനെ ഇന്നും ഈ സംസ്ക്കരണപ്രക്രിയ തുടരുമ്പോള്‍ അഹ്‌ലുസ്സുന്നയുടെ നേതാക്കള്‍ മാത്രമേ ഈ രംഗത്ത്‌ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരിലൂടെ നബി(സ്വ) യുടെ രണ്ടാം ദൗത്യം നടപ്പിലാവുമ്പോള്‍ നന്മയില്‍ വഴി നടത്തണമെന്ന പ്രാര്‍ത്ഥന ഈ രംഗത്തുള്ള സേവനത്തിനുള്ള ഭാഗ്യത്തിനു കൂടിയായി മാറുന്നു ഈ നല്ലവരെ അംഗീകരിക്കാനുള്ള മനസ്സെങ്കിലും ലഭിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍ തന്നെ. അല്ലാഹു കാക്കട്ടെ ആമീന്‍ .

നബി(സ്വ)യുടെ മൂന്നാം ദൗത്യം ഗ്രന്ഥവും തത്വവും പഠിപ്പിക്കലാണല്ലോ
ഗ്രന്ഥം ഖുര്‍ആന്‍ തന്നെ. തത്വം അവിടുത്തെ ചര്യയും. ഇത്‌ സഹാബത്തിനു നബി(സ്വ) പഠിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ ഇതില്‍ വരുന്നു. പുതുതായുണ്ടാവുന്ന പ്രശ്നങ്ങളില്‍ യോഗ്യരായവര്‍ക്ക്‌ ഗവേഷണം നടത്താനുള്ള അനുമതിയും അവിടുന്ന് നല്‍കി നബി(സ്വ) പഠിപ്പിച്ചതത്രയും സഹാബത്തും അവരെ കണ്ടവരും അങ്ങനെ.....തുടര്‍ന്നു ആവശ്യമായി വന്നപ്പോള്‍ യോഗ്യരായവര്‍ ഗവേഷണം നടത്തുകയും ചെയ്തു ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്നെന്നേക്കുമായി അവര്‍ വിശ്വാസാചാരങ്ങള്‍ ക്രോഢീകരിച്ചു ഇങ്ങനെ സര്‍വ്വ സംശയങ്ങള്‍ക്കുമതീതമായി ഇല്‍മുല്‍ അഖാഇദ്‌(വിശ്വാസ ശാസ്ത്രം) ഇല്‍മുല്‍ ഫിഖ്‌ഹ്‌(കര്‍മ്മശാസ്ത്രം) അവര്‍ ക്രോഢികരിച്ചു ഇപ്പോഴില്ലാത്ത ഒരു പുതിയ വിഷയം വന്നാല്‍ കൈകാര്യം ചെയ്യാനായി ഇല്‍മുല്‍ ഉസൂല്‍ (നിദാന ശാസ്ത്രം)ഉം സംവിധാനിച്ചു വിശ്വാസ ശാസ്ത്രത്തിനു നേതൃത്വം വഹിച്ചത്‌ അബുല്‍ ഹസനുല്‍ അശ്‌അരി(റ)യും അബൂമന്‍സൂല്‍ അല്‍ മാതുരീദീ(റ)യുമാണ്‌ കര്‍മ്മ ശാസ്ത്രത്തിനു അബൂഹനീഫതല്‍കൂഫീ(റ), മാലികുബിന്‍ അനസ്‌ അല്‍ ഇസ്ബഹീ(റ), മുഹമ്മദ്‌ ബിന്‍ ഇദ്‌രീസ്‌ അശ്ശാഫിഈ(റ), അഹ്‌മദ്‌ ബിന്‍ ഹമ്പല്‍ അശ്ശൈബാനി(റ) എന്നിവരും നേതൃത്വം നല്‍കി. ഇതിനര്‍ത്ഥം മറ്റൊരു ഇമാമും ഗവേഷണം നടത്തിയിട്ടില്ലെന്നല്ല വ്യവസ്ഥാപിതമായി ക്രോഢീകരണം നടന്നതും പിന്‍തലമുറക്ക്‌ ലഭിച്ചതും ഈനാല്‌ മഹാന്മാരുടെ ഗവേഷണ ഫലങ്ങളാണെന്നാണ്‌. അല്ലാതെ ചിലര്‍ തെറ്റിദ്ധരിക്കുമ്പോലെ മറ്റുള്ളവരെ നാം തള്ളുകയോ ഇവരില്‍ മതത്തെ തളച്ചിടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഈരണ്ട്‌ ശാസ്ത്രങ്ങള്‍ക്കും(വിശ്വാസ, കര്‍മ്മ ശാസ്ത്രങ്ങള്‍) മതപരമായ അടിസ്ഥാനമായി നിലകൊണ്ടത്‌ ഇല്‍മുത്തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം), ഇല്‍മുല്‍ ഹദീസ്‌(പ്രവാചക ചര്യയുമായി ബന്ധപ്പെട്ടത്‌)എന്നിവയും ഭഷാപരമായി ഇല്‍മുന്നഹ്‌വ്‌, ഇല്‍മുസ്സ്വര്‍ഫ്‌ തുടങ്ങിയവയുമാണ്‌. ഈ രംഗത്തൊക്കെയും അഹ്‌ലുസ്സുന്നയുടെ നേതാക്കള്‍ തന്നെയാണ്‌ മികച്ച്‌ കാണുന്നത്‌. ചുരുക്കത്തില്‍ നബി(സ്വ)യുടെ ഗ്രന്ഥവും തത്വവും പടിപ്പിക്കുക എന്ന കാര്യം ഇവിടെ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു ഇത്‌ നില നിര്‍ത്താനുള്ള പ്രാര്‍ത്ഥനയും കൂടിയാണീ നേര്‍വ്വഴി നയിക്കണമെന്നത്‌.

സിദ്ദീഖുകളുടെ വഴി


അനുഗ്രഹീതരില്‍ രണ്ടാം വിഭാഗമായ സിദ്ദീഖുകളുടെ വഴി നയിക്കുക എന്നാല്‍ എന്താണെന്ന് നോക്കാം. പ്രവാചക അനുയായികളില്‍ ഏറ്റവും സ്ഥാനം കൂടിയവരാണ്‌ സിദ്ദീഖുകള്‍ ഏത്‌ കാര്യത്തിലും ആരേക്കാളും മുമ്പ്‌ വിശ്വസിക്കുകയും എന്ത്‌ പറഞ്ഞാലും സംശയമില്ലാതെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണിവര്‍ . ഒന്നാം ഖലീഫ:അബൂബക്കര്‍ (റ) സിദ്ദീഖ്‌ എന്ന് അറിയപ്പെട്ടത്‌ പ്രസിദ്ധമാണല്ലോ സാധാരണ ബുദ്ധിക്ക്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള നബി(സ്വ)യുടെ ആകാശാരോഹണത്തെക്കുറിച്ച്‌ പലരും ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നബി(സ്വ) അതിലും വലിയ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കുമെന്ന പ്രഖ്യാപനമായിരു‍ന്നു താന്‍ നടത്തിയത്‌. മനസാ വാചാ കര്‍മ്മണാ പരിപൂര്‍ണ്ണമായി പ്രവാചകരെ ഉള്‍ക്കൊണ്ടവര്‍ക്ക്‌ ഈ നാമത്തിനു അര്‍ഹതയുണ്ട്‌ ഇസ്‌ലാമിന്റെ സാമ്പത്തികമായി സഹായിക്കേണ്ട എല്ലാഘട്ടത്തിലും മുമ്പില്‍ അബൂബക്കര്‍ (റ) ഉണ്ടായിരുന്നു. അബൂബക്കറിന്റെ ധനം എനിക്കുപകരിച്ചത്‌ പോലെ മറ്റാരുടെതും എനിക്കുപകരിച്ചിട്ടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. മുസ്‌ലിമായതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന ബിലാല്‍ (റ)നെ പോലുള്ളവരെ പണം മുടക്കി മോചിപ്പിച്ചു താന്‍ പശു സംസാരിക്കുന്ന കഥ നബി(സ്വ) ഒരിക്കല്‍ ശിഷ്യന്മാരോട്‌ വിശദീകരിക്കുമ്പോള്‍ അത്ഭുതത്തോടെ പശു സംസാരിക്കുകയോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ അക്കാര്യം ഞാനും അബൂബക്കറും ഉമറും വിശ്വസിക്കുന്നു എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം. അവര്‍ രണ്ട്‌ പേരും അപ്പോള്‍ ആ സദസ്സിലുണ്ടായിരുന്നില്ല. അഥവ നബി(സ്വ) വിശ്വസിക്കുന്നതെന്തും ഒരു നിമിഷം വൈകാതെ അവര്‍ വിശ്വസിക്കുന്നു എന്നാണല്ലോ ഈ പ്രഖ്യാപനം തെളിയിക്കുന്നത്‌. ഇങ്ങനെയുള്ളവരാണ്‌ അനുഗ്രഹീതരായ സിദ്ദീഖുകള്. നബിയോടുള്ള വിശ്വാസത്തിന്റെ കണിശത അവരുടെ ജീവിതത്തില്‍ നമുക്ക്‌ കാണാം നബി(സ്വ)യുടെ വഫാത്ത്‌ കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു പ്രതിസന്ധി മദീനയിലുണ്ടായി. കള്ളപ്രവാചകരുടെ അരങ്ങേറ്റം, ഇസ്‌ലാമില്‍ നിന്നുള്ള ചില ദുര്‍ബലന്മാരുടെ രാജി, തുടങ്ങി പലതും. അതിനിടക്ക്‌ സക്കാത്ത്‌ നല്‍കില്ലെന്ന വാദവുമായി ഇസ്‌ലാമിന്റെ ഉള്ളില്‍ തന്നെ പ്രത്യക്ഷപ്പെട്ട പുത്തന്‍ വാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സിദ്ദീഖ്‌(റ​) മതത്തില്‍ യാതൊരു വിട്ട്‌ വീഴ്ച്ചക്കും തയാറല്ല എന്ന സന്ദേശം നല്‍കുകയായിരുന്നു അപ്പോള്‍ സിദ്ദീഖുകളുടെ വഴി എന്നതില്‍ ഏറ്റവും ഉയര്‍ന്ന വിശ്വാസം, വിനയം, സൂക്ഷ്മത, ധീരത തുടങ്ങിയ സല്‍ഗുണങ്ങള്‍ നല്‍കി നീ ഞങ്ങളെ സിദ്ദീഖുകളുടെ വഴിയില്‍ യാത്ര ചെയ്യിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കലാണ്‌ നേര്‍വ്വഴി നടത്തല്‍ എന്ന് മനസിലായി.

മതത്തില്‍ ആശയ വിശുദ്ധി കാത്ത്‌ സൂക്ഷിക്കലും മതത്തെ വികലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആശയപരമായ വിയോജിപ്പ്‌ നടപ്പാക്കുകയും ചെയ്യാത്തവര്‍ക്ക്‌ തന്നെ സിദ്ദീഖുകളുമായി ബന്ധമില്ലെങ്കില്‍ മതത്തെ വെട്ടിമുറിക്കാനും വികലമാക്കാനും ശ്രമിക്കുന്ന പുത്തന്‍ വാദികളുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കൂ!

രക്തസാക്ഷികളുടെ വഴി
അനുഗ്രഹീതരായ മൂന്നാം വിഭാഗമാണ്‌ രക്തസാക്ഷികള്‍. നാലുഖലീഫമാരില്‍ അബൂബക്കര്‍ (റ) ഒഴിച്ചുള്ള മൂന്ന് പേരും രക്തസാക്ഷികളാണ്‌. സത്യത്തിനുവേണ്ടി ഇസ്‌ലാമിനുവേണ്ടി സ്വജീവന്‍ പോലും വെടിയാനുള്ള ആര്‍ജ്ജവം കാണിച്ച രക്തസാക്ഷികളുടെ വഴി എന്താണ്‌? അല്ലാഹുവിന്റെ മതം മുറുകെ പിടിക്കുകയും അതിനു വിരുദ്ധമായ എല്ലാം തള്ളിക്കളയാന്‍ തയ്യാറാവുകയും ചെയ്തുകൊണ്ടാണ്‌ രക്തസാക്ഷികളുടെ വഴി നടത്താന്‍ നാം പ്രാര്‍ത്ഥിക്കുന്നത്‌.
സജ്ജനങ്ങളുടെ വഴി
അനുഗ്രഹീതരില്‍ നാലാമത്തെ വിഭാഗമാണ്‌ സാലിഹുകള്‍. സിദ്ദീഖുകള്‍, ശുഹദാക്കള്‍ എന്നീഗണത്തില്‍ വരാത്ത എല്ലാസഹാബികളും സാലിഹുകള്‍ എന്ന വിഭാഗത്തില്‍പെട്ടവരാണ്‌ സത്കര്‍മ്മങ്ങളുടെ ആധിക്യം കാരണം ദുഷ്ക്കര്‍മ്മങ്ങള്‍ക്ക്‌ ജീവിതത്തില്‍ പ്രസതിയില്ലാതാക്കിയ എല്ലാ വിശ്വാസികളും ഈ ഗണത്തില്‍ വരുന്നു. ഇവരില്‍ നിന്ന് നബി(സ്വ) പ്രത്യേകം പ്രശംസിച്ചവരാണ്‌ ആദ്യ മൂന്ന് നൂറ്റാണ്ടിലെ സജ്ജനങ്ങള്‍ വരെ ജീവിക്കുന്നവര്‍ക്ക്‌ നല്ലമാതൃക അവരില്‍ നമുക്ക്‌ കാണാം ആമൂന്ന് നൂറ്റാണ്ടിലാണ്‌ നാം നേരത്തെ പറഞ്ഞ വിശ്വാസ രംഗത്തെ രണ്ടും കര്‍മ്മരംഗത്തെ നാലും മാര്‍ഗങ്ങള്‍ അംഗീകരിക്കപ്പെട്ടത്‌. അടിസ്ഥാനപരമായി നബിയും സ്വഹാബത്തും പഠിപ്പിച്ചതു തന്നെയാണത്‌ എന്ന് മുമ്പ്‌ നാം വിശദീകരിച്ചത്‌ ഓര്‍ക്കുമല്ലോ! മദ്‌ഹബിന്റെ ഇമാമുമാരെയും അവരുടെ ശിഷ്യന്മാരായ ഇമാമുകളെയും സാലിഹുകള്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഒരിക്കലും പുറത്താക്കാനാവില്ല. ഇവരുടെ വഴി ഞങ്ങളെ നീ നയിക്കണേ എന്ന് കൂടിയാണ്‌ അനുഗ്രഹീതരുടെ വഴി നടത്തണേ എന്ന പ്രാര്‍ത്ഥനയുടെ പൊരുള്. അര്‍ഹരായവര്‍ ഗവേഷണം നടത്തുക. അനര്‍ഹര്‍ അര്‍ഹരെ പിന്തുണക്കുക. ഇതാണ്‌ അവരുടെ വഴി. ഇതില്‍ മുന്‍കാലം മുതല്‍ ഇക്കാലം വരെയും യഥാര്‍ത്ഥ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല തര്‍ക്കിച്ചവര്‍ക്ക്‌ മുന്‍ഗാമികളുടെയോ പിന്‍ഗാമികളുടെയോ പിന്തുണയുമില്ല. എല്ലാവരും ഗവേഷണം നടത്തണം എന്ന വാദം നില നില്‍ക്കുന്നതല്ല. അയോഗ്യരുടെ ഗവേഷണം ഇസ്‌ലാം തള്ളിക്കളയുകയും അയോഗ്യര്‍ യോഗ്യരെ സ്വീകരിക്കുകയുമാണ്‌ വേണ്ടത്‌ എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹു പറയുന്നു فاسألوا أهل الذكر ان كنتم لاتعلمون നിങ്ങ
ള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോട്‌ ചോദിക്കുക

അവസാനകാലമാവുമ്പോള്‍ ജനം വിവരമില്ലാത്തവരെ നേതാക്കളാക്കുകയും അവര്‍ ചോദിക്കപ്പെടുകയും മതവിധികൊടുത്ത്‌ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുമെന്ന് നബി(സ്വ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ചുരുക്കത്തില്‍ അനുഗ്രഹീതരുടെ വഴിവിട്ട്‌ മതത്തില്‍ ഗവേഷണത്തിനിറങ്ങാന്‍ തുനിയുന്നവര്‍ തത്വത്തില്‍ മതനിയമങ്ങളെ വെല്ലുവിളിക്കുകയാണ്‌ സ്വിറാത്ത്‌ എന്നാല്‍ വഴി എന്നാണല്ലോ അതിന്റെ മറ്റൊരു പദമാണ്‌ മദ്‌ഹബ്‌ വേറെയൊന്നാണ്‌ ത്വരീഖ്‌ ഇതിന്റെ സ്ത്രീലിംഗമാണ്‌ ത്വരീഖത്ത്‌. നബി(സ്വ)യുടെ ഉത്തരവാദിത്വത്തിലെ രണ്ടാമത്തത്‌ സംസ്ക്കരണവും മൂന്നാമത്തേത്‌ ഗ്രന്ഥവും തത്വവും പഠിപ്പിക്കലുമാണല്ലോ ഇത്‌ തന്നെയാണ്‌ യഥാക്രമം ത്വരീഖത്തും ശരീഅത്തും. ഒന്നാമത്തെ ഉത്തരവാദിത്തം പാരായണ ശാസ്ത്രം(ഇല്‍മുല്‍ ഖിറാഅ:) രണ്ടാമത്തേത്‌ ആത്മീയ ശാസ്ത്രം(ഇല്‍മുത്ത്വരീഖത്ത്‌) മൂന്നാമത്തേത്‌ കര്‍മ്മശാസ്ത്രം(ഇല്‍ മുല്‍ ഫിഖ്‌ഹ്‌) ഇതിലെല്ലാം പ്രാവീണ്യം നേടിയവര്‍ സഹാബികളിലുണ്ടായിരുന്നു അവരുടെ തുടര്‍ച്ചയായി പില്‍ക്കാലത്ത്‌ ഓരോവകുപ്പിലും പ്രത്യേകം ഇമാമുകള്‍ വന്നു ഇതൊന്നും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല അനുഗ്രഹീതരുടെ വഴിയുടെ തുടര്‍ച്ചയാണ്‌. ഇതാണ്‌ അല്ലാഹു പറയുന്നത്‌
''തീര്‍ച്ച സന്ദേശം നാം അവതരിപ്പിച്ചു അത്‌ സംരക്ഷിക്കുകയും ചെയ്യും( അല്‍ ഹിജ്‌ര്‍ :9)

ഇതുവരെ നാം വിശദീകരിച്ചതില്‍ നിന്ന് അനുഗ്രഹീതരില്‍ ആരുടെ വഴിയും ഒറ്റപ്പെട്ടതല്ലെന്നും അടിസ്ഥാനപരമായി അതെല്ലാം നബിയിലേക്കെത്തുന്നതാണെന്നും അതിനു മാത്രമെ ഇസ്‌ലാമികമായി പരിഗണനയുള്ളൂവേന്നും നമുക്ക്‌ മനസിലാക്കാം. സമകാലിക സമൂഹത്തില്‍ ശരീഅത്തിലും ത്വരീഖത്തിലും നവീന ചിന്താഗതികള്‍ കടന്ന് കൂടുന്നുണ്ട്‌ ഇന്നത്തെ സ്ഥിതിക്ക്‌ ഇത്‌ കല്ലും നെല്ലും തിരിക്കാന്‍ പ്രയാസം നേരിടും വിശേഷിച്ച്‌ സാധാരണക്കാര്‍ക്ക്‌. അതിനാല്‍ എത്ര മനോഹരമായി തോന്നിയാലും വിശ്വാസാചാര രംഗത്ത്‌ പുതിയതുമായി ബന്ധപ്പെടാതിരിക്കുകയാണ്‌ ബുദ്ധി. ഇക്കാര്യം സാധാരണക്കാരെക്കൂടി ധരിപ്പിക്കാനാണ്‌ അനുഗ്രഹീതരുടെ വഴി എന്ന മഹിതമായ പാരമ്പര്യത്തിലൂടെ സഞ്ചരിക്കാനുള്ള പ്രാര്‍ത്ഥന! അവരുടെ പിന്തുണയില്ലാത്തതെല്ലാം ഒറ്റപ്പെട്ടതാണ്‌ ഒറ്റപ്പെട്ടത്‌ പിശാചിനാണ്‌ പഥ്യം, വിശ്വാസികള്‍ക്കല്ല ! അപ്പോള്‍ നന്മയെല്ലാം പൂര്‍വ്വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം അവര്‍ക്കെതിരില്‍ പിന്നീട്‌ വന്നവര്‍ കാട്ടിക്കൂട്ടുന്നതിലുമാണെന്ന് വ്യക്തം. ഈ പൂര്‍വ്വീകരെ സ്വീകരിച്ച്‌ അവരോടൊന്നിച്ച്‌ സ്വര്‍ഗ പ്രവേശനത്തിനു അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

صراط الذين أنعمت عليهم غير المغضوب عليهم ولاالضالين
(അഥവാ നീ അനുഗ്രഹിച്ചവരുടെ വഴി. കോപത്തിനു വിധേയരല്ലാത്ത പിഴച്ചവരുമല്ലാത്ത.)

Note: ഇവിടെ صراط الذين أنعمت عليهم (അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി )എന്ന സൂക്തത്തിന്റെ വിശദീകരണം രണ്ട്‌ ഭാഗങ്ങളിലായി ഭാഗം ഒന്ന്
, ഭാഗം രണ്ട്‌ വിശദികരിച്ചത്‌ വായിച്ചുവല്ലോ. ഈ പോസ്റ്റില്‍ غير المغضوب عليهم ولاالضالين അഥവാ എന്ന ഭാഗമാണു വിശദീകരിക്കുന്നത്‌. സൂക്തം 7 ( صراط الذين أنعمت عليهم غير المغضوب عليهم ولاالضالين )മുഴുവന്‍ രൂപത്തില്‍ ഇവിടെ കൊടുത്തിരിക്കുന്നു.

നേര്‍വ്വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണത്‌ എന്ന് പറഞ്ഞ ശേഷം കോപത്തിനിരയായവരുടെ വഴിയല്ല എന്ന് അല്ലാഹു അറിയിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞ അനുഗ്രഹീതര്‍ അനുഗ്രഹീതരായതിന്റെ കാരണവും ഇതില്‍ നിന്ന് നമുക്ക്‌ വായിക്കാം. അതായത്‌ അല്ലാഹുവിന്റെ കോപം ക്ഷണിച്ച്‌ വരുത്തുന്നതൊന്നും ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു എന്നും പിഴച്ച വഴിയെ അവര്‍ പോയില്ലെന്നും അത്‌ കൊണ്ടാണ്‌ അവര്‍ അനുഗ്രഹീതരായതെന്നും സാരം.
അല്ലാഹുവിന്റെ കോപത്തിനിരയായവര്‍ എന്നതിന്റെ വിവക്ഷ പ്രധാനമായും ജൂതന്മാര്‍ ആണ്‌. പിഴച്ചവര്‍ എന്നാല്‍ കൃസ്ത്യാനികളും.
ഇബ്നുഅബീ ഹാത്തം (റ) പറഞ്ഞതായി ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു
قال ابن أبي حاتم : لاأعلم خلافا بين المفسرين في تفسير(المغضوب عليهم) باليهود(والضالين)بالنصارى
(الدر المنثورفي التفسير المأثور1:43 )
"കോപത്തിനിരയായവര്‍ ജൂതന്മാരും പിഴച്ചവര്‍ കൃസ്ത്യാനികളുമാണെന്ന വ്യാഖ്യാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും എനിക്കറിയില്ല( അദ്ദുര്‍ അല്‍ - മന്‍ഥൂര്‍ 1: 43)

ഇവര്‍ എന്തു കൊണ്ടാണ്‌ കോപത്തിനിരയായത്‌ എന്ന സംശയത്തിന്റെ ഉത്തരം ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌.
ضربت عليهم الذلة أين ماثقفوا الابحبل من الله وحبل من الناس وباءو بغضب من الله وضربت عليهم المسكنة ذلك بأنهم كانوا يكفرون بايات الله ويقتلون الانبياء بغير حق ذلك بما عصواوكانوايعتدون (ال عمران 112
"നിന്ദ്യത അവരുടെ മേല്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഉള്ള കയറോട്‌ കൂടിയല്ലാതെ (ലോകത്ത്‌ എവിടെയെങ്കിലും അവര്‍ക്ക്‌ സമാധാനവും സന്തോഷവും ലഭിച്ചിട്ടുണ്ടെങ്കിലത്‌ അവര്‍ സ്വയം ആര്‍ജ്ജിച്ചതല്ല മറിച്ച്‌ മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്താല്‍ ലഭിച്ചതാണ്‌ ഒന്നുകില്‍ ഏതെങ്കിലും മുസ്‌ലിം രാജ്യം അല്ലാഹുവിന്റെ പേരില്‍ അവര്‍ക്ക്‌ അഭയം നല്‍കിയിരിക്കും അല്ലെങ്കില്‍ മറ്റാരെങ്കിലും അവരുടെ സംരക്ഷണമേറ്റെടുത്തിരിക്കും ഇപ്പോഴും മനുഷ്യത്വരഹിതമായ കൂട്ടക്കൊല നടത്താന്‍ അവര്‍ക്ക്‌ ധൈര്യം പകരുന്നത്‌ മറ്റ്‌ സാമ്രാജ്യത്വ ശക്തികളാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ! അമേരിക്കയും മറ്റും അവരെ സഹായിക്കുന്നത്‌ നിര്‍ത്തിയാല്‍ ജൂത രാഷ്ട്രത്തിന്റെ ഗതിയെന്താവുമെന്ന് ആര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്‌ ? ) അവര്‍ അല്ലാഹുവിന്റെ കോപത്തിനു പാത്രമാവുകയും അവരുടെ മേല്‍ അധമത്വം മുദ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെ അത്‌. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്‌(ആലു ഇംറാന്‍ 112)

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കല്‍ , പരമ സാത്വികരായ നബിമാരെ കൊല്ലല്‍ ,അനുസരണമില്ലായ്മ, അതിക്രമം, ഇങ്ങനെയുള്ള കാരണങ്ങളാല്‍ അല്ലാഹുവിന്റെ കോപം ഇരന്നു വാങ്ങിയവരാണ്‌ ജൂതന്മാര്‍ . അനുസരക്കേടിന്റെ നേര്‍രൂപങ്ങളായിരുന്നു പലപ്പോഴും ജൂതന്മാര്‍. ഫറോവക്കും ഖിബ്ഥികള്‍(ഫറോവയുടെ കുടുംബം)ക്കും അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട അവരെ മൂസാ(അ) മോചിപ്പിച്ച്‌ പുനരധിവസിപ്പിച്ചിടത്ത്‌ വെച്ച്‌ പ്രവാചക കല്‍പനക്കെതിരില്‍ പശുവിനെ പൂജിക്കാന്‍ വരെ സമയം കണ്ടെത്തിയവരുടെ അനുസരണക്കേടിനു കൂടുതല്‍ ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ പറഞ്ഞത്‌ അതാത്‌ സൂക്തങ്ങളുടെ വിശദീകരണത്തില്‍ നമുക്ക്‌ പറയാം (ഇന്‍ശാ അല്ലാഹ്‌)വഴിപിഴച്ചവര്‍ എന്നതിന്റെ വിശദീകരണത്തില്‍ പ്രധാനമായും കൃസ്ത്യാനികളാണ്‌ വരുന്നതെന്ന് നാം പറഞ്ഞല്ലോ. പ്രവാചക കല്‍പനക്കെതിരില്‍ ഈസാ (അ) നെ ആരാധിക്കുന്നിടത്തോളം എത്തി ഇവരുടെ വഴികേട്‌! ഖുര്‍ആന്‍ പറയുന്നു.

(لقد كفرالذين قالوا ان الله هو المسيح بن مريم( المائدة 17 :72
മര്‍യമിന്റെ പുത്രന്‍ മസീഹ്‌(ഈസാ) അല്ലാഹു തന്നെയാണെന്ന് പറഞ്ഞവര്‍ നിശ്ചയം സത്യം നിഷേധിച്ചിരിക്കുന്നു(മാഇദ:17 :72)

ദൈവ പുത്രനാണ്‌ ഈസാ(അ) എന്ന് പറഞ്ഞവരും അവരിലുണ്ട്‌.
وقالت اليهود عزير ابن الله وقالت النصارى المسيح ابن الله (التوبة 30
ജൂതന്മാര്‍ ഉസൈര്‍ (അ)അല്ലാഹുവിന്റെ മകനാണെന്നും, കൃസ്ത്യാനികള്‍ (ഈസാ)മസീഹ്‌ അല്ലാഹുവിന്റെ മകനാണെന്നും പറഞ്ഞു( സൂറ: തൗബ:30)

രണ്ടായാലും ഈസാ(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ കാണിച്ച്‌ തന്ന അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന കല്‍പനയെ പരസ്യമായി ലംഘിച്ചതിനാല്‍ വഴി പിഴവിന്റെ വ്യക്തമായ സ്വഭാവം കാണിക്കുന്നവരാണിവര്‍ . ചുരുക്കത്തില്‍ സത്യ നിഷേധവും വഴിതെറ്റലും മാത്രം കൊണ്ട്‌ നടന്ന ജൂത കൃസ്ത്യാനികളുടെ വഴി ഒരിക്കലും രക്ഷയുടേതല്ലെന്നും അനുഗ്രഹീതരല്ല അവരെന്നും അതിനാല്‍ ഞങ്ങളെ ആ അനുഗ്രഹീതരുടെ വഴിയില്‍ നയിക്കേണമേ എന്നും പ്രാര്‍ത്ഥിക്കുന്ന വിശ്വാസി കൊള്ളേണ്ടവരെയൊക്കെ കൊള്ളുകയും തള്ളേണ്ടവരെയെല്ലാം തള്ളുകയും ചെയ്യുക എന്ന ശരിയായ ശൈലി തിരഞ്ഞെടുത്തിരിക്കുകയാണീ പ്രാര്‍ത്ഥനയിലൂടെ!


എന്തിനാണ്‌ ഇങ്ങനെയൊരു വിശദീകരണം എന്നൊരു ചോദ്യവും അതിന്റെ ഉത്തരവും
മഹാനായ ഇമാം റാസി(റ) പറയുന്നു

في الاية سؤال وهو ان من انعم الله عليه امتنع ان يكون مغضوبا عليه وان يكون من الضالين فما الفائدة في ان ذكر عقيبه غير المغضوب عليهو ولاالضالين؟ والجواب:الايمان انما يكمل بالرجاء والخوف كماقال عليه السلام لو وزن خوف المؤمن ورجاؤه لاعتدل فقوله صراط الذين انعمت عليهم يوجب الرجاء الكامل وقوله غير المغضوب عليهم ولاالضالين يوجب الخوف الكامل وحينئذ يقوي الايمان بركنيه وينتهى الى حد الكمال (الرازي 1/234

ഇവിടെ ഒരു ചോദ്യമുണ്ട്‌:
അല്ലാഹു അനുഗ്രഹിച്ചവര്‍ ഒരിക്കലും അവന്റെ ദേഷ്യത്തിനു പാത്രമാവുകയോ വഴി തെറ്റുകയോ ചെയ്യുന്നില്ലല്ലോ പിന്നെ എന്തിനാണ്‌ കോപത്തിനിരയാവാത്തവരും പിഴക്കാത്തവരും എന്ന പരാമര്‍ശം? മറുപടി: വിശ്വാസം പൂര്‍ണ്ണമാകുന്നത്‌ പ്രതീക്ഷയും ഭയവും സമ്മേളിക്കുമ്പോഴാണ്‌. നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ ‘വിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കിയാല്‍ രണ്ടും സമമായിരിക്കും’ള്‍ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറയുമ്പോള്‍ പൂര്‍ണ്ണ പ്രതീക്ഷയും, കോപത്തിനിരയാവാത്തവര്‍ , വഴി പിഴച്ചവര്‍ അല്ലാത്ത എന്ന് പറയുമ്പോള്‍ അത്തരം വഴിയില്‍ പെട്ട്‌പോകുന്നതിനെതിരെയുള്ള പൂര്‍ണ്ണമായ ഭയവും വിശ്വാസിയുടെ മനസിലുണ്ടാക്കുന്നു. അപ്പോള്‍ വിശ്വാസം ശക്തിപ്പെടാന്‍ ആവശ്യമായ പ്രതീക്ഷ ഭയം എന്ന രണ്ട്‌ ഘടകവും ശക്തി പ്രാപിക്കുന്നു. വിശ്വാസം അതിന്റെ പൂര്‍ണ്ണതയിലേക്ക്‌ എത്തുകയും ചെയ്യുന്നു( തഫ്സീര്‍ റാസി 1/234)


കോപത്തിനും വഴികേടിനും അര്‍ഹരായവരാണ്‌ ജൂത കൃസ്ത്യാനികള്‍ എന്ന് പറയുമ്പോള്‍ ഇതൊരു സാമൂഹ്യമായ ആക്ഷേപമല്ലേ എന്ന് തോന്നാന്‍ സാധ്യതയുണ്ട്‌ ഒരിക്കലും അങ്ങനെ തെറ്റിദ്ധരിക്കരുത്‌ കാരണം അവരിലുണ്ടായിരുന്ന നല്ലവരെ ഖുര്‍ആന്‍ മുക്തകണ്ഢം പ്രശംസിച്ചത്‌ നമുക്ക്‌ കാണാം നേരത്തേ നാം പറഞ്ഞ ആലുഇംറാന്‍ 112ന്റെ ശേഷമുള്ള സൂക്തത്തില്‍ തന്നെ അല്ലാഹു ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ليسوا سواء من أهل الكتاب أمة قائمة يتلون ايات الله ءاناءاليل وهم يسجدون يؤمنون بالله واليوم الأخر ويأمرون بالمعروف وينهون عن المنكر ويسارعون في الخيرات وأولئك من الصالحين (ال عمران 114:113

അവര്‍ എല്ലാം ഒരു പോലെയല്ല (സത്യവഴിയില്‍ ) ശരിയായി നിലകൊള്ളുന്ന ഒരു വിഭാഗം വേദക്കാരിലുണ്ട്‌ അവര്‍ രാത്രി സമയങ്ങളില്‍ നിസ്കരിക്കുന്നവരായികൊണ്ട്‌ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതുന്നവരാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും നല്ല വിഷയങ്ങളില്‍ മറ്റുള്ളവരെ കവച്ചുവെക്കാന്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു അവര്‍ സദ്‌ വൃത്തരില്‍ പെട്ടവരാണ്‌(113/114).
ഇനിയും ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ.
ومن أهل الكتاب من ان تأمنه بقنطاريؤده اليك ومنهم من ان تأمنه بدينار لايؤده اليك الامادمت عليه قائما ذلك بأنهم قالوا ليس علينا في الأميين سبيل ويقولون علي الله الكذب وهم يعلمون (ال عمران 75

വേദക്കാരില്‍ ചിലരുണ്ട്‌.ധാരാളം ധനം തങ്ങള്‍ അവരെ വിശ്വസിച്ചേല്‍പ്പിച്ചാല്‍ അവര്‍ അത്‌ തിരിച്ച്‌ തരും അവരില്‍ തന്നെ വേറേ ചിലരുണ്ട്‌ ഒരു ദീനാര്‍ അവരെ വിശ്വസിച്ചേല്‍പ്പിച്ചാല്‍ സദാ അവരുടെ മുന്നില്‍ ചെന്ന് ബുദ്ധിമുട്ടിച്ചാലല്ലാതെ താങ്കള്‍ക്കത്‌ മടക്കിത്തരികയില്ല അങ്ങനെ അക്കൂട്ടര്‍ ചെയ്യുന്നത്‌ അക്ഷരജ്ഞാനമില്ലാത്തവരോട്‌ എന്ത്‌ തന്നെ ചെയ്താലും നമ്മെ ശിക്ഷിക്കുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നവര്‍ പറഞ്ഞിരുന്നത്‌ കൊണ്ടാണ്‌ . അറിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണവര്‍ (ആലു ഇംറാന്‍ 75)

ഇതില്‍ ആദ്യത്തേത്‌ രഹസ്യ ജീവിതവും രണ്ടാമത്തേത്‌ പരസ്യജീവിതവും വരച്ചുകാട്ടുകയാണ്‌. അപ്പോള്‍ സാമുദായിക വിമര്‍ശനമല്ല ജൂത കൃസ്ത്യാനികളെ കുറിച്ച്‌ ഖുര്‍ആന്‍ നടത്തുന്നത്‌. മറിച്ച്‌ മൂസാ (അ)ന്റെയും ഈസാ(അ)ന്റെയും അനുയായികളാണെന്ന് പറഞ്ഞ്‌ അവരുടെ നിലപാടുകള്‍ക്ക്‌ നേരെ വിപരീതമായി ആശയങ്ങള്‍ മിനഞ്ഞുണ്ടാക്കുന്നവരെ വ്യവസ്ഥാപിതമായി തിരുത്താന്‍ ശ്രമിക്കുകയാണ്‌. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മേന്മ പുലര്‍ത്തുന്നവര്‍ അവരിലുണ്ടെന്നും അവരെക്കുറിച്ചല്ല ആക്ഷേപമെന്നും സാരം. ഇത്തരക്കാരുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു സലാം(റ).നല്ല ജൂതപണ്ഡിതനായ അദ്ദേഹം നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ള്‍ക്കൊള്ളാനും നബിയെക്കൊണ്ട്‌ വിശ്വസിക്കാനും മുന്നോട്ട്‌ വന്നു. കാരണം തൗറാത്തിലുള്ള അവസാന പ്രവാചകന്റെ എല്ലാ ലക്ഷണവും നബി(സ്വ)യില്‍ അദ്ദേഹം കണ്ടു. എല്ലാ ജൂത കൃസ്ത്യാനികള്‍ക്കും വേദത്തില്‍ പറഞ്ഞ പ്രവാചകന്‍ മുഹമ്മദ്‌ നബിയാണെന്നറിയാമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്‌.
الذين ءاتيناهم الكتاب يعرفونه كما يعرفون أبناءهم وان فريقامنهم ليكتمون الحق وهم يعلمون (البقرة 146
നാം വേദം നല്‍കിയ ആളുകള്‍ക്ക്‌ നബി(സ്വ)യെ അറിയാം സ്വന്തം മക്കളെ അറിയുമ്പോലെ നിശ്ചയം അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ച്‌ വെക്കുകയാണ്‌ ചെയ്യുന്നത്‌(അല്‍ ബഖറ: 146)

അപ്പോള്‍ സത്യം മനസിലായിട്ടും അത്‌ മൂടിവെച്ചും സ്വന്തം ആദരിക്കുന്നുവെന്ന് പറയുന്ന പ്രവാചകന്മാരില്‍ പോലും കള്ളം ആരോപിക്കാനും ധാര്‍ഷ്ട്യം കാണിച്ച്‌ എല്ലാ അനീതിക്കും അക്രമത്തിനും കൂട്ട്‌ നിന്നത്‌ കൊണ്ടും അടിസ്ഥാന വിശ്വാസങ്ങളില്‍ പോലും വെള്ളം ചേര്‍ത്തതുകൊണ്ടുമാണ്‌ അവര്‍ അല്ലാഹുവിന്റെ ദേഷ്യത്തിനു അര്‍ഹരായതും വഴി പിഴച്ചതും! ഈ സ്വഭാവം ആര്‍ സ്വീകരിച്ചാലും അവര്‍ക്കും അല്ലാഹുവിന്റെ കോപം ഏറ്റ്‌ വാങ്ങേണ്ടി വരും എന്ന മുന്നറിയിപ്പും ഇത്‌ നല്‍കുന്നുണ്ട്‌. മതഗ്രന്ഥങ്ങളില്‍ തിരിമറി നടത്താന്‍ അത്യുത്സാഹം കാണിച്ചതിന്റെ പേരില്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ വിശദീകരിച്ച്‌ നശിപ്പിക്കുന്ന സ്വഭാവം ജൂതന്മാരുടെ മുഖമുദ്രയായിരുന്നു. ഖുര്‍ആന്‍ പറയുന്നു
من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غيرمسمع وراعنا ليا بألسنتهم وطعنا في الدين ولو أنهم قالوا سمعنا وأطعنا واسمع وانظرنا لكان خيرا لهم وأقوم ولكن لعنهم الله بكفرهم فلايؤمنون الاقليلا (النساء 46

യഹൂദികളില്‍ ഒരു വിഭാഗമുണ്ട്‌ അവര്‍ വാക്കുകളെ അതിന്റെ ശരിയായ സ്ഥാനങ്ങളില്‍ നിന്ന് തെറ്റിക്കും അവരുടെ നാവുകള്‍ കൊണ്ട്‌ വളച്ചൊടിക്കുവാനും മതത്തെ കുറിച്ച്‌ അധിക്ഷേപിക്കുവാനുമായി "'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു നീ കേള്‍പ്പിക്കപ്പെടാത്തവനായി കേള്‍ക്കുക"' എന്നും"റാഇനാ"എന്നും അവര്‍ പറയും എന്നാല്‍ അവര്‍ "ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു താങ്കള്‍ കേള്‍ക്കുകയും ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്താലും"എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അത്‌ അവര്‍ക്ക്‌ ഗുണകരമായതും ശരിയുമായിരുന്നു പക്ഷെ അവരുടെ സത്യ നിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌ അതിനാല്‍ അല്‍പം മത്രമേ അവര്‍
വിശ്വസിക്കുന്നുള്ളൂ( അന്നിസാഅ്46)
അപ്പോള്‍ ഗ്രന്ഥത്തിലെ തിരിമറിയും ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ എഴുന്നെള്ളിച്ച്‌ തെറ്റിദ്ധരിപ്പിക്കലും ജൂത വേലയായിരുന്നു. അതേ ശൈലി സ്വീകരിക്കുന്നവരെ ഇസ്‌ലാമിന്റെ പേരിലും കാണുമ്പോള്‍ നാം ശരിക്കും സൂക്ഷ്മതയോടെ കാര്യങ്ങള്‍ വിലയിരുത്തുകയും പൂര്‍വ്വ സൂരികളുടെ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനങ്ങളെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുകയും ചെയ്യണം. മേല്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി(റ) പറയുന്ന വാക്കുകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌
أن المراد بالتحريف :القاء الشبه الباطلة والتأويلات الفاسدة وصرف اللفظ عن معناه الحق الي معنى باطل بوجوه الحيل اللفظية كمايفعله أهل البدعة في زماننا هذا بالايات المخالفة لمذاهبهم وهذا هو الأصح ( الرازي10/103

തഹ്‌രീഫ്‌(തിരിമറി)എന്നതിന്റെ ഉദ്ദേശം അസത്യമായ സംശയങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും അവതരിപ്പിക്കുകയും വാക്കുകളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിന്ന് മാറ്റി ഭാഷാപരമായ ചില പൊടിക്കൈകള്‍ പ്രയോഗിച്ച്‌ സത്യവിരുദ്ധമായ അര്‍ത്ഥങ്ങളിലേക്ക്‌ തിരിക്കുകയും ചെയ്യുക എന്നാണ്‌. നമ്മുടെ കാലഘട്ടത്തിലെ നവീനവാദികള്‍ അവരുടെ തെറ്റായ ആശയങ്ങള്‍ക്ക്‌ എതിരായ സൂക്തങ്ങളെ തിരിമറി നടത്തുന്നത്‌പോലെ തന്നെ! ഇതാണ്‌ ശരിയായ അഭിപ്രായം (തഫ്സീര്‍ റാസി 10/103)


ഇതിനു എത്ര ഉദാഹരണം വേണമെങ്കിലും നമുക്ക്‌ പറയാന്‍ സാധിക്കും. അല്ലാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് വിശദീകരിച്ച ആയത്തുകള്‍ എടുത്ത്‌ വെച്ച്‌ എല്ലാ കാലത്തുമുണ്ടായിരുന്ന മുസ്‌ലിംകള്‍ നിരാക്ഷേപം ചെയ്ത്‌ വരുന്ന സഹായതേട്ടം ശിര്‍ക്കാക്കാന്‍ വെമ്പുന്ന നവീന വാദികള്‍ ഈ ജൂതരുടെ ഗ്രന്ഥത്തിലെ തിരിമറി അങ്ങനെ തന്നെ പകര്‍ത്തിയതാണെന്ന് വ്യക്തമല്ലേ! ഈ ദുര്‍വ്യാഖ്യാനം വളരെ മുമ്പ്‌ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കുന്നത്‌ കാണാം. അലി(റ) വിനെതിരില്‍ രംഗത്ത്‌ വന്ന അന്നത്തെ പുത്ത വാദികളായിരുന്നു ഖവാരിജുകള്‍. അവരെ കുറിച്ച്‌ നബി(സ്വ) യുടെ പ്രിയപ്പെട്ടസ്വഹാബി ഇബ്നു ഉമര്‍ (റ)ല്‍ നിന്ന് ഇമാം ബുഖാരി (റ) പറയുന്നു.

وكان ابن عمر يراهم شرار خلق الله وقال :انهم انطلقوا الي ايات نزلت في الكفار فجعلوها علي المؤمنين
(صحيح البخاري باب قتل الخوارج والملحدين بعد اقامة الحجة عليهم)

ഇബ്നു ഉമര്‍ (റ) ഖവാരിജുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ചീത്തയാണെന്ന് അഭിപ്രായപ്പെടുകയും അവിശ്വാസികളെ കുറിച്ച്‌ ഇറങ്ങിയ സൂക്തങ്ങള്‍ സത്യവിശ്വാസികളുടെ മേല്‍ കെട്ടി വെക്കുന്നവരാണവര്‍ എന്ന് പറയുകയും ചെയ്തു(സ്വഹീഹുല്‍ ബുഖാരി )
അതായത്‌ ഖുര്‍ആന്‍ ആയത്തോതി അലി(റ) കാഫിറാണെന്ന് അവര്‍ ആരോപിച്ചു..

വ്യക്തമായ തിരിമറി! ഇസ്തിഗാസ: ശിര്‍ക്കാക്കാന്‍ ആ ഖവാരിജുകളുടെ വഴി സ്വീകരിച്ച്‌ നമ്മുടെ കാലഘട്ടത്തിലുള്ള നവീന വാദികളും അത്‌ തന്നെ ചെയ്യുന്നു..അല്ലാഹു അല്ലാത്ത ആരാധ്യരെ സമീപിക്കരുതെന്ന് പറഞ്ഞ സൂക്തങ്ങളാണ്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ സമീപിക്കുന്ന വിശ്വാസികള്‍ക്കെതിരില്‍ ഓതുന്നത്‌! ജൂത തിരിമറിയും ഖവാരിജിന്റെ സ്വഭാവവുമായ ഈ ജോലിയുമായി മുന്നോട്ട്‌ പോയാല്‍ അല്ലാഹുവിന്റെ കോപത്തിനര്‍ഹരാവേണ്ടി വരുമെന്ന കാര്യം അത്തരക്കാരെ ഓര്‍മ്മപ്പെടുത്താന്‍ ഈ സമയം ഗുണകാംക്ഷയുടെ പേരില്‍ ഉപയോഗപ്പെടുത്തട്ടെ.