അദ്ധ്യായം 1 (ഫാത്തിഹ) സൂക്തം 1 (ബിസ്മി)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ എല്ലാനാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു.
ഫാത്തിഹയിലെ ഒന്നാമത്തെ സൂക്തമായ ബിസ്മി ധാരാളം കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. വിശ്വാസിയുടെ എല്ലാ സല്‍കാര്യങ്ങളും ആരംഭിക്കേണ്ടത് ബിസ്മി കൊണ്ടാണെന്ന് നബി വചനത്തില്‍ കാണാം. ബിസ്മി കൊണ്ടാരംഭിക്കാത്ത എല്ലാ ശ്രദ്ധേയമായ കാര്യങ്ങളും അനുഗ്രഹശൂന്യമായിരിക്കും. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അഊദു ഓതണമെന്ന് മുമ്പ് നാം പറഞ്ഞല്ലോ. പാരായണത്തിന്റെ തുടക്കത്തില്‍ ബിസ്മിയും ഓതണം അഥവാ പാരയണത്തിന്റെ ഭാഗമാണ്‌ബിസ്മി. ആദ്യമിറങ്ങിയ ഖുര്‍ആന്‍ വചനം തന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ ഓതുക എന്നാണല്ലോ !
അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നു എന്നത് അതാത് വിഷയത്തോട് ചേര്‍ത്ത് മനസ്സിലാക്കണം. അഥവാ ഖുര്‍ആന്‍ പാരായണ സമയത്ത് ബിസ്മി ചൊല്ലിയാല്‍ പാരായണമാരംഭിക്കുന്നുവെന്നും, ഭക്ഷണം കഴിക്കുമ്പോള്‍ ചൊല്ലിയാല്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നുവെന്നും മനസിലാക്കണം. താന്‍ ചെയ്യാനുദ്ദേശിക്കുന്ന ഏത് കാര്യവും ചെയ്തു തീര്‍ക്കാനോ വിജയിപ്പിക്കാനോ സ്വന്തമായ കഴിവോ കാര്യമോ ഇല്ലാത്തവനാണ് താനെന്നും പ്രത്യുത കരുണാമയനായ നാഥന്റെ അനുഗ്രഹം കൊണ്ട് മാത്രമേ തനിക്കിത് വിജയിപ്പിക്കാന്‍ കഴിയുകയുള്ളുവേന്നും ഉറച്ച് വിശ്വസിക്കുന്ന മനുഷ്യന്‍ ബിസ്മി ചൊല്ലുമ്പോള്‍ തന്റെ അടിമത്വവും നാഥന്റെ ഉടമാവകാശവും വ്യക്തമായി പ്രകാശിപ്പിക്കുന്നു. താന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്റെ സഹായം വന്നെത്താന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. കാരണം അവന്‍ റഹ്‌മാനാണല്ലോ!
അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. ആനാമങ്ങള് പറഞ്ഞ്കൊണ്ട് അല്ലാഹുവോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക എന്ന് ഖുര്‍ആന്‍(അല്‍ അ.അ്റാഫ് :180) പറയുന്നു. പൈശാചിക ബാധയില്‍ നിന്ന് രക്ഷപ്പെടാനും തന്റെ ഖുര്‍ആന്‍ പാരായണം കുറ്റമറ്റതാക്കാനും അല്ലാഹു, റഹ്‌മാന്‍ , റഹീം, ഉള്‍പ്പെടെയുള്ള നാമങ്ങള്‍ പറഞ്ഞ് കാവലിനെ തേടുന്ന വിശ്വാസി ദൈവിക സഹായത്തിന് അര്‍ഹനാവുക തന്നെ ചെയ്യും. ഇത്കൊണ്ട് തന്നെയാണ് എല്ലാ വിഷയത്തിലും ബിസ്മി കൊണ്ട് ആരംഭിക്കാന്‍ നിര്‍ദ്ദേശമുണ്ടായതും.
അല്ലാഹുവിന് മഹത്തായ നാമം(അല്‍ -ഇസ്മുല്‍ അഅ്ളം)ഉണ്ട് അതേതാണെന്ന വിഷയത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. അത് കൊണ്ട് (അല്‍ -ഇസ്മുല്‍ അഅ്ളംകൊണ്ട് )പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ഉറപ്പെന്നാണ് പണ്ഡിത മതം. അസ്മാ-ഉല്‍ ഹുസ്നാ എന്ന തൊണ്ണൂറ്റൊമ്പത് നാമം പഠിക്കുന്നവന് സ്വര്‍ഗം ഉറപ്പാണെന്ന നബി വചനം ഇത്തരുണത്തില്‍ സ്മര്യമാണ്.
അള്ളാഹു എന്ന നാമം
പടച്ചവന്റെ പേരാണ് അല്ലാഹു എന്നത്. യഥാര്‍ത്ഥത്തില്‍ ആരധിക്കപ്പെടുന്നവന്‍ എന്നാണ് അതിന്റെ താല്‍പര്യം. ലോകത്ത് പലതും ആരാധിക്കപ്പെടുന്നു പക്ഷെ പടക്കുക (സൃഷ്ടിക്കുക) എന്ന ഗുണം അവക്കൊന്നുമില്ല. സ്വതന്ത്രമായ കഴിവും കാര്യവും ഇല്ല. അതിനാല്‍ ഏറ്റവും വലിയ താഴ്മ എന്ന ആരാധനക്കും അവയൊന്നും അര്‍ഹമല്ല. അല്‍ ഇലാഹ് എന്നതില്‍ നിന്നാണ് അല്ലാഹു എന്ന ഒറ്റ പദം ഉണ്ടായത്. അപ്പോള്‍ യഥാര്‍ത്ഥ ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ അല്ലാഹു എന്ന നാമം പടച്ചവന് മാത്രം സ്വന്തം.
യഥാര്‍ത്ഥത്തില്‍ ആരാധിക്കപെടുന്നവനാണ്(പരമമായ വണക്കം അര്‍പ്പിക്കപ്പെടുന്നവന്‍)അല്ലാ
അല്‍ -റഹ്‌മാന്‍
വല്ലാതെ കരുണ ചെയ്യുന്നവന്‍ എന്നാണിതിന്റെ താല്‍പര്യം. ഇഷ്ടനെന്നോ ദുഷ്ടനെന്നോ വകഭേദമില്ലാതെ ഭൂമിയില്‍ എല്ലാവരേയും അനുഗ്രഹിക്കുന്നവനാണ് അല്ലാഹു. തന്റെ ആസ്തിക്യം തന്നെ ചോദ്യം ചെയ്യുന്നവനും ആവശ്യമുള്ളതൊക്കെ അവന്‍ ഇവിടെ നല്‍കുന്നു. അത് കൊണ്ട് തന്നെ മത വിശ്വാസികള്‍, വിശ്വാസികളല്ലാത്തവരെ കൊന്നൊടുക്കുന്നവരോ മറ്റുള്ളവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നില്‍ക്കുന്നവരോ ആവാന്‍ പാടില്ല. അല്ലാഹുവിനെ അനുസരിക്കാത്തതിനുള്ള ശിക്ഷ ഭൂമിയില്‍ വെച്ച് നല്‍കുക എന്ന നയം അല്ലാഹു സ്വീകരിച്ചിട്ടില്ലെങ്കില്‍ പിന്നെ മതത്തിന്റെ പേരില്‍ അത്തരം ഒന്ന് മുസ്ലിം സ്വീകരിക്കാമോ എന്നത് ഗൗരവമായി ആലോചിക്കണം. "ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ" എന്ന ഖുര്‍ആനികാദ്ധ്യാപനം എന്തു മാത്രം ചിന്തനീയമാണ്. സമകാലിക സമൂഹത്തില്‍ വിശേഷിച്ചും. അപ്പോള്‍ ഭൂമിയില്‍ ലഭിക്കുന്ന അംഗീകാരങ്ങളും സൗകര്യങ്ങളും അല്ലാഹു നമ്മെ ഇഷ്ടപെടുന്നുണ്ടെന്നതിന്റെയോ, അനുഭവിക്കേണ്ടി വരുന്ന വ്യഥയും പ്രയാസങ്ങളും അവനു നമ്മോട് വെറുപ്പുണ്ടെന്നതിന്റെയോ രേഖയല്ല ! അതിനാല്‍ ഈ ലോകത്ത് ലഭിക്കുന്ന സന്തോഷങ്ങളില്‍ മതിമറന്ന് അഹങ്കാരിയാവാനോ വിഷമങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ആത്മഹത്യ ചെയ്യാനോ വിശ്വാസിക്ക് സാധ്യമല്ല. കാരണം ഈലോകം പരീക്ഷണത്തിന്റേതാണ്, പ്രതിഫലത്തിന്റേതല്ല.
അല്‍ റഹീം. (കരുണ ചെയ്യുന്നവന്‍ )
ഇവിടെ പറയുന്ന കരുണ പരലോകത്താണ്. ഭൂമിയിലെ കാരുണ്യവും അതിന്റെ വിശാലതയും അല്‍ റഹ്‌മാന്‍ എന്നതില്‍ നാം കണ്ടല്ലോ. ഭൂമിയില്‍ അവന്റെ ഇഷ്ടം കരസ്ഥമാക്കാന്‍ അദ്ധ്വാനിക്കുന്നവരെ മാത്രമാണ് പരലോകത്ത് അവന്‍ അനുഗ്രഹിക്കുന്നത്. കാരണം ഭൂമിയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുകയും നിങ്ങളല്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുന്നവന്‍(അവന്റെ ഇഷ്ടം കരസ്ഥമാക്കാനാവശ്യമായ സത്യ വിശ്വാസവും സത്കര്‍മ്മങ്ങളും അനുഷ്ടിക്കുന്നവര്‍)എന്ന് പരീക്ഷിക്കാനാണ് താന്‍ തീരുമാനിച്ചതെന്നും ഈ പരീക്ഷ പാസാവാന്‍ ദൈവഹിതം മനസ്സിലാക്കി ഭൂമിയില്‍ ലക്ഷ്യബോധമുള്ള ജീവിതം നയിക്കലാണ് മാര്‍ഗമെന്നും അവന്‍ മുന്നറിയിപ്പ് നല്‍കി. ജീവിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയവന്‍ ജീവിതത്തിന്റെ ശരിയായ പാതയും കാണിച്ച് തന്നു. അത് കണ്ടെത്താനുള്ള വിശേഷബുദ്ധിയും നല്‍കി. ഇനിയും അവനെ പരിഹസിച്ചും വെല്ലുവിളിച്ചും നടക്കുന്നത് അക്രമമല്ലേ? എന്നിട്ടും വെല്ലുവിളിച്ചവന് മാറി ചിന്തിക്കാനും നന്മയിലേക്ക് കടന്നു വരാനും അവസരങ്ങള്‍ ധാരാളം അവന്‍ നല്‍കിയത് കൊണ്ടാണ് പെട്ടെന്ന് ശിക്ഷിച്ച് അക്രമികളെ അവന്‍ ഇല്ലായ്മ ചെയ്യാതിരുന്നത്. ഇത്രയൊക്കെ സാവകാശം നല്‍കിയിട്ടും അതുള്‍ക്കൊള്ളാത്തവനെ പരലോകത്തും സുഖത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് പറയുന്നത് പരിഹാസ്യമാണ്. അത് കൊണ്ടാണ് പരലോകം തന്റെ ഇഷ്ടദാസര്‍ക്ക് മാത്രം സുഖിക്കാനായി അവന്‍ മാറ്റിവെച്ചത്. അപ്പോള്‍ ബുദ്ധിയുള്ള മനുഷ്യൻന്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും അനശ്വരമായ പരലോക ജീവിതം സന്തോഷകരമാക്കാന്‍ അവന്റെ (അല്ലാഹുവിന്റെ) ഇഷ്ടത്തിനനുസരിച്ചു ഇവിടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ്.
ചുരുക്കത്തില്‍ ബിസ്മി മുഴുവനായി വിശകലനം ചെയ്താല്‍ , ഒന്നിനും സ്വന്തമായി കഴിയാത്ത മനുഷ്യന്, എല്ലാം നല്‍കി അനുഗ്രഹിച്ച നാഥന്‍ പകരമായി അവനെ അനുസരിക്കാന്‍ നമ്മോട് കല്‍പ്പിക്കുന്നുവെന്നും, കല്‍പന പാലിച്ചാലും ഇല്ലെങ്കിലും അവന്റെ അനുഗ്രഹത്തിന്റെ സ്വാദ് ഇവിടെ അവന്‍ അടിമകള്‍ക്ക് നല്‍കുമെന്നും, കല്‍പന പാലിച്ചവനെ പരലോകത്ത് ആര്‍ക്കും ഊഹിക്കാനാവാത്ത സുഖത്തിലേക്ക് ആനയിക്കുമെന്നും വ്യക്തമായി. ഇനി വിശേഷബുദ്ധിയുള്ള മനുഷ്യനാണ് ചിന്തിക്കേണ്ടത്. ഞാന്‍ നശ്വരലോകത്തെ താല്‍ക്കാലിക സുഖത്തിന് വേണ്ടി അനശ്വര സൗഭാഗ്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നത് ബുദ്ധിപരമാണോ എന്ന്.
അല്ലാഹുവിന്റെ നാമങ്ങളെല്ലാം മഹത്വമുള്ളതാണെന്നും അതിനെ അവഗണിക്കാന്‍ വിശ്വാസിക്ക് സാധ്യമല്ലെന്നും ആ നാമമഹത്വം കൊണ്ട് ദൈവസാന്നിധ്യം ലഭിക്കുന്നവര്‍ക്ക് സാധിക്കാത്ത കാര്യങ്ങളില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വളരെ ദൂരെയുള്ള ബല്‍ഖീസിന്റെ സിംഹാസനം മൈക്രോ സെക്കന്റ്കൊണ്ട് സുലൈമാന്‍ നബി(അ)യുടെ അടുത്തെത്തിച്ച ആസഫ് എന്ന മഹാന്‍ അല്ലാഹുവിന്റെ മഹാനാമം ജപിച്ചതിലൂടെയാണിത് കരസ്ഥമാക്കിയത്. നൂഹ് നബി(അ)ന്റെ കപ്പലിന്റെ നിയന്ത്രണം മുഴുവന്‍ ബിസ്മിയിലൂടെയായിരുന്നു. റോം ചക്രവര്‍ത്തി കൈസറിന് വിട്ട് മാറാത്ത തലവേദന വന്നപ്പോള്‍ ഉമര്‍ ബിന്‍ ഖത്വാബ്(റ)നോട് അദ്ദേഹം മരുന്ന് കൊടുത്തയക്കാന്‍ ആവശ്യപ്പെടുകയും ഉമര്‍ (റ) ഒരു തൊപ്പി കൊടുത്തയക്കുകയും ചെയ്തു. അത് ധരിച്ചാല്‍ തലവേദന മാറും ഒഴിവാക്കിയാല്‍ വേദന വരും. ചക്രവര്‍ത്തിക്ക് അതിശയം തോന്നുകയും തൊപ്പി പരിശോധിക്കുകയും ചെയ്തു. ബിസ്മില്ലാഹി എന്നെഴുതിയ കടലാസ് അകത്ത് കണ്ടു. അല്ലാഹുവിന്റെ നാമങ്ങള്‍ എഴുതിയ ഏലസ്സ് ആകാം എന്നും ഫലപ്രദമാണെന്നും വ്യക്തം. ഖാലിദ് ബിന്‍ വലീദിനെ വെല്ലുവിളിച്ച ശത്രുവിനു മുന്നില്‍ അവന്‍ കൊണ്ട് വന്ന വിഷം ബിസ്മി ചൊല്ലി കുടിച്ചിട്ട് തനിക്കൊരപകടവും പറ്റാത്തത് പ്രസിദ്ധമാണ്. ബിസ്മിയുടെ മഹത്വം ഇങ്ങനെ നീളുന്നു. വീട്ടിലേക്ക് വരുമ്പോഴും ഭക്ഷണ പാനിയങ്ങള്‍ ഭുജിക്കുമ്പോഴും പുതിയ വസ്ത്രം ധരിക്കുമ്പോഴും സംയോഗത്തിനൊരുങ്ങുമ്പോഴും എന്ന് വേണ്ട എല്ലാ കുറ്റകരമല്ലാത്ത കാര്യങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ട ബിസ്മിയുടെ മഹത്വം നാം ഓര്‍ക്കുക. നാഥന്‍ തുണക്കട്ടെ. ആമീന്‍ ..