അദ്ധ്യായം 107- സൂക്തം 6

6. الَّذِينَ هُمْ يُرَاؤُونَ
അതെ.മറ്റുള്ളവരെ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നവര്‍ .
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്നാല്‍ അവര്‍ നിസ്ക്കരിക്കുന്നതും മറ്റ് നല്ല കാര്യങ്ങള്‍ ചെയ്യുന്നതും അള്ളാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചോ,ശിക്ഷയെ തൊട്ട് ഭയപ്പെട്ടിട്ടോ അല്ല. മറിച്ച് ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ്.അവര്‍ മനസ്സില്‍ വിശ്വാസമില്ലാത്ത കപടന്മാരാണ്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു. ‘ജനങ്ങളെ കാണിക്കുക എന്ന رياءഎന്നതിന്റെ ആശയം ആരാധന കൊണ്ടും മറ്റും ജനമനസില്‍ സ്ഥാനം ആഗ്രഹിക്കലാണ്.അത് പല രൂപത്തിലും ഉണ്ടാകും. (1) ശരിയായ മാര്‍ഗം പിന്തുടരും.പക്ഷെ അത് അള്ളാഹുവിന്റെ പൊരുത്തത്തിനായിരിക്കില്ല മറിച്ച് സമൂഹത്തിന്റെ പ്രശംസയും സ്ഥാനവും ലഭിക്കല്‍ ആയിരിക്കും ലക്ഷ്യം (2)പരുക്കന്‍ വസ്ത്രം ധരിക്കും.കുറഞ്ഞ വസ്ത്രത്തിലൊതുക്കും.അങ്ങനെ താന്‍ ദുനിയാവുമായി ഒരു ബന്ധവുമില്ലാ‍ാത്ത ആളാണെന്ന് വരുത്തലായിരിക്കും ലക്ഷ്യം പക്ഷെ മനസ് നിറയെ പൊങ്ങച്ചമായിരിക്കും. (3) വാക്കുകളിലുള്ള ലോക മാന്യം .അതായത് ഭൌതികന്മാരോട് തനിക്ക് ശക്തമായ വെറുപ്പുണ്ടെന്ന് വരുത്തുന്ന-അവര്‍ക്ക് നന്മ നഷ്ടപ്പെടുന്നതില്‍ യാതൊരു ശ്രദ്ധയുമില്ലെന്ന് വരുത്തുന്ന –വാക്കുകള്‍ പറയും മനസ് നിറയെ ഭൌതികതയോടുള്ള താല്പര്യമായിരിക്കും (4)നിസ്ക്കാരം അടക്കമുള്ള ആരാധനകള്‍ ഭംഗിയാക്കിക്കൊണ്ടുള്ള ലോക മാന്യം .ആളുകളെ കാണിക്കാനായി നന്നായി പ്രവര്‍ത്തിക്കുക.ആരും കാണുന്നില്ലെങ്കില്‍ ഒന്നിലും ശ്രദ്ധയുണ്ടാകില്ല(ഖുര്‍ത്വുബി20/154)

ആളുകളെ കാണിക്കാനായി ചെയ്യുന്ന ഒരു കര്‍മ്മവും അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യമല്ല.ആളുകളെ കാണിക്കാനായി കര്‍മ്മം ചെയ്യല്‍ കപടന്റെ ലക്ഷണമാണെന്നാണ് ഇവിടെ ഉണര്‍ ത്തുന്നത്.