2. حَتَّى زُرْتُمُ الْمَقَابِرَ
നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നത് വരെ.
ഈ പെരുമ നടിക്കല്‍ ; മരണം വരെയും നിങ്ങള്‍ തുടരും എന്നാണ് അള്ളാഹു ഉണര്‍ത്തുന്നത്. ഖബ്‌റുകള്‍ സന്ദര്‍ശിക്കുക എന്നതിന്റെ താല്പര്യം നിങ്ങള്‍ ഖബ്റില്‍ ആകുക എന്നത്രെ!
അതായത് ഭൌതികതയുടെ വികാസത്തിനായി മാത്രം ജീവിക്കുന്ന മനുഷ്യന്‍ ഈ പ്രവര്‍ത്തനം മരണം വരെ തുടരുമെന്നും മരണ ശേഷം ജീവിതത്തിലെ അരുതായ്മകളുടെ പേരിലുള്ള ശിക്ഷകള്‍ താന്‍ നേരിടേണ്ടി വരുമെന്നുമാണ്. അപ്പോള്‍ അവന്‍ വിലപിക്കും അത് വരെ ഈ ഒരു അവസ്ഥയെ കുറിച്ച് അവന്‍ വിസ്മരിക്കും
ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു. "ഖബര്‍ സന്ദര്‍ശനം കടുത്ത മനസുകള്‍ക്കുള്ള ഏറ്റവും വലിയ ഔഷധമാണ്. അത്യാഗ്രഹം ഒഴിവാക്കാനും ദുനിയാവിനെ സ്നേഹിക്കാതിരിക്കാനും അത് പ്രേരണ നല്‍കും, നിങ്ങള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം നേരത്തേ ഞാന്‍ വിലക്കിയിരുന്നു. ഇനി നിങ്ങള്‍ ഖബ്റുകള്‍ സന്ദര്‍ശിക്കുക കാരണം അത് നിങ്ങളെ ഭൂമിയില്‍ പ്രബഞ്ച ത്യാഗികളും പരലോകത്തെ ചിന്തിപ്പിക്കുന്നവരുമാക്കും എന്ന നബിവചനം ഇവിടെ പ്രസക്തമാണ്(ഖുര്‍ത്വുബി20/123)
പണ്ഡിതന്മാര്‍ പറയുന്നു. മനസിനെ ചികിത്സിച്ച് ഭൌതിക പ്രേമത്തില്‍ നിന്ന് നാഥനെ അനുസരിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാ രസങ്ങളെയും മുറിച്ച് കളയുന്ന, സംഘത്തില്‍ നിന്ന് തന്നെ വേര്‍പെടുത്തി കൊണ്ട് പോകുന്ന, മക്കളെ അനാഥരാക്കുന്ന, മരണം എന്ന യാഥാര്‍ത്ഥ്യത്തെ നന്നായി ഓര്‍ക്കുക. മരണാസന്നരെ (ആ അവസ്ഥയില്‍ ) കാണാന്‍ ശ്രദ്ധിക്കുക. മരണപ്പെട്ട മുസ്‌ലിംകളുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഹൃദയം കടുത്തവര്‍ക്കും ദോഷം പതിവാക്കിയവര്‍ക്കും ഫലപ്രദമായ ചികിത്സയാണ്. അതായത് എത്ര വലിയവനും മരിക്കുന്നു അതില്‍ നിന്ന് അവനു രക്ഷപ്പെടാനാവുന്നില്ല . രംഗബോധമില്ലാതെ എല്ലാവരിലേക്കും കടന്ന് വരുന്ന സത്യമാണ് മരണം ഇത് ഓര്‍ത്താല്‍ നന്നാവാന്‍ കഴിയും. മരണാസന്നനായ മനുഷ്യന്റെ നിസഹായത കാണുമ്പോഴും ഭൂമിയിലെ നമ്മുടെ അലക്ഷ്യമായ ജീവിതത്തില്‍ നിന്ന് മാറാന്‍ പ്രേരണ നല്‍കും .ശാന്ത ഗംഭീരമായ മൂകത തളം കെട്ടി നില്‍ക്കുന്ന ഖബ്‌ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഇവരൊക്കെ എത്ര വലിയ സംവിധാനത്തോടെ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നിട്ടും ഖബ്‌റാകുന്ന കല്ലറയില്‍ അവനിപ്പോള്‍ ഏകനായി കഴിയുന്നു ഇത് എനിക്കും വരാനുള്ള സംഭവമാണ് .ഇത് ചിന്തിച്ച് നന്നാവാന്‍ കഴിയാത്തവര്‍ ഒന്നും മനസിലാവാത്തവനാണ്.
ഭൌതിക ജീവിതത്തില്‍ എത്ര തന്നെ നമുക്ക് സുഖ സൌകര്യങ്ങള്‍ ലഭിച്ചാലും അതില്‍ നിന്ന് അവന്‍ ഉപയോഗപ്പെടുത്തുന്നത് വളരെ കുറഞ്ഞ ഭാഗം മാത്രമാണ് അതും ചുരുങ്ങിയ കാലത്തേക്ക് മാത്രം!പിന്നെ അത് മുഴുവനും മറ്റുള്ളവര്‍ക്ക് വിട്ട് കൊടുത്ത് അവന്‍ വെറും കയ്യോടെ യാത്രയാവുന്നു ഇതാണ് ഭൌതിക ജീവിതത്തിന്റെ സ്വഭാവമെങ്കില്‍ അതിന്റെ പേരില്‍ പെരുമ നടിക്കാനും എന്നാല്‍ എന്നെന്നും ജീവിക്കേണ്ട പരലോകത്തെ വിസ്മരിക്കാനും മനുഷ്യന്‍ തയാറാകുന്നത് വ്യക്തമായ വിവര ദോഷം തന്നെ. ഈ വിഡ്ഡിത്തം തുടരുന്ന മനുഷ്യര്‍ക്കുള്ള ശക്തമായ താക്കീതാണ് തുടര്‍ന്ന് അള്ളാഹു പറയുന്നത്.