അദ്ധ്യായം1 -സൂക്തം 2

സൂക്തം രണ്ട്‌. اَلْحَمْدُ للّهِ رَبِّ الْعَالَمِينَ

(അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ )
സര്‍വ്വസ്തുതിയും ലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

ഫാതിഹ പ്രധാനമായും അല്ലാഹുവോടുള്ള അപേക്ഷയാണ്‌. അപേക്ഷക്ക്‌ മുമ്പ്‌ സാധാരണയായി ചില ഉപചാരങ്ങ
ള്‍ ഉണ്ടാവും. സര്‍ , യുവര്‍ ഹോണര്‍ പോലെ. അപേക്ഷ സമര്‍പ്പിക്കപ്പെടുന്ന കേന്ദ്രമേതോ അതിനോട്‌ കാണിക്കുന്ന വിധേയത്വമാണ്‌ ഈ ഉപചാരം. അതിന്‌ ശേഷം അപേക്ഷ സമര്‍പ്പിക്കും. ഇത്‌ പോലെ ബിസ്മി മുതല്‍ ഇയ്യാക വരെ ഉപചാരമാണ്‌. ഹംദ്‌ (സ്തുതി) കൊണ്ട്‌ കാര്യങ്ങള്‍ തുടങ്ങണം എന്ന് നിര്‍ദ്ദേശമുണ്ട്‌. ബിസ്മി കൊണ്ട്‌ തുടങ്ങാന്‍ നിര്‍ദ്ദേശമുള്ള പോലെ. അപ്പോള്‍ രണ്ട്‌ കൊണ്ടും (ബിസ്മിയും, ഹംദും) കൂടി എങ്ങനെ തുടങ്ങാനാവും എന്ന സംശയം വരാം. ഹംദ്‌ കീര്‍ത്തനമാണല്ലോ ബിസ്മിയില്‍ . റഹ്‌മാന്‍ , റഹീം എന്നത്‌ കൊണ്ട്‌ കീര്‍ത്തനം സാധ്യമാക്കി അതോടെ തത്വത്തില്‍ രണ്ട്‌ കൊണ്ടും തുടങ്ങലായി. അതിന്‌ പുറമെ ബിസ്മി കൊണ്ടും ഹംദ്‌ കൊണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശിച്ച അല്ലാഹുവും റസൂലും ആദ്യം ബിസ്മിയും പിന്നെ ഹംദും ചെയ്യാന്‍ കല്‍പിച്ചതിലൂടെ ഏറ്റവുമാദ്യം പരിഗണിക്കേണ്ടത്‌ ബിസ്മിയാണെന്നും വ്യക്തമായി.

മനുഷ്യ പിതാവ്‌ ആദം(അ) ആദ്യമായി പറഞ്ഞ വാക്ക്‌ അല്‍ഹംദുലില്ലാഹ്‌ എന്നാണെന്നും സ്വര്‍ഗാവകാശിക
ള്‍ക്ക്‌ അവസാനമായി പറയാനുള്ളത്‌ അല്‍ഹംദുലില്ലാഹ്‌ എന്നാണെന്നും ഇസ്‌ലാം വ്യക്തമാക്കുമ്പോള്‍ ലോകാരംഭവും ലോകാവസാനവും ഹംദുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്ന് മനസ്സിലാക്കുകയും വിശ്വാസി തന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭവും അവസാനവും ഹംദുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കണമെന്നും മനസിലാക്കാം. ഇത്‌ കൊണ്ടാണ്‌ വിശ്വാസികള്‍ അവരുടെ വിഷയങ്ങള്‍
ഫാത്തിഹ ചൊല്ലി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്‌.

ഹംദ്‌-അഥവാ സ്തുതി എന്നാല്‍ എന്ത്‌? സ്വമേധയാ ചെയ്യുന്ന സുകൃതത്തിന്റെ പേരില്‍ ഒരാളെ കീര്‍ത്തിക്കുക എന്നാണ്‌ ഇതിന്റെ ആശയം. ഇത്‌ നാല്‌ രൂപത്തില്‍ കാണാം 1) സൃഷ്ടാവ്‌ സ്തുതിക്കുക 2) സൃഷ്ടി സൃഷ്ടാവിനെ സ്തുതിക്കുക. 3) സൃഷ്ടാവ്‌ സൃഷ്ടിയെ സ്തുതിക്കുക. 4) സൃഷ്ടി സൃഷ്ടിയെ സ്തുതിക്കുക. എന്നിങ്ങനെ. ഇത്‌ നാലും അല്ലാഹുവിന്‌ അവകാശപ്പെട്ടതാണെന്നാണ്‌ അല്‍ഹംദുലില്ലാഹ്‌ എന്നതിന്റെ താല്‍പര്യം. അഥവാ സ്വമേധയാ ചെയ്യുന്ന ഏതു സുകൃതവും ആരില്‍ നിന്നുണ്ടായാലും അത്‌ ചെയ്യാനുള്ള എല്ലാ കഴിവും അനുകൂലാവസ്ഥയും നല്‍കിയത്‌ അല്ലാഹുവാണ്‌. കാരണം അവനാണ്‌ എല്ലാം പരിപാലിക്കുന്നവന്‍ .
فمابكم من نعمة فمن الله
''നിങ്ങളില്‍ ഉള്ള എന്ത്‌ അനുഗ്രഹമുണ്ടോ എല്ലാം അല്ലാഹുവില്‍ നിന്നാകുന്നു'' എന്നാണ്‌ അല്ലാഹു പറഞ്ഞത്‌. അതിനാല്‍ ഏത്‌ വകുപ്പില്‍ വരുന്ന സുകൃതത്തിന്റെ പേരിലുള്ള കീര്‍ത്തനവും യഥാര്‍ത്ഥത്തില്‍ അവനു തന്നെ അവകാശപ്പെട്ടതാണ്‌. ഈ തത്വം മനസിലാക്കുന്ന വിശ്വാസി എന്ത്‌ നന്മ ചെയ്താലും അഹങ്കരിക്കുന്നതിന്‌ പകരം വിനയാന്വിതനാവുന്നത്‌ കാണാം. അല്ലാഹുവിനെ സ്തുതിക്കുന്നതില്‍ അലംഭാവം കാണിക്കുന്നത്‌ അല്ലാഹുവിന്‌ വെറുപ്പുള്ള കാര്യാമാണെന്ന് വിശ്വാസി മനസ്സിലാക്കണം. താന്‍ ഒന്നിന്റെയും സ്വതന്ത്രാവകശിയല്ലെന്നും. ! ഞാന്‍ അല്ലാഹുവെ സ്തുതിക്കുന്നു എന്നോ ഞങ്ങ
ള്‍ സ്തുതിക്കുന്നു എന്നോ പോലെയുള്ള ക്രിയാ വചനങ്ങള്‍(ഫിഅ്ലിയ്യായ ജുംല) പറയാതെ എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു എന്ന നാമ വചനം(ഇസ്മിയ്യായ ജുംല) പറഞ്ഞത്‌ ഈ ആശയം (സ്തുതി അല്ലാഹുവിന്ന് മാത്രം എന്നത്‌) സാര്‍വ്വ കാലികമാണെന്ന് തെളിയിക്കാനാണ്‌. അഥവാ അല്ലാഹു കഴിഞ്ഞ കാലത്ത്‌ ധാരാളം സ്തുത്യര്‍ഹമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ഇനിയും ചെയ്യുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

ഫാതിഹ; ഖുര്‍ആനിന്റെ ആമുഖമാവുമ്പോ
ള്‍ ഭൂത-വര്‍ ത്തമാന-ഭാവി കാലങ്ങളെ മൊത്തത്തില്‍ സ്പര്‍ശിക്കുക എന്നതും അനിവാര്യമാണ്‌. അപ്പോള്‍ എല്ലാവരും അറിഞ്ഞോ അറിയാതെയോ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേയിരിക്കുന്നുവെന്ന വസ്തുത ഈ വാചകത്തിലൂടെ ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്‌. ദൈവിക വചനങ്ങള്‍ക്കല്ലാതെ ഇത്രയും ആഴത്തിലേക്കിറങ്ങാനാവില്ലെന്നത്‌ തീര്‍ച്ച .

എല്ലാവരും സ്തുതിക്കുന്നില്ലല്ലോ അല്ലാഹുവിനെ. ? നിരീശ്വര നിര്‍മ്മത വാദിക
ള്‍ അല്ലാഹുവിനെ തന്നെ നിരാകരിക്കുമ്പോള്‍ പിന്നെ അവനെ സ്തുതിക്കുമോ എന്ന് സംശയം തോന്നാം. അവര്‍ അവന്‍ പോലുമറിയാതെ നിശ്ശബ്ദം അല്ലാഹുവിനെ സ്തുതിക്കേണ്ട ഗതികേടിലാണെന്നാണ്‌ നാം കാണുന്നത്‌. കാരണം അവര്‍ ക്കാവശ്യമായ വായു, വെള്ളം, ദൈവം ഇല്ലെന്നു പറയാന്‍ അവന്‍ ഉപയോഗപ്പെടുത്തിയ അവരുടെ തലച്ചോര്‍ ഒന്നും അവരോ അവരുടെ വേണ്ടപ്പെട്ടവരോ നിര്‍ മ്മിച്ചതല്ല. ഇവര്‍ വായുവും വെള്ളവും ഉപയോഗിച്ച്‌ ജീവിക്കുന്നതും ഹൃദയവും തലച്ചോറും ഉപയോഗിച്ച്‌ ചിന്തിക്കുന്നതും സ്വയം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു ഇതിന്റെയെല്ലാം ഉടമസ്ഥനാണ്‌ സര്‍വ്വ സ്തുതിയും എന്ന്. ഇതൊരു ഉദാഹരണത്തിലൂടെ നമുക്ക്‌ മനസിലാക്കാം. ഒരു വെള്ള കടലാസില്‍ നല്ല വൃത്തിയില്‍ വടിവൊത്ത ഒരക്ഷരം പതിയുമ്പോള്‍ പേനയെ മാത്രം നോക്കികാണുന്നവന്‍ ഇത്ര നല്ല എഴുത്ത്‌ ഉണ്ടാക്കുന്നത്‌ പേനയാണെന്ന് കരുതുന്നു. എന്നാല്‍ കുറച്ചു കൂടി ചിന്തിക്കുന്നവന്‍ ആ പേന ചിലവിരലുകളാല്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍ വിരലുക്കള്‍ക്കാണ്‌ ഈ എഴുത്തിന്റെ അവകാശം എന്ന് വിശ്വസിക്കുന്നു. കുറച്ച്‌ കൂടി ആഴത്തില്‍ ചിന്തിക്കുന്നവന്‍ വിരല്‍ കൈപ്പടത്തിലാണെന്നും കൈചലിച്ചത്‌ കൊണ്ടാണ്‌ പേനക്കും വിരലുകള്‍ക്കും ചലനമനുഭവപ്പെട്ടതെന്നും അതിനാല്‍ കയ്യിനാണ്‌ ഇതിന്റെ അവകാശമെന്നും സമ്മതിക്കുന്നു. വീണ്ടും ചിന്തിക്കുന്നവന്ന് കൈ തന്നെ ചലിപ്പിച്ച മറ്റൊരു ശക്തിയുണ്ടെന്ന് ബോധ്യമാവുകയും അതിനാല്‍ ഈ എഴുത്തിനെ ആ ശക്തിയുടേതായി അവന്‍ അംഗീകരിക്കുകയും ചെയ്യും. പിന്നെയും സജീവമായി ചിന്തിക്കുന്നവന്ന് ആശക്തി സ്വയം നിലനില്‍ക്കുന്നതല്ലെന്നും ഇച്ചിക്കുന്നവനും ചലിപ്പിക്കുന്നവനുമായ ഒരു വ്യക്തിയില്‍ നിന്നാണ്‌ അതുണ്ടാകുന്നതെന്നും മനസിലാകും. എന്നാല്‍ ശരിയായി കണ്ണ്‌ തുറന്ന് നാം കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ആവ്യക്തിയും അവന്റെ താല്‍ പര്യങ്ങളുമെല്ലാം അവന്റെ സ്വയം കഴിവുകളല്ലെന്നും മറിച്ച്‌ അല്ലാഹു അവനു നല്‍കിയതാണെന്നും ഇവന്റെ എഴുത്തും ഇവനെ തന്നെയും ആ അല്ലാഹുവാണ്‌ സൃഷ്ടിച്ചതെന്നും അല്ലാഹുവിന്റെ സഹായം കൊണ്ടാണ്‌ ഈ ഭംഗിയുള്ള എഴുത്ത്‌ കടലാസില്‍ പതിഞ്ഞതെന്നും അവനു ബോധ്യപ്പെടും. എങ്കില്‍ നല്ല എഴുത്തിന്റെ പേരില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ സ്തുതിക്കുന്നതും സ്തുതിക്കേണ്ടതും ഈ അല്ലാഹുവിനെയാണെന്ന് ബോധ്യപ്പെടും. ഇത്‌ തന്നെയാണ്‌ എല്ലാ സ്തുതിയും അല്ലാഹുവിന്നാണ്‌ എന്ന പ്രഖ്യാപനം മുഖേന തെളിയുന്നത്‌ എല്ലാ സ്തുതിയും അല്ലാഹുവിന്‌ എന്ന് പറഞ്ഞാല്‍ അല്ലാഹു അത്‌ അര്‍ഹിക്കുന്നുവെന്നും എല്ലാവരും അവനെ സ്തുതിക്കണമെന്നും മനസിലാവുന്നു. അഥവാ എല്ലാവരും അവനെ സ്തുതിക്കാന്‍ കടപെട്ടവരായതിനാല്‍ അവന്‍ അത്‌ നിര്‍വ്വഹിക്കണം. എന്നല്ലാതെ ആരും അവനെ സ്തുതിച്ചില്ലെങ്കില്‍ അല്ലാഹുവിനെന്തെങ്കിലും കുറവുണ്ടെന്നോ നാം സ്തുതിച്ചാല്‍ അവന്‍ രക്ഷപ്പെട്ടുവെന്നോ അതിനര്‍ത്ഥമില്ല. കാരണം സ്വയം പര്യാപ്തനും അന്യായശ്രയമില്ലാത്തവനുമാണവന്‍ . തന്നെ സ്തുതിക്കണമെന്ന് അവന്‍ കല്‍പ്പിക്കുന്നതിന്റെ താല്‍പര്യം തന്റെ അര്‍ഹത അംഗീകരിക്കുന്നതിലൂടെ നാം ആപുണ്യം ഉള്‍ക്കൊള്ളണമെന്നാണ്‌. അല്ലാഹുവിന്‌ കടം കൊടുക്കാന്‍ ആരുണ്ട്‌ ! എന്ന ചോദ്യം പോലെയാണിത്‌. അല്ലാഹു പൊളിഞ്ഞത്‌ കൊണ്ടോ തുലഞ്ഞത്‌ കൊണ്ടോ അല്ല മറിച്ച്‌ സൃഷ്ടികള്‍ നല്ല മാര്‍ഗത്തില്‍ ചിലവഴിച്ച്‌ പുണ്യം നേടാനാണ്‌ ആര് ആരെ സ്തുതിക്കുന്നതും അല്ലാഹുവിന്റെ ഇഷ്ടം ലക്ഷ്യം വെച്ചായിരിക്കണം അല്ലാതെ കാപട്യം മനസ്സില്‍ വെച്ച്‌ ആരെയും സുഖിപ്പിക്കാനാവരുത്‌ കാരണം ആ സ്തുതിയും ആത്യന്തികമായി അല്ലാഹുവിനു തന്നെയാണല്ലോ. അല്‍ ഹംദുലില്ലാഹ്‌ എന്നതില്‍ സ്തുതികള്‍ അല്ലാഹുവിന്‌ വേണ്ടിയാവണം എന്നൊരാശയവും നമുക്ക്‌ കാണാമല്ലോ.

ഇവിടെ ഒരു സംശയമുണ്ടാവാം. അല്ലാഹു ഖുര്‍ആനില്‍ പലയിടത്തും തന്റെ സ്തുതികീര്‍ത്തനങ്ങ
ള്‍ ആവര്‍ത്തിച്ചത്‌ 'തന്നെ പൊക്കി നയം' അല്ലേ ?എന്ന്. ഒരിക്കലുമല്ല കാരണം യഥാര്‍ത്ഥത്തില്‍ പൊങ്ങാത്തവനാണ്‌ പൊങ്ങാനും പൊക്കാനും ശ്രമിക്കുക അത്‌ പലപ്പോഴും പാളി പോവുകയും നിലവിലുള്ള പൊക്കത്തെ തന്നെ ബാധിക്കുകയും ചെയ്യും. അല്ലാഹു ഇതില്‍ നിന്നെല്ലാം പരിശുദ്ധനാണ്‌. എന്നാല്‍ പിന്നെ ഈ സ്തുതിയുടെ താല്‍പര്യം താന്‍ ആരാണെന്ന് നിഷേധികളെ ധരിപ്പിക്കലും വിശ്വാസികളെ അറിയിക്കലുമാണ്‌. ലോക ചരിത്രം പരിശോധിച്ചാല്‍ പല കള്ള ദൈവങ്ങളെയും കാണാം ഇവരെയെല്ലാം അല്ലാഹു വെല്ല് വിളിച്ചു. അവരെയൊക്ക അവന്‍ പാഠം പഠിപ്പിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളുടെ പരമേശ്വരനാണെന്ന് انا ربكم الأعلي വാദിച്ച ഫറോവയെ ചെങ്കടലില്‍ കൈകാര്യം ചെയ്തത്‌ ഇതിനുദാഹരണമാണ്‌. റബ്ബ്‌ എന്നതിന്‌ രക്ഷിതാവ്‌, പരിപാലകന്‍ എന്നെല്ലാം അര്‍ത്ഥം പറയാം പരിപാലിക്കണമെങ്കില്‍ ആദ്യം സൃഷ്ടിക്കണം. ഉള്ളതിനെയല്ലേ രക്ഷിക്കാനും പരിപാലിക്കാനും കഴിയൂ. ഉണ്ടാക്കലാണ്‌ സൃഷ്ടിക്കല്‍ . അല്ലാഹു എന്ന പദം അത്‌ ഉള്‍ക്കൊണ്ടു. അപ്പോള്‍ അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നാല്‍ ലോകം സൃഷ്ടിച്ച്‌ പരിപലിക്കുന്നവന്‌ സവ്വ സ്തുതിയും എന്നായി സൃഷ്ടിപ്പോടെ സൃഷ്ടിക്ക്‌ അസ്തിത്വം ലഭിക്കുന്നതിനാല്‍ ഇനി അവന്‌ സരക്ഷണവും പരിപാലനവും ആവശ്യമായി വരുന്നു അഥവാ സൃഷ്ടിക്കലോടെ സൃഷ്ടാവിന്റെ ജോലി തീരുന്നില്ല മറിച്ച്‌ തുടങ്ങുകയാണ്‌. സ്രഷ്ടിയുടെ മരണമോ തകര്‍ച്ചയോ കൊണ്ടും അവസാനിക്കുന്നില്ല, കാരണം ഒരു വീട്‌ തകര്‍ന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ മറ്റൊന്നിന്റെ നിര്‍മ്മാണത്തിന്‌ സഹായിക്കുന്നില്ലേ? അഥവാ സൃഷ്ടിപ്പിനു ശേഷം ആത്യന്തികമായ നാശം ഇല്ല അതിനാല്‍ പരിപാലനം ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക്‌ അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കണം ഇതാണ്‌ കാല നിര്‍ണ്ണയമില്ലാതെ സൃഷ്ടിച്ച്‌ പരിപാലിക്കുന്നവന്‍ എന്ന വാക്യം സൂചിപ്പിക്കുന്നത്‌. അല്ലാഹുവിന്റെ ആസ്തിക്യം ഇതില്‍ നിന്ന് മനസിലാവുമ്പോലെ അല്ലാഹു സ്ഥലത്തിലേക്കും കാലത്തിലേക്കും ആവശ്യമാവുന്നവനല്ല എന്നും ഇത്‌ തെളിയിക്കുന്നു. കാരണം സഥലവും കാലവും അല്ലാഹുവിന്റെ സൃഷ്ടികളാണ്‌. അതുണ്ടാക്കുന്നതിന്‌ മുമ്പേ അവന്‍ ഉള്ളവനാണ്‌. അതിനാല്‍ അല്ലാഹു നിരാശ്രയണാണെന്ന സത്യം അംഗീകരിക്കുന്ന ആരും അല്ലാഹു ഒരുസ്ഥലത്തിരിക്കുന്നവനാണെന്ന് പറയില്ല.


പരിപാലിക്കുന്നവനാണ്‌ അല്ലാഹു എന്ന് വരുമ്പോ
ള്‍ ഓരോ സൃഷ്ടിയും എല്ലാ സമയത്തും അവനിലേക്ക ആശ്രയിക്കേണ്ടവരാണെന്ന തത്വം കൂടി അതുള്‍ക്കൊള്ളുന്നു. അഥവാ ഓരോ സെക്കന്റിലും നമ്മില്‍ നിന്നുണ്ടാവുന്ന ഓരോ ചലനങ്ങളിലും അപ്പപ്പോഴുള്ള അല്ലാഹുവിന്റെ നിയന്ത്രണം നടക്കുന്നുണ്ടെന്നും അതിലേക്ക്‌ നാം ആവശ്യക്കാരാണെന്നും വ്യക്തം. നമ്മുടെ കഴിവുകള്‍ അല്ലാഹു നേരത്തെ തന്ന് പോയതാണെന്നും ഇനി അതുപയോഗിക്കാന്‍ നാം സ്വതന്ത്രരാണെന്നും നിരീക്ഷിക്കുന്നത്‌ അല്ലാഹു റബ്ബ്‌ ആണെന്ന താല്‍ പര്യത്തെ നിരാകരിക്കലാണെന്ന് നാം ഗൗരവത്തോടെ കാണേണ്ടതാണ്‌. ഇത്‌ കൊണ്ട്‌ തന്നെയാണ്‌ ഓരോ നന്മ സ്വന്തമാക്കുമ്പോഴും അല്‍ഹംദുലില്ലാഹ്‌ എന്ന സ്തുതി വാക്യം മനുഷ്യനില്‍ നിന്നുണ്ടാവുന്നത്‌. സൃഷ്ടികളില്‍ ഉന്നതനാണ്‌ മനുഷ്യന്‍ ! ഇവന്റെ സൃഷ്ടിപ്പും പരിപാലനവും പലതവണ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഒന്നാമതായി അവതരിച്ച അല്‍ അലഖ്‌ എന്ന അദ്ധ്യായം തന്നെ മനുഷ്യസൃഷ്ടിപ്പിനെ വേണ്ട വിധം ചര്‍ച്ച ചെയ്തിട്ടുണ്ട്‌. മനുഷ്യനെ അലഖില്‍ നിന്ന് പടച്ചു എന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. എന്താണ്‌ അലഖ്‌?രക്തം, ഒട്ടുന്ന മണ്ണ്‌, അട്ട തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഇതിനുണ്ട്‌. അലഖില്‍ നിന്ന് പടച്ചു എന്നിടത്ത്‌ ഈ അര്‍ ത്ഥങ്ങളെല്ലാം പ്രായോഗികമാണ്‌. മനുഷ്യന്‍ മണ്ണില്‍ നിന്ന് ജനിച്ചു. അവനില്‍ രക്തമുണ്ടായി. രക്തത്തില്‍ നിന്ന് ബീജവും അണ്ഡവും ഉണ്ടായി ഇവ കൂടിചേര്‍ന്ന ഭ്രൂണത്തില്‍ നിന്ന് വീണ്ടും മനുഷ്യനുണ്ടായി. പുരുഷ ബീജം സ്ത്രീയുടെ അണ്ടത്തില്‍ ഒട്ടിപ്പിടിക്കുന്നു അട്ടയെ പോലെ! രണ്ടിന്റെയും ന്യൂക്ലിയസ്‌ ഒന്നായി തീരുന്നു അതില്‍ നിന്നാണ്‌ മനുഷ്യന്‍ ജനിക്കുന്നത്‌. ഈപാശ്ചാത്തലത്തില്‍ മനുഷ്യന്‍ എന്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിന്‌ മണ്ണില്‍ നിന്ന്, രക്തത്തില്‍ നിന്ന്‌, അട്ടയെപോലെ ഒട്ടി നില്‍ക്കുന്ന ബീജത്തില്‍ നിന്ന് എന്നതെല്ലാം മറുപടിയാവുന്നു. സംയോഗ സമയത്ത്‌ പുരുഷന്‍ സ്ത്രീയില്‍ ബീജം വിസര്‍ജ്ജിക്കുന്നു. അതില്‍ കോടിക്കണക്കിന്‌ അണുക്കളുണ്ട്‌. അതില്‍ ഒന്നാണ്‌ അണ്ഡവുമായി സംയോജിക്കുന്നത്‌. ഇതില്‍ നിന്ന് കുട്ടിയുണ്ടാവുന്നു. ഒന്നിലധികം അണുക്കള്‍ സംയോജിക്കുമ്പോള്‍ കുട്ടികള്‍ള്‍ദ്ധിക്കുന്നു. ഇപ്പോള്‍ നമുക്ക്‌ മനസിലാകുന്നത്‌ സംയോഗം കൊണ്ട്‌ മാത്രം കുട്ടിയുണ്ടാവുന്നില്ലെന്നും അതിനു ബീജാണ്ഡ സംയോഗം ആവശ്യമാണെന്നുമാണ്‌. പക്ഷെ ഒന്നാമത്തെ സംയോഗ ശേഷം സ്ത്രീയും പുരുഷനും വേര്‍ പിരിഞ്ഞു. അതിനാല്‍ ബീജാണ്ഡ സംയോഗത്തിന്‌ അല്ലാഹു ബീജത്തെ ചുമതലപ്പെടുത്തി. ഈ ചുമതല ഏറ്റെടുത്ത ബീജം ഗര്‍ഭാശയത്തില്‍ നീന്തി തനിക്ക്‌ വേണ്ട ഇണയെ കണ്ടെത്തി. പിന്നെ വിടാതെ ഒട്ടിപ്പിടിച്ചു തമ്മില്‍ ലയിച്ചു രണ്ടിന്റെയും ഹൃദയമാകുന്ന ന്യൂക്ലിയസ്‌ ഒന്നായി. അല്ലാഹു തന്റെ കല്‍പനയാകുന്ന ബട്ടന്‍ അമര്‍ത്തുന്നതോടെ കാര്യം എളുപ്പമായി. ഇതാണ്‌ അല്ലാഹു ചോദിച്ചത്‌.

أَفَرَأَيْتُم مَّا تُمْنُونَ
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
(നിങ്ങള്‍ വിസര്‍ജ്ജിക്കുന്ന ബീജം നിങ്ങ
ള്‍ മനസിലാക്കുന്നുണ്ടോ?അതെ സൃഷ്ടിക്കുന്നത്‌ നിങ്ങളോ നമ്മളോ (അല്‍ വാഖിഅ:58.59) )

ഇത്രയും വിശാലമായോരാശയം നമ്മെ പഠിപ്പിക്കാനാണ്‌ സംയോഗത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയാതെ അട്ട എന്ന് കൂടി അര്‍ത്ഥമുള്ള അലഖില്‍ നിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞത്‌. ബീജം അണ്ഡവുമായുള്ള സങ്കലനമാണ്‌ ഗര്‍ഭ ധാരണം എന്ന് വരുമ്പോ
ള്‍ മനുഷ്യനുണ്ടാവാന്‍ സ്ത്രീ പുരുഷ സംയോഗമോ ഗര്‍ഭ പാത്രമോ അല്ല ബീജാണ്ഡ സങ്കലനമാണ് ഏറ്റവും അനിവര്യമെന്ന് മനസിലായി. ടെസ്റ്റ്‌ ട്യൂബ്‌ ശിശു ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തി. ഖുര്‍ആനിന്റെ അല്‍ഭുതം ബുദ്ധിയുള്ളവര്‍ കാണട്ടെ! സുബ്‌ഹാനല്ലാഹ്‌ !! ഇങ്ങനെ ജന്മമമെടുക്കുന്ന മനുഷ്യന്‌ രക്തം, മാംസം, എല്ല്, തൊലി, പല്ല്, നഖം, മണം, നിറം, പഞ്ചേന്ദ്രിയങ്ങള്‍, ആത്മാവ്‌ എല്ലാം അല്ലാഹു നല്‍ കുന്നു. താന്‍ താമസിക്കുന്ന സ്ഥലം തനിക്ക്‌ പോരെന്ന് തോന്നുമ്പോള്‍ അവനെ അല്ലാഹു പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയും ആകാശവും അവന്‌ വേണ്ടി സംവിധാനിക്കുന്നു. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും മറ്റും സാഹചര്യങ്ങള്‍
ഒരുക്കുന്നു. ജീവിക്കാന്‍ വേണ്ടി അവന്‍ കൃഷി ചെയ്യുന്നു. ഇതിന്‌ വേണ്ടി വിത്ത്‌ പാകുന്നു. അത്‌ വീര്‍ത്ത്‌ അടിയും മേലും പിളരുന്നു. അടി മുരടും വേരുമായി ഭൂമിയില്‍ പിടിച്ച്‌ നില്‍ക്കുന്നു മേലെ തണ്ടും കൊമ്പും ഇലയും പൂവും കാണുന്നു. ആവശ്യമായ വായു, വെള്ളം, ഊര്‍ജ്ജം ഭൂമിയില്‍ നിന്നു അവ വലിച്ചെടുക്കുന്നു. പഴം കായ്ക്കുന്നു. ഈ സംവിധാനങ്ങളെല്ലാം അല്ലാഹു അവക്ക്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഇ‍താണ്‌ അല്ലാഹു ചോദിച്ചത്‌.


أَفَرَأَيْتُم مَّا تَحْرُثُونَ
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ

നിങ്ങ
ള്‍ പാകുന്ന വിത്തിനെ പറ്റി നിങ്ങള്‍ക്കറിയുമോ?അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നത്‌ നിങ്ങളോ നാമോ?(അല്‍ -വാഖിഅ: 63,64) ചുരുക്കത്തില്‍ മനുഷ്യനോ മരമോ എന്തുമാകട്ടെ അതിന്‌ ജന്മവും വളര്‍ച്ചയും പരിപാലനവും നല്‍കുന്നത്‌ അല്ലാഹു മാത്രമാണ്‌ അതു കൊണ്ട്‌ തന്നെ സര്‍വ്വ സ്തുതിയും അവനു മാത്രം അവകാശപ്പെട്ടതാണ്‌
ഇത്‌ പറയുമ്പോ
ള്‍ ഒരുചോദ്യം വരാം. ആരാണീ അല്ലാഹു? അവന്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ വിധേയമല്ല. ഈ സ്ഥിതിക്ക്‌ വാക്കാലുള്ള വിവരണം കൊണ്ടല്ലാതെ അല്ലാഹുവെ മനസിലാക്കാന്‍ സാധ്യവുമല്ല എന്നാല്‍ മനസ്സിലാവുന്നതും തള്ളിക്കളയാന്‍ പറ്റാത്തതുമാണ്‌ ലോകം സൃഷ്ടിച്ച്‌ പരിപാലിക്കുന്നവന്‍ എന്ന വിവരണം. ചോദ്യ കര്‍ത്താവുള്‍പ്പെടെയുള്ളവരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്‌ പരിപാലിക്കപ്പെടുന്നവരും. സൃഷ്ടിച്ചു പരിപാലിക്കാന്‍ ഒരു മഹാശക്തി വേണമെന്നും അതിനാല്‍ ആ ശക്തിയുടെ പേരറിയട്ടെ അറിയാതിരിക്കട്ടെ സര്‍വ്വ സ്തുതിയും ആ ശക്തിക്കാണെന്ന്സമ്മതിച്ചേ പറ്റൂ! മനുഷ്യന്‍ മാതാപിതാക്കളെ കാണാതിരിക്കാം. പക്ഷെ താന്‍ സ്വയം ജനിച്ചതാണെന്നോ മാതാപിതാക്കളില്ലാത്തവനാണെന്നോ അവന്‍ കരുതുമോ ? ഇല്ല ബുദ്ധിയുള്ള മനുഷ്യന്‌ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല മറിച്ച്‌ താന്‍ ജനിപ്പിക്കപ്പെട്ടവനാണെന്നും മാതാപിതാക്കളുണ്ടെന്നും അവന്‍ വിശ്വസിക്കും പടച്ചവന്‍ എന്നെ പടച്ചെന്ന് ഞാന്‍ വിശ്വസിക്കില്ല കാരണം എന്നെ അവന്‍ പടച്ചത്‌ ഞാന്‍ കണ്ടിട്ടില്ല എന്ന് വാദിക്കുന്നവരുണ്ട്‌. ഇത്‌ താഴെ പറയുമ്പോലെയാണ്‌. എനിക്ക്‌ മാതാപിതാക്കളുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. കാരണം അവരുടെ കല്യാണത്തിനോ സംയോഗത്തിനോ ഞാന്‍ പങ്കെടുത്തിട്ടില്ല! മാതാപിതാക്കളേക്കാല്‍ നമ്മുടെ പരിപാലകന്‍ അല്ലാഹുവാണെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് വ്യക്തമാവും. അപ്പോള്‍ ഇവരെ നാം സ്തുതിച്ചാല്‍ തന്നെ അത്‌ സാന്ദര്‍ഭികവും സോപാധികവും മാത്രമാണ്‌ നിരു‍പാധികമുള്ള സ്തുതി അല്ലാഹുവിനു തന്നെ ഇതാണ്‌ അല്‍ഹംദുലില്ലാഹി... എന്ന് പറഞ്ഞത്‌ അല്ലാഹുവിന്റെ പരിപാലനം എല്ലാ വസ്തുക്കള്‍ക്കും ലഭിക്കുന്നു. ഓരോന്നിനും വ്യത്യസ്ഥമായ അവസ്ഥയില്‍ . ഒരു വിധത്തില്‍ ബലഹീനതയുള്ളവ മറ്റൊരു വിധത്തില്‍ ശക്തരായി കാണുന്നത്‌ ഇതു കൊണ്ടാണ്‌ ശക്തനായ മനുഷ്യന്‌ ജനിച്ചയുടനെ ഓടാനോ ചാടാനോ സാധ്യമല്ല. എന്നാല്‍ ബലഹീനയായ കോഴികുഞ്ഞിന്‌ ജനിച്ചപ്പഴേ അത്‌ സാധ്യമാണ്‌ താനും! എട്ട്കാലിയുടെ വല, ഈച്ചയുടെ തേന്‍ ശേഖരം, നായയുടെ അന്വേഷണ വൈദഗ്ദ്യം തുടങ്ങിയതൊക്കെ നേരത്തേ പറഞ്ഞ സത്യത്തിന്റെ സ്ഥിരീകരണമാണ്‌. വലകെട്ടി ജീവിക്കുന്ന എട്ടുകാലിക്ക്‌ നൂല്‍ എവിടെനിന്ന് കിട്ടി? തേനീച്ച എത്ര യാത്ര ചെയ്താണീ തേന്‍ ശേഖരിച്ചത്‌? ഇതൊക്കെ ബുദ്ധിയുള്ള മനുഷ്യന്‍ ചിന്തിക്കുമ്പോള്‍ പരിപാലകനില്‍ വിശ്വസിക്കാന്‍ അവന്‍ നിര്‍ബന്ധിതനാവും തീര്‍ച്ച!

സര്‍വ്വ സ്തുതിയും സര്‍വം പരിപാലിക്കുന്ന അല്ലാഹുവിനു തന്നെ! ആലമീന്‍ എന്നാല്‍ അല്ലാഹു അല്ലാത്തതെല്ലാം എന്നാണ്‌ വിവക്ഷ. അഥവാ റബ്ബിന്റെ നിയന്ത്രണവും പരിപാലനവും എല്ലാത്തിനും ബാധകമാണ്‌. അത്‌ കൊണ്ട്‌ തന്നെ എങ്ങനെയൊക്കെയുള്ള സ്തുതികളുണ്ടോ അതെല്ലാം അല്ലാഹുവിനു തന്നെ!. അല്‍ ഹംദുലില്ലാഹ്‌