അദ്ധ്യായം113 -സൂക്തം 5

5. وَمِن شَرِّ حَاسِدٍ إِذَا حَسَدَ
അസൂയക്കാരന്‍ അസൂയ കാണിക്കുമ്പോള്‍ അവന്റെ ഉപദ്രവത്തില്‍ നിന്നും(ഞാന്‍ നാഥനില്‍ അഭയം പ്രാപിക്കുന്നു
രക്ഷ തേടാന്‍ കല്പിച്ച നാലാമത്തെ വിഷയമാണ് അസൂയക്കാരില്‍ നിന്ന് അള്ളാഹുവോട് അഭയം തേടല്‍ .മറ്റുള്ളവര്‍ക്ക് ലഭിച്ച ഗുണം നീങ്ങിപ്പോകാന്‍ ആഗ്രഹിക്കലാണ് അസൂയ.മറ്റ് വല്ലവര്‍ക്കും ലഭിച്ച നന്മ മൂലം തനിക്ക് നഷ്ടമൊന്നുമില്ലെങ്കിലും അസൂയക്കാരനു അത് സഹിക്കാന്‍ കഴിയില്ല അങ്ങനെ അവര്‍ക്ക് എന്തെങ്കിലും ആപത്ത് വരുത്തിവെക്കാന്‍ അവന്‍ ആവതു ശ്രമിക്കും അതിനു വേണ്ടി കുതന്ത്രങ്ങള്‍മെനയും അസൂയ എന്ന മാരകരോഗം മനസിലുള്ളവര്‍ എത്ര ഉന്നത സ്ഥാനത്തുള്ളവനായാലും തന്റെ സ്ഥാനത്തിന്റെ വിലപോലും അവഹേളിക്കപ്പെടും വിധം തറവേലകള്‍ അവര്‍ ഇറക്കും തീ വിറകിനെ തിന്നും പ്രകാരം അസൂയ സല്‍ ക്കര്‍മ്മങ്ങളെ നശിപ്പിക്കും എന്ന് നബി(صلى الله عليه وسلم)പറഞ്ഞത് എന്ത് മാത്രം ചിന്തനീയമാണ്.

അസൂയക്കാരന്‍ അധാര്‍മ്മികമായ വഴികളിലൂടെ സഞ്ചരിച്ച് പരലോകത്ത് പരാജയം ഏറ്റുവാങ്ങ്നുന്നതോടൊപ്പം ഈ ലോകത്ത് എപ്പോഴും അവന്‍ അസ്വസ്ഥനായിരിക്കും ,കാരണം താന്‍ ആരോടാണോ അസൂയ വെക്കുന്നത് അവനു ലഭിക്കുന്ന ഓരോ നന്മയും ഇവനു അസ്വസ്ഥത സമ്മാനിച്ചു കൊണ്ടിരിക്കും അങ്ങനെ ഒരു ഉപകാരവുമില്ലാതെ സ്വയം നീറിത്തീരുന്ന പാഴ്ജന്മമായി അവന്‍ അധപതിക്കും.അത് കൊണ്ട് അസൂയക്കാരന്‍ പല കുതന്ത്രങ്ങളും ഒപ്പിക്കും അത് ചിലപ്പോള്‍ നേരിട്ടാവണമെന്നില്ല.അതിനാല്‍ അവന്റെ ശല്യത്തില്‍ നിന്നു നാഥനില്‍ അഭയം തേടുന്നതിന്റെ അനിവാര്യത നമ്മെ അള്ളാഹു ബോധ്യപ്പെടുത്തുകയാണിവിടെ.

നബി(صلى الله عليه وسلم)വരുന്നത് വരെ ദീര്‍ഘകാലം നബി(صلى الله عليه وسلم)യെ പ്രതീക്ഷിച്ചിരുന്ന ജൂതന്മാര്‍ നബി(صلى الله عليه وسلم)വന്നപ്പോള്‍ അസൂയ നിമിത്തമാണ്. നബി(صلى الله عليه وسلم)യെ എതിര്‍ത്തത്, യൂസുഫ് (عليه وسلم)ന്റെ സഹോദരങ്ങള്‍ തന്നെ കിണറ്റിലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചതും അസൂയ കൊണ്ട് തന്നെ. ഭുമിയിലെ ആദ്യത്തെ കൊലപാതകം(ഹാബീല്‍ എന്ന നല്ല മനുഷ്യനെ കൊന്ന ഖാബീലിന്റെ ദുര്‍ പ്രവര്‍ത്തി)നടന്നതും അസൂയ നിമിത്തം തന്നെ!

ഇമാം ഖുര്‍ത്വുബി(رحمه الله) എഴുതുന്നു. ‘അള്ളാഹുവിന്റെ പടപ്പുകളിലെ തിന്മയെ തൊട്ട് പൊതുവില്‍ കാവലിനെ തേടിയാണ് സൂറത്ത് ആരംഭിച്ചത് അവസാനിപ്പിച്ചത് അസൂയക്കാരുടെ കെടുതികളില്‍ നിന്ന് രക്ഷ തേടിക്കൊണ്ടും.അത് അസൂയയുടെ ഗൌരവം ഉണര്‍ത്താനാണ്.. അസൂയക്കാരന്‍ അള്ളാഹുവിന്റെ അനുഗ്രഹങ്ങളുടെ ശത്രുവാണ്.ചില ആദ്ധ്യാത്മിക നേതാക്കള്‍ പറഞ്ഞു.അസൂയക്കാരന്‍ അഞ്ചു നിലക്ക് അള്ളാഹുവോട് മത്സരിക്കുകയാണ്.

(1)മറ്റുള്ളവരില്‍ കാണുന്ന എല്ലാ അനുഗ്രഹത്തോടും അവന്‍ ദേഷ്യമുള്ളവനാണ്
(2)അള്ളാഹുവിന്റെ വിധിയോട് ദേഷ്യം വെക്കുന്നവനാണ്
(3)അള്ളാഹുവിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നവനാണ്(അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുഗ്രഹം നല്‍കും,,അതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്)അസൂയക്കാരന്‍
(4)അള്ളാഹുവിന്റെ ഇഷ്ടദാസരോട് ചതി കാണിക്കുന്നവനാണവന്‍
(5)തന്റെ ശത്രുവായ ഇബ് ലീസിനെ സഹായിക്കുകയാണവന്‍ .

വേദികളില്‍ ദു:ഖം മാത്രമേ അസൂയക്കാരനു ലഭിക്കൂ.മലക്കുകളുടെ അടുത്ത് ശാപവും ഏകാന്തതയില്‍ അസഹിഷ്ണുതയുംഅസ്വസ്ഥതയും പരലോകത്ത് ദു:ഖവും കരിയലും അള്ളാഹുവില്‍ നിന്ന് അകല്‍ച്ചയും ദേഷ്യവും മാത്രം ലഭിക്കുന്നവനാണ് അസൂയക്കാരന്‍ , ഹറാം(അനധികൃ‌തമായി സമ്പാദിച്ചത്)ഭക്ഷിക്കുന്നവന്‍ ,പരദൂഷണം വര്‍ദ്ധിപ്പിക്കുന്നവന്‍ ,മുസ്‌ലിംകളോട് മനസ്സില്‍ അസൂയയോ കെറുവോ ഉള്ളവന്‍ എന്നീ മൂന്നാളുകളുടെ പ്രാര്‍ത്ഥന അള്ളാ‍ഹു സ്വീകരിക്കില്ല,എന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട് (ഖുര്‍ത്വുബി 20/191)