1. أَلْهَاكُمُ التَّكَاثُرُ
പരസ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
ധനത്തിന്റെ വര്‍ദ്ധനവും ഐഹിക സൌകര്യങ്ങളും കൊണ്ടുള്ള അഭിമാനം കൊള്ളുന്നതിനിടക്ക് അള്ളാഹുവിന്റെ ആരാധനയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിപ്പോകുന്നു എന്നാണിവിടെ ഉദ്ദേശ്യം.
ഗോത്രങ്ങള്‍ തമ്മിലുള്ള അഭിമാനം പറയലും കച്ചവടത്തിലെ വര്‍ദ്ധനവില്‍ പെരുമ നടിക്കലുമൊക്കെ ഇവിടെ വരാവുന്നതാണ്(ഖുര്‍ത്വുബി)
ധനം മക്കള്‍ മുതലായ ഭൌതിക സംവിധാനങ്ങള്‍ ലഭിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവരേക്കാള്‍ ധനവും മക്കളും അധികമുണ്ടെന്ന തലക്കനവും അത് വര്‍ദ്ധിപ്പിക്കാനുള്ള മത്സര മന:സ്ഥിതിയും ഈ പെരുപ്പം കാണിക്കല്‍ എന്നതിന്റെ വിവക്ഷയില്‍ വരുന്നു. ധനവും മക്കളുമെല്ലാം അള്ളാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങളാണ് അത് അള്ളാഹുവിന്റെ അനുഗ്രഹം എന്ന നിലയില്‍ അതിനു നന്ദി രേഖപ്പെടുത്തുന്ന മന:സ്ഥിതിയും കൂടുതല്‍ വിനയം പ്രകടിപ്പിക്കലുമാണ് വിശ്വാസിയുടെ ബാദ്ധ്യത.അതിനു പകരം ഇതൊക്കെ തന്റെ മഹത്വമാണെന്ന മിഥ്യാ ധാരണയില്‍ നിന്നാണ് ഈ പെരുപ്പം കാണിക്കലും പെരുമ നടിക്കലും ഉണ്ടാകുന്നത്.
ഈ സൂക്തം ഓതിക്കൊണ്ട് നബി(സ) പറഞ്ഞു. "ആദമി(അ)ന്റെ മകന്‍ (മനുഷ്യന്‍) പറയും എന്റെ ധനം,എന്റെ ധനം,എന്ന്!(അല്ലയോ മനുഷ്യാ!)നീ തിന്നു തീര്‍ത്തതോ, നീ ഉടുത്തു പഴക്കിയതോ, നീ ധര്‍മ്മം കൊടുത്ത് നടപ്പില്‍ വരുത്തിയതോ അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും ഉണ്ടോ?ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും ജനങ്ങള്‍ക്കായി നീ വിട്ട് കൊടുക്കുന്നതുമാണ്.(മുസ് ലിം)
ധന വര്‍ധനവിനായുള്ള മനുഷ്യന്റെ നെട്ടോട്ടം വ്യക്തമാക്കുന്ന ഒരു നബി വചനം കാണുക. അനസ് ബിന്‍ മാലിക്(റ) നബി(സ) പറഞ്ഞതായി പറയുന്നു. "മനുഷ്യന് സ്വര്‍ണ്ണത്തിന്റെ രണ്ട് മലഞ്ചെരിവുകളുണ്ടായാല്‍ മൂന്നാമതൊന്നു കൂടി അവന്‍ ഇഷ്ടപ്പെടും (അതിനായി ശ്രമം തുടരും) മണ്ണല്ലാതെ അവന്റെ വായയെ നിറക്കുകയില്ല(ഖബ്റിലെത്തുവോളം തന്റെ ആര്‍ത്ഥി തീരുകയില്ല) അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ പാശ്ചാത്താപം സ്വീകരിക്കും(ഇങ്ങനെയൊക്കെ അള്ളാഹുവിനെ മറന്ന് ഓടിയവര്‍ തെറ്റ് തിരുത്തി നാഥനിലേക്ക് മടങ്ങാന്‍ തയാറായാല്‍ അവനെ അള്ളാഹു സ്വീകരിക്കും(തുര്‍മുദി)
تكاثر എന്നാല്‍ അനധികൃതമായി ധനം ഒരുമിച്ച് കൂട്ടുക, കടമകള്‍ അതില്‍ നിന്ന് വീട്ടാതിരിക്കുക, വെറുതെ ധനം കെട്ടിപ്പൂട്ടി വെക്കുക എന്നാണിതിന്റെ അര്‍ത്ഥം എന്നും വ്യാഖ്യാനമുണ്ട്.