അദ്ധ്യായം 111- സൂക്തം 1

1. تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
അബൂലഹബിന്റെ ഇരു കൈകളും നാശമടയട്ടെ. അവന്‍ നാശമടയുകയും ചെയ്തു.
നബി(صلى الله عليه وسلم) പ്രബോധനം തുടങ്ങിയ അന്ന് മുതല്‍ തന്നെ അവിടുത്തെ കഠിന ശത്രുവായി നില കൊണ്ടയാളാണ് പിതൃ‌വ്യന്‍ അബൂലഹബ്(ല.അ). നബി(صلى الله عليه وسلم) ജനങ്ങള്‍ കൂടുന്നിടത്തൊക്കെ ചെന്ന് പ്രബോധനം നടത്തുമ്പോള്‍ അവിടെ ചെന്ന് മുഹമ്മദ്(صلى الله عليه وسلم) കള്ള വാദിയാണെന്നും ആരും അത് സ്വീകരിക്കരുതെന്നും ഇവന്‍ പറയുമായിരുന്നു.

നബി(صلى الله عليه وسلم)യുടെ അയല്‍ വാസിയായിരുന്ന അബൂലഹബ് അയല്‍പക്കബന്ധം പാലിച്ചില്ലെന്ന് മാത്രമല്ല പല മലിന വസ്തുക്കളും നബി(صلى الله عليه وسلم) യുടെ വീട്ടിലേക്ക് വലിച്ചെറിയുമായിരുന്നു ഖുറൈശി നേതാവു കൂടിയായ അബൂലഹബിനു നബി(صلى الله عليه وسلم) യെ ഉപദ്രവിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന്നും നബി(صلى الله عليه وسلم)ക്കുമെതിരില്‍ അബൂലഹബിന്റെ ശത്രുത ഇത്രയും രൂക്ഷമായത് കൊണ്ട് തന്നെയാണ് അള്ളാഹു ഇവനെ പേരെടുത്ത് ആക്ഷേപിച്ചത്.നബി(صلى الله عليه وسلم)യോടുള്ള അവന്റെ വെറുപ്പ് കാരണത്താല്‍ അള്ളാഹു അവനെ വെറുത്തു. കോപിച്ചു. ഇതാണ് നമുക്കിതില്‍ നിന്ന് മനസിലാവുന്നത്.അബ്ദുല്‍ ഉസ്സാ എന്നായിരുന്നു ഇവന്റെ നാമം. ജ്വലിക്കുന്ന മുഖമായിരുന്നു അയാ‍ള്‍ക്ക്.അത് കൊണ്ടാണ് അബൂലഹബ്(ജ്വലിക്കുന്ന മുഖമുള്ളവന്‍ ) എന്ന് അറിയപ്പെട്ടത് നരകത്തിലെ തീജ്വാലയില്‍ കിടന്ന് പുളയുന്നവന്‍ എന്ന അര്‍ത്ഥത്തിലാണിത് എന്നും അഭിപ്രായമുണ്ട്(ഖുര്‍ത്വുബി20/173)

അറബികള്‍.കഠിനമായ പ്രതിഷേധ വേളകളില്‍ ശപിച്ച് പറയാറുള്ള വാക്കാണ് تبالك (നിനക്ക് നാശം) എന്നത് .അതേ വാക്ക് ഉപയോഗിച്ചാണ് അള്ളാഹു അവനെ ശപിച്ചത്.അവന്റെ കൈകള്‍ രണ്ടും നശിക്കട്ടെ എന്ന് പറഞ്ഞതിന്റെ താല്പര്യം അവന്‍ മുഴുവനും നശിക്കട്ടെ എന്നാണ്ഈ വചനത്തിലെ ഒന്നാമത്തെَ تَبَّتْ എന്നത് നശിക്കട്ടെ എന്ന് പ്രാര്‍ത്ഥനാരൂപത്തിലും രണ്ടാമത്തെ َتَبَّ എന്നത് നശിച്ചിരിക്കുന്നു എന്ന് വര്‍ത്തമാന രൂപത്തിലുമാണ് ഉപയോഗിച്ചിട്ടുള്ളത്