1. قُلْ يَا أَيُّهَا الْكَافِرُونَ
(നബിയേ)പറയുക. ഹേ സത്യ നിഷേധികളേ..
ഇമാം റാസി(رحمه الله) എഴുതുന്നു. നബി(صلى الله عليه وسلم)യോട് അള്ളാഹു കല്പിച്ചത് ജനങ്ങളോട് വളരെ മയത്തിലും മമതയിലും പെരുമാറാനാണ്. നബി(صلى الله عليه وسلم) ലോകത്തിനു തന്നെ അനുഗ്രഹമാണ്.സംവദിക്കുമ്പോള്‍ ഏറ്റവും നല്ല നിലയില്‍ സംവദിക്കണം എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത് എന്നിരിക്കെ ഹേ!അവിശ്വാസികളേ.. എന്ന ഈ ശൈലി അതിനെതിരല്ലേ എന്ന ചോദ്യമുണ്ട്. അതിന്റെ നിവാരണമായി ധാരാളം മറുപടികള്‍ ഉണ്ട്. (1) ഹേ, അവിശ്വാസികളേ! എന്ന് വിളിക്കാനാണ് അള്ളാഹു കല്പിച്ചത് തങ്ങള്‍ സ്വന്തം വകയില്‍ വിളിച്ചതല്ല. (2) നബി(صلى الله عليه وسلم)യെ ആക്ഷേപിച്ച് ശത്രുക്കള്‍ വേരറ്റവര്‍ എന്ന്(ഇതിനു തൊട്ടു മുമ്പത്തെ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട് )ആക്ഷേപിച്ചപ്പോള്‍ അതിനു മറുപടി അള്ളാഹു പറഞ്ഞു. തങ്ങളെ അധിക്ഷേപിക്കുന്നവരാണ് വേരറ്റവര്‍ എന്ന്. അള്ളാഹുവിനു പങ്കാളികളെ സ്ഥാപിച്ച് അള്ളാഹുവിനെ ആക്ഷേപിച്ച മുശ് രിക്കുകള്‍ക്ക് മറുപടി തങ്ങള്‍ പറയൂ എന്നാണ് അള്ളാഹു ഇവിടെ ഉദ്ദേശിച്ചത്. (3) നബി(صلى الله عليه وسلم) തന്റെ കുടുംബത്തോട് അതിരറ്റ സ്നേഹം ഉള്ള ആളാണെന്ന് എല്ലാവര്‍ക്കും അറിയാം.നബി(صلى الله عليه وسلم)യാണെങ്കില്‍ ഒരിക്കലും കള്ളം പറയില്ലെന്നും അവര്‍ക്കറിയാം എന്നിട്ടും നബി(صلى الله عليه وسلم) അവരെ അവിശ്വാസികളേ.. എന്ന് വിളിച്ചാല്‍ അവര്‍ വിശ്വാസത്തില്‍ തകരാറ് സംഭവിച്ചവര്‍ തന്നെ എന്ന് എല്ലാവര്‍ക്കും മനസിലാവുകയും ചിലര്‍ക്കെങ്കിലും തെറ്റില്‍ നിന്ന് മാറാന്‍ പ്രചോദനമാവുകയും ചെയ്യും എന്നതിനാലാണ് അങ്ങനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇമാം ഇബ്നു കസീര്‍ (رحمه الله)എഴുതുന്നു ഇവിടെ പറഞ്ഞ കാഫിറുകള്‍ (അവിശ്വാസികള്‍) എന്നതിന്റെ പരിധിയില്‍ ഭൂമുഖത്തുള്ള എല്ലാ കാഫിറും പെടും പക്ഷെ ഇവിടെ നേരിട്ടുള്ള സംബോധനം ഖുറൈശി നേതാക്കളോടാണെന്ന് മാത്രം(ഇബ്നു കസീര്‍ 4/822)