അദ്ധ്യായം 102- സൂക്തം 8

8. ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
അനന്തരം അന്നത്തെ ദിവസം നിങ്ങളുടെ സുഖാനുഗ്രഹങ്ങളെപറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടുന്നതാണ്.
ഈ ജീവിതത്തില്‍ അനുഭവിച്ച എല്ലാ സുഖ സൌകര്യങ്ങളെക്കുറിച്ചും അത് എങ്ങനെ കിട്ടി, എന്തില്‍ ചിലവഴിച്ചു എന്നൊക്കെ ചോദ്യം ചെയ്യപ്പെടും. കത്തിജ്വലിക്കുന്ന നരകം കണ്‍ ‌മുന്നില്‍ ഹാജറാക്കപ്പെട്ടിട്ടുമുണ്ടാകും. ഈ സമയത്ത് തൃപ്തികരമായ മറുപടി പറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കണമെങ്കില്‍ ഈ ഭൌതിക നേട്ടങ്ങളില്‍ മതി മറക്കുന്നതും മേനി നടിക്കുന്നതും ഒഴിവാക്കി പരലോക രക്ഷക്ക് വേണ്ട മുന്‍‌കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു .നമുക്ക് അള്ളാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന ബോധം നമുക്ക് വേണം

നിശ്ചയം കേള്‍വി,കാഴ്ച ,ഹൃദയം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാകുന്നു(ഇസ്റാ‍അ് 36)
അഞ്ചു കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യ നാളില്‍ മനുഷ്യ ന്റെ കാലടികള്‍ (വിചാരണ സ്ഥലത്ത് നിന്ന്)നീങ്ങുകയില്ല ..അവന്റെ ആയുസ്സ് എന്തില്‍ വിനിയോഗിച്ചു?അവന്റെ യുവത്വം എന്തില്‍ നശിപ്പിച്ചു? അവന്റെ ധനം എവിടെ നിന്ന് സമ്പാദിച്ചു? എന്തില്‍ ചിലവഴിച്ചു?അവനു അറിവുള്ള വിഷയത്തില്‍ എന്ത് പ്രവര്‍ത്തിച്ചു?എന്നിവയാണിത്(തുര്‍മുദി)

നബി(സ) യും അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരും വിശന്ന് വലഞ്ഞ ഒരു അവസ്ഥയില്‍ ഒരു അന്‍സാരി(നബി (സ) യുടെ മദീനക്കാരനായ ഒരു ശിഷ്യന്‍ ) -മാലിക് ബിന്‍ അല്‍തയ്ഹാന്‍ (റ) അവരെ സല്‍ക്കരിച്ചു.ആദ്യം ഈത്തപ്പഴവും പിന്നീട് ആടിനെ അറുത്ത് ഭക്ഷണവും നല്‍കി ഭക്ഷണ ശേഷം നബി(സ) ഇങനെ പറഞ്ഞു. തീ ച്ചയായും അന്ത്യ നാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും വീട്ടില്‍ നിന്ന് വിശന്നിറങ്ങിയ നിങ്ങള്‍ക്ക് വിശന്ന് തന്നെ മടങ്ങി പോകേണ്ടി വന്നില്ല എന്നത് അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹമാകുന്നു(മുസ് ലിം)

നിര്‍ഭയത്വം,ആരോഗ്യം,ഒഴിവ് സമയം,പഞ്ചേന്ദ്രിയങ്ങള്‍,രുചികരമായ ഭക്ഷണം ,ശുദ്ധജലം ,ഉറക്കം തുടങ്ങിയവയൊക്കെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്

അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ മേനി നടിക്കുകയല്ല ഇതിനു വിചാരണ വരും എന്ന ഭയത്താല്‍ വിനീതനായി ശ്രദ്ധയോടെ ജീവിക്കാന്‍ നാം ശ്രദ്ധിക്കണം