4. فَوَيْلٌ لِّلْمُصَلِّينَ
എന്നാല്‍ നിസ്ക്കരിക്കുന്നവര്‍ക്ക് നാശം.
5. الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
അതായത് തങ്ങളുടെ നിസ്ക്കാരത്തെ കുറിച്ച് അശ്രദ്ധരായുള്ളവര്‍ക്ക്.
നിസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധ എന്നതിന്റെ വ്യാഖ്യാനങ്ങളായി വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത് നിസ്കാരം സമയത്തെ വിട്ട് പിന്തിക്കുന്നവര്‍ എന്നാണ് .
ആളുകളുള്ളിടത്ത് നിസ്ക്കരിക്കുമെന്നും ആരും കാണാത്തപ്പോള്‍ നിസ്ക്കാരം ഉപേക്ഷിക്കുകയും ചയ്യുമെന്നും വ്യാഖ്യാനമുണ്ട് നിസ്ക്കാരത്തിന്റെ മഹത്വം പരിഗണിക്കാത്തവരാണവരെന്നും നിസ്ക്കരിച്ചാലും ഇല്ലെങ്കിലും തനിക്ക് അതൊരു പ്രശ്നമല്ല എന്ന മനസ്ഥിതിയുള്ളവര്‍ എന്നും വ്യാഖ്യാനമുണ്ട്
സമയ ബന്ധിതമായി നിര്‍വഹിക്കാന്‍ ശക്തമായ കല്പനയുള്ള നിസ്ക്കാരം സമയത്തെ വിട്ട് പിന്തിക്കുന്നതും നിസ്ക്കാരം തന്നെ ഉപേക്ഷിക്കുന്നതും മഹാ പാതകം തന്നെ.ഈ സൂക്തം മുമ്പുള്ള സൂക്തവുമായി ബന്ധിപ്പിക്കുന്ന ചില കാരണങ്ങള്‍ ഇമാം റാസി(رحمه الله) വിവരിക്കുന്നു. (1)സാധുവിനെയും അനാഥനെയും അവഗണിച്ച് കൊണ്ട് സൃഷ്ടികളോട് കൃത്യ വിലോപം കാണിച്ച ഇവന്‍ നിസ്ക്കാരത്തെ കണക്കിലെടുക്കാതെ സൃഷാടാവിനെയും അവഗണിക്കുന്നു എന്നാണിവിടുത്തെ പരാമര്‍ശം (2).നിസ്ക്കാരം അരുതായ്മകളില്‍ നിന്ന് തടയുമെന്നല്ലേ ഖുര്‍ആന്‍ പറയുന്നത്.അപ്പോള്‍ നിസ്ക്കരിക്കുന്ന ഇവര്‍ എങ്ങനെയാണ് യതീമിനെ ഉപദ്രവിക്കുന്നവനും സാധുവിനെ അവഗണിക്കുന്നവനുമാവുക എന്ന സന്ദേഹത്തിന്റെ ഉത്തരാമാണിത്. അഥവാ ഇവരുടെ നിസ്ക്കാരം നാട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ മാത്രമുള്ളതാണ് അതിനാല്‍ നിസ്ക്കാരം ഇവരുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തുകയില്ല (3) അനാഥനെ അകറ്റിയും സാധുവിനെ പരിഗണിക്കാതെയും അള്ളാഹുവിനോട് കടമകളെ വിസ്മരിച്ചും പടപ്പുകളോടും പടച്ചവനോടും മര്യാദ പാലിക്കാത്തതിനാല്‍ ഇവന്റെ നാശം പൂര്‍ണ്ണമായി എന്ന് അറിയിക്കാനാണ് ഇത്തരക്കാര്‍ക്ക് നാശം എന്ന് അള്ളാഹു പറഞ്ഞത്.