2. فَذَلِكَ الَّذِي يَدُعُّ الْيَتِيمَ
അവന്‍ അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണ്.
അനാഥക്കുട്ടികളെ പരിഗണിക്കാതിരിക്കുകയും നിര്‍ദ്ദയമായും പരുഷമായും അവരോട് പെരുമാറുകയും ചെയ്യുക എന്നത് മത നിരാസത്തിന്റെ ലക്ഷണമാണെന്ന് ഉണര്‍ത്തുകയാണിവിടെ. അബൂസുഫ്‌യാന്റെ വിഷയത്തിലാണീ സൂറത്ത് ഇറങ്ങിയത് എന്നാണ് ഒരു അഭിപ്രായം .അദ്ദേഹം എല്ലാ ആഴ്ചയിലും ഒട്ടകത്തെ അറുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു അനാഥക്കുട്ടി അല്പം മാംസം ചോദിച്ചു. തന്റെ കയ്യിലുള്ള വടി കൊണ്ട് ആ കുട്ടിയെ അബുസുഫ്‌യാന്‍ തട്ടിമാറ്റി. അപ്പോഴാണീ ആയത്ത് ഇറങ്ങിയത്. സമാന സ്വഭാവമുള്ള മറ്റു പലരുടെയും വിഷയത്തിലിറങ്ങി എന്നും അഭിപ്രായമുണ്ട് (ഖുര്‍ത്വുബി 20/152)
ഇമാം റാസി رحمه الله എഴുതുന്നു. ‘അബൂ ജഹലിന്റെ വിഷയത്തിലാണിത് അവതരിച്ചത് എന്ന് അഭിപ്രായമുണ്ട്.അയാളുടെ കീഴില്‍ ഒരു അനാഥനുണ്ടായിരുന്നു.അവന്റെ സ്വത്ത് അബൂജഹല്‍ കൈവശം വെച്ചിരുന്നു.ഒരിക്കല്‍ നഗ്നത മറക്കാനുള്ള വസ്ത്രത്തിനു വേണ്ടി അവന്‍ പണം ചോദിച്ചു.അവനെ പരിഗണിക്കാതെ അബൂജഹല്‍ ആട്ടിയിറക്കി.നിരാശനായി വരുന്ന കുട്ടിയോട് ചില ഖുറൈശി പ്രമുഖര്‍ "നീ മുഹമ്മദ് നബിയോട് ശുപാര്‍ശ ചെയ്യിച്ചാല്‍ പണം കിട്ടും "എന്ന് പറഞ്ഞു. അവര്‍ പരിഹാസ പൂര്‍വം പറഞ്ഞതായിരുന്നുവെങ്കിലും കുട്ടി നേരെ നബി(صلى الله عليه وسلم ) യുടെ അടുത്ത് ചെന്ന് വിഷമം പറഞ്ഞു. ആവശ്യക്കാരെ സഹായിക്കുന്ന നബി(صلى الله عليه وسلم ) കുട്ടിക്കുവേണ്ടി അബൂജഹലിനെ സമീപിച്ചു കുട്ടിക്ക് പൈസ കൊടുക്കാന്‍ ആവശ്യപ്പെടുകയും അബൂജഹല്‍ പണം നല്‍കുകയും ചെയ്തു. കുട്ടിക്ക് സന്തോഷമായി. ഇത് കണ്ട ഖുറൈശി പ്രമുഖര്‍ അബൂജഹലിനെ ആക്ഷേപിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞത് മുഹമ്മദിന്റെ രണ്ട് ചുമലില്‍ നിന്നും എന്റെ നേര്‍ക്ക് നീണ്ട് വരുന്ന രണ്ട് കുന്തം ഞാന്‍ കണ്ടു. മുഹമ്മദിന് ഉത്തരം ചെയ്തില്ലെങ്കില്‍ കുത്ത് കൊള്ളുമെന്ന് ഞാന്‍ ഭയപ്പെട്ടു.അത് കൊണ്ട് പണം കൊടുത്തതാണ്.അവന്റെ വിഷയത്തിലാണിത് ഇറങ്ങിയത്(റാസി32/102)
യതീമിനെ തള്ളിക്കളയുക എന്നതില്‍ അവനെ അക്രമിക്കലും അവന്റെ ധനം തട്ടിയെടുക്കലും ഉള്‍പ്പെടും .അനാഥക്കുട്ടികളുടെ ധനം തട്ടി എടുത്ത് ശീലിച്ചിരുന്നവര്‍ക്കിടയിലാണ് നബി(صلى الله عليه وسلم ) തങ്ങളുടെ ഈ നീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്നത് ചിന്തനീയം തന്നെ!അനാഥരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് നന്മ ചെയ്യുന്നതിനും മുന്തിയ പരിഗണനയാണ് ഖുര്‍ആനും നബി(صلى الله عليه وسلم )യും നല്‍കുന്നത്. നബി(صلى الله عليه وسلم ) പറഞ്ഞു, ഒരു അനാഥനെ ആരെങ്കിലും തന്നോട് ചേര്‍ത്ത് നിര്‍ത്തുകയും അവന്‍ അവന്റെ വിഷയങ്ങള്‍ക്ക് പ്രാപ്തനാവുന്നത് വരെ അവനെ സംരക്ഷിക്കുകയും ചെയ്താല്‍ അവനു സ്വര്‍ഗം നിര്‍ബന്ധമായി.(അഹ്‌മദ്). അനാഥനുള്ള ഭക്ഷണ സുപ്ര അള്ളാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമുള്ളതാണെന്ന് നബി(صلى الله عليه وسلم ) പറഞ്ഞിട്ടുണ്ട്(റാസി 32/103)