അദ്ധ്യായം 107- സൂക്തം 3

3. وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
പാവപ്പെട്ടവനു ഭക്ഷണം നല്‍കുവാന്‍ അവന്‍ പ്രോത്സാഹനം നല്‍കുകയുമില്ല.
ഇവിടെ സാധുവിനു ഭക്ഷണം കൊടുക്കാന്‍ സ്വയം തന്നെ അവന്‍ പ്രേരിപ്പിക്കില്ല എന്നും (വാസ്തവത്തില്‍ അത് തന്റെ ധനത്തില്‍ സാധുവിനുള്ള അവകാശമാണെന്ന കാര്യം അവന്‍ വിസ്മരിക്കുന്നു )മറ്റുള്ളവര്‍ക്ക് സാധുവിനു ഭക്ഷണം കൊടുക്കാന്‍ പ്രേരണ നല്‍കില്ല എന്നും അഭിപ്രായമുണ്ട്. രണ്ടായാലും സാധുവിന്റെ കാര്യം അവന്‍ അവഗണിക്കാന്‍ കാരണം അവന്റെ വിശ്വാസ രാഹിത്യമാണ്. അഥവാ സാധുവിനു ഭക്ഷണം കൊടുത്തിട്ട് എന്ത് നേട്ടം?എന്നാണ് അവന്റെ ചിന്ത.ഇത് പരലോക പ്രതിഫലത്തെ പച്ചയായി നിഷേധിക്കുന്നവര്‍ക്കല്ലാതെ ചിന്തിക്കാനാവില്ല

ഇവിടെ ഇമാം റാസി(رحمه الله) എഴുതുന്നു. ഇവിടെ രണ്ട് ചോദ്യം ഉണ്ട്.(1) സാധുവിനു ഭക്ഷണം കൊടുക്കാന്‍ പ്രേരിപ്പിക്കാത്ത എത്രയോ അവസരം ഓരോരുത്തര്‍ക്കുമുണ്ടാവില്ലേ? അപ്പോഴൊക്കെ അവന്‍ കുറ്റക്കാരനാണെന്ന് ആരും പറയുന്നില്ലല്ലോ? പിന്നെ എന്താണ് ഇവരെ കുറിച്ച് ഇത്ര ആക്ഷേപിക്കാന്‍ ? ഉത്തരമിതാണ്. ‘പ്രേരണ നല്‍കാത്തതിനു കുറ്റക്കാരാവാത്തത് ഒന്നുകില്‍ തന്റെ സ്ഥാനത്ത് മറ്റുള്ളവര്‍ ആ ജോലി ചെയ്യുകയോ അല്ലെങ്കില്‍ മറ്റ് വല്ല കുഴപ്പവും പ്രതീക്ഷിക്കപ്പെടുകയോ ചെയ്യുന്നിടത്താണ്.എന്നാല്‍ ഇവിടെ ഇവനെ ആക്ഷേപിക്കാന്‍ കാരണം അവന്‍ സാധുവിന്റെ വിഷയം അവഗണിച്ചത് മത നിരാസം കൊണ്ടാണ് എന്നതിനാലാണ്

(2)എന്ത് കൊണ്ടാണ് സാധുവിനെ ഭക്ഷിപ്പിക്കാത്തവന്‍ എന്ന് പറയാതെ പ്രേരണ നല്‍കാത്തവന്‍ എന്ന് പറഞ്ഞത്? അതിനുള്ള മറുപടി ‘അനാഥന്റെ അവകാശങ്ങള്‍ തടഞ്ഞ് വെക്കുന്നവന്‍ എങ്ങനെ സാധുവിനു ഭക്ഷിപ്പിക്കും ? മറ്റുള്ളവരുടെ ധനത്തില്‍ നിന്ന് വല്ലതും സാധുവിനു ലഭിക്കാന്‍ കൂടി അദ്ധ്വാനിക്കാത്തത് വളരെ മോശം സമീപനം തന്നെ എന്ന് വരുത്താനാണ് ഇങ്ങനെ പറഞ്ഞത്. നേരേ മറിച്ച് സത്യ വിശ്വാസികളെ കുറിച്ച് അള്ളാഹു പറയുന്നത് അവര്‍ പരസ്പരം കാരുണ്യം കൊണ്ട് ഉപദേശിക്കുന്നവരാണെന്നത്രെ!(റാസി32/104)