അദ്ധ്യായം 106- സൂക്തം 2 - 4

2. إِيلَافِهِمْ رِحْلَةَ الشِّتَاء وَالصَّيْفِ
(അതായത്) ശൈത്യ കാലത്തെയും ഉഷ്ണകാലത്തെയും (കച്ചവട) യാത്ര അവര്‍ക്ക് ഇണക്കി കൊടുത്തതിനു വേണ്ടി.
3. فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
അതിനാല്‍ ഈ മന്ദിരത്തിന്റെ നാഥനെ അവര്‍ ആരാധിച്ചു കൊള്ളട്ടെ.
4. الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ
(അതെ)അവര്‍ക്ക് വിശപ്പിനു ഭക്ഷണം നല്കുകയും ഭയത്തില്‍ നിന്ന് അഭയമേകുകയും ചെയ്തവനെ(അവര്‍ ആരാധിക്കട്ടെ).
ഖുറൈശികള്‍ പ്രശസ്തരും ആദരണീയരുമായിരുന്നുവെങ്കിലും ജീവിതോപാധികളുടെ വിഷയത്തില്‍ അവര്‍ മറുനാടുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരുന്നു അതിനാല്‍ അവര്‍ ശൈത്യ കാലത്ത് തെക്കോട്ട് യമനിലേക്കും ഉഷ്ണകാലത്ത് വടക്കോട്ട് ശാമിലേക്കും കച്ചവട യാത്ര നടത്തും ,അറേബ്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് ചൂടുകാലത്തെ ചൂടും തണുപ്പ് കാലത്തെ തണുപ്പും അസഹ്യമായിരുന്നു. അത് കൊണ്ടാണ് യാത്രാ സൌകര്യാര്‍ത്ഥം രണ്ട് സീസനുകളില്‍ രണ്ടിടത്തേക്കുള്ള യാത്ര ക്രമീകരിച്ചത് .നാട്ടിലെ വിഭവങ്ങള്‍ കയറ്റുമതി ചെയ്ത് അവിടങ്ങളില്‍ വിറ്റഴിച്ച് നാട്ടിലേക്ക് ഗോതമ്പ് മുതലായ അവശ്യ വസ്തുക്കള്‍ ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരുന്നത് ഈ സംഘങ്ങളാണ്.

ഖുറൈശികള്‍ സംഘം ചേര്‍ന്ന് സാഘോഷമായിരുന്നു ഈ യാത്ര നടത്തിയിരുന്നത് .മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന മരുഭൂമിയിലൂടെയുള്ള ഈ യാത്രകള്‍ അവര്‍ക്ക് അള്ളാഹു ഇഷ്ടമുള്ളതാക്കി കൊടുത്തു.അങ്ങനെ പട്ടിണിയില്‍ നിന്നും വിശപ്പില്‍ നിന്നും അള്ളാഹു അവരെ രക്ഷപ്പെടുത്തി.ഇത്തരം യാത്രയുടെ വഴികളില്‍ അക്രമിക്കപ്പെടാനും കൊള്ള ചെയ്യപ്പെടാനുമുള്ള സാദ്ധ്യത കൂടുതലായിരുന്ന അക്കാലത്തും കഅബയുടെ പരിപാലകരെന്ന നിലക്ക് ഇവര്‍ കൊള്ളക്കാരില്‍ നിന്നും രക്ഷ നേടിയിരുന്നു. കഅബയുടെ പരിസരത്തും സംഘട്ടനങ്ങളും അക്രമങ്ങളും നടക്കാത്തതിനാല്‍ സ്വന്തം നാട്ടിലും അവര്‍ സുരക്ഷിതരായിരുന്നു. ഈ നിര്‍ഭയത്വങ്ങളൊക്കെ അവര്‍ക്ക് അള്ളാഹു നല്‍കിയ അനുഗ്രഹങ്ങളാണെന്ന് ഓര്‍മ്മിപ്പിക്കുകയും അതിന്റെ കാരണം നിങ്ങള്‍ കഅബയുടെ സംരക്ഷകരായത് കൊണ്ടാണെന്നും അത് കൊണ്ട് തന്നെ ആ കഅബയുടെ നാഥനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ .അത് നിങ്ങളുടെ ബാദ്ധ്യതയാണെന്ന് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്


ഇമാം റാസി(رحمه الله) എഴുതുന്നു. ‘അനുഗ്രഹം ചെയ്യല്‍ രണ്ട് വിധമാണ് (1) ബുദ്ധിമുട്ടുകള്‍ ഒഴിവാക്കല്‍ (2)ഉപകാരം കൊണ്ട് വരല്‍ . എന്നിവയാണത്. ബുദ്ധിമുട്ട് ഒഴിവാക്കല്‍ ഏറ്റവും പ്രാധമാണ്.അത് കൊണ്ട് ഇതിനു മുമ്പുള്ള അദ്ധ്യായത്തില്‍ ആന സംഘത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി കൊടുത്ത അനുഗ്രഹമാണ് അള്ളാഹു പറഞ്ഞത്. ഉപകാരം ചെയ്തത് ഈ അദ്ധ്യായത്തിലും പറഞ്ഞു. അപ്പോള്‍ എല്ലാ നിലക്കും അള്ളാഹു ചെയ്ത് കൊടുത്ത അനുഗ്രഹത്തിനു നന്ദി ചെയ്യാന്‍ ഇവര്‍ ബാദ്ധ്യസ്ഥരാണ്.ആ ബാദ്ധ്യത നിര്‍വഹിക്കാന്‍ നന്ദി ചെയ്തേ പറ്റൂ. ആ നന്ദി ചെയ്യുമ്പോള്‍ ഏറ്റവും ആവശ്യമായി വരുന്ന കാര്യമാണ് അള്ളാഹുവിന്റെ അധീശത്വം സമ്മതിക്കലും അവനെ മാത്രം ആരാധിക്കലും. അതാണ് അള്ളാഹു ഈ ഭവനത്തിന്റെ നാഥനെ ആരാധിക്കുക എന്ന് പറഞ്ഞത്(റാസി32/99)

ഭയത്തില്‍ നിന്ന് അഭയം നല്‍കി എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. ഇമാം റാസി(رحمه الله) എഴുതുന്നു. ‘(1)നാട്ടിലും യാത്രയിലും അവര്‍ക്ക് മറ്റുള്ളവരില്‍ നിന്നുള്ള അക്രമത്തില്‍ നിന്ന് അള്ളാഹു അഭയം നല്‍കി(മറ്റുള്ളവര്‍ക്ക് അന്ന് ആ നിര്‍ഭയത്വമില്ലായിരുന്നു). (2) ആനക്കാരുടെ അക്രമത്തില്‍ നിന്ന് അവര്‍ക്ക് നിര്‍ഭയത്വം നല്‍കി. (3) കുഷ്ഠ രോഗത്തില്‍ നിന്ന് നിര്‍ഭയത്വം നല്‍കി(ആ നാട്ടില്‍ കുഷ്ഠം വരില്ല) .(4) അധികാരം അവരല്ലാത്തവരില്‍ വരുന്നതിനെ തൊട്ട് നിര്‍ഭയത്വം നല്‍കി .(5) ഇസ്‌ലാമു കൊണ്ട് അള്ളാ‍ഹു നിര്‍ഭയത്വം നല്‍കി. (6) അറിവില്ലായ്മയുടെ വിശപ്പിനെ തൊട്ട് ദിവ്യ ബോധനത്തിന്റെ ഭക്ഷണം അള്ളാഹു അവര്‍ക്ക് ഭക്ഷിപ്പിക്കുകയും വഴികേടിന്റെ ഭയത്തെ തൊട്ട് സന്മാര്‍ഗത്തിന്റെ വിശദീകരണം കൊണ്ട് അള്ളാഹു അഭയം നല്‍കി. അതായത് മക്കക്കാര്‍ നബി(صلى الله عليه وسلم) നിയോഗിക്കപ്പെടുന്നതിനു മുമ്പ് അറിവില്ലാത്തവരായിരുന്നു പിന്നീട് നബി(صلى الله عليه وسلم) വരികയും അവിടുത്തേക്ക് ഗ്രന്ഥം നല്‍കപ്പെടുകയും ചെയ്ത് കൊണ്ട് ലോകത്തെ ഏറ്റവും വിവരമുള്ളവരായി അവര്‍ മാറി. കേവലം ശരീരത്തിനാവശ്യമായ ഭക്ഷണത്തിനു തന്നെ നാം നന്ദി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെങ്കില്‍ ആത്മാവിന്റെ ഭക്ഷണം ലഭിച്ചതിനു എന്തായാലും നന്ദി ചെയ്യേണ്ടതല്ലേ !. ഇതൊക്കെ ഇവിടെ സൂചനയുണ്ട്‘ (റാസി 32/101)

സൂറ:ഖുറൈശ് ആരെങ്കിലും ഓതിയാല്‍ കഅബ പ്രദക്ഷിണം ചെയ്യുന്നവരുടെയും ഭജനമിരിക്കുന്നവരുടെയും എണ്ണം കണ്ട് അള്ളാഹു പത്ത് നന്മകള്‍ നല്‍കും എന്ന് നബി(صلى الله عليه وسلم) പറഞ്ഞിരിക്കുന്നു(ബൈളാവി 2/624)