കെട്ടുകളില്‍ ഊതുന്നവരുടെ ഉപദ്രവത്തില്‍ നിന്നും
കെട്ടുകളില്‍ ഊതുന്നവര്‍ എന്നതിന്റെ വിവക്ഷ സിഹ്ര്‍ (മാരണം)ചെയ്യുന്നവര്‍ എന്നാണ് മുജാഹിദ്.ഇക് രിമ,ഹസന്‍ (رضي الله عنه) തുടങ്ങിയവരുടെ പക്ഷം.മാരണം ചെയ്യുന്നവര്‍ ചിലത് ജപിച്ച് നൂല്.ചരട്,കയര്‍ തുടങ്ങിയവയില്‍ കെട്ടുകള്‍ ഇടുകയും അവയില്‍ ഊതുകയും ചെയ്യും .ലബീദ് ബിന്‍ അ അ്സം എന്ന ജൂതനും അവന്റെ പെണ്‍ മക്കളും കൂടി നബി(صلى الله عليه وسلم) ക്ക് മാരണം ചെയ്തു എന്നും പ്രസ്തുത പെണ്മക്കളെ ഉദ്ദേശിച്ചാണ് ഊതുന്നവര്‍ എന്ന് സ്ത്രീലിംഗം പറഞ്ഞതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,പക്ഷെ ഈ പണി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളെ പോലെ ശിക്ഷാര്‍ഹരായിരിക്കും.സിഹ്ര്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ്.സിഹ്റിനു യാഥാര്‍ത്ഥ്യം ഇല്ലെന്നും ഗുണമായോ ദോഷമായോ ആയ ഏതെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ലെന്നും കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് സിഹ്ര്‍ എന്നും മുഅ്തസിലികളെ പോലെയുള്ള ചില പഴയ ബിദഇകളും പുതിയ ഉല്പ്പതിഷ്ണുക്കളും പറയുന്നത് സത്യമല്ല. ഇത് ഖുര്‍ആനിനും നബി വചനങ്ങള്‍ക്കും തീര്‍ത്തും എതിരാണ്.സിഹ്റ് മുഖേന ഭാര്യാ ഭര്‍ത്താക്കന്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിദ്യ അവര്‍ പഠിച്ചു എന്ന് സൂറത്തുല്‍ബഖറയില്‍ അള്ളാഹു പഠിപ്പിച്ചിട്ടുണ്ട് അപ്പോള്‍ സിഹ്‌റിനും മറ്റ് വസ്തുക്കളെ പോലെ തന്നെ യാഥാര്‍ത്ഥ്യമുണ്ട്. ഇന്ദ്രജാലം,കണ്‍ കെട്ട് എന്നിവയൊക്കെ സിഹ്‌റിന്റെ ഇനങ്ങളില്‍ പെട്ടതാണ്. കല്ലിനെ സ്വര്‍ണ്ണമാക്കുക.മനുഷ്യനെ മൃഗമാക്കുക എന്നിങ്ങനെ ഒരു വസ്തുവിന്റെ യാഥാര്‍ത്ഥ്യത്തെ മറ്റൊന്നാക്കി മാറ്റുക എന്നിവയൊന്നും സിഹ്‌റ് കൊണ്ട് സാദ്ധ്യമല്ല എന്ന് വെച്ച് സിഹ്‌റു കൊണ്ട് ഒന്നും കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് വ്യക്തമായല്ലൊ!
മന്ത്രം ഉറുക്ക് മുതലായവയെ പാടെ നിഷേധിക്കുകയും അവക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന വാദവും തള്ളപ്പെടേണ്ടതാണ്.കാരണം നബി(صلى الله عليه وسلم)ക്ക് അസുഖം ബാധിച്ചപ്പോള്‍ ജിബ്‌രീല്‍ (عليه وسلم)നബി(صلى الله عليه وسلم)യെ മന്ത്രിച്ചത് സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(صلى الله عليه وسلم)തന്നെയും പലരെയും മന്ത്രിച്ചത് സ്ഥിരപ്പെട്ടതാണ്. പഴയ (ജാഹിലിയ്യ)കാലത്ത് ഞങ്ങള്‍ മന്ത്രിക്കാറുണ്ടായിരുന്നുവെന്
ജാബിര്‍(رضي الله عنه) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അംറുബിന്‍ ഹസ്മിന്റെ ആള്‍ക്കാര്‍ വന്നു നബി(صلى الله عليه وسلم)യോട് പറഞ്ഞു. ‘അള്ളാഹുവിന്റെ റസൂലേ!ഞങ്ങളുടെ അടുത്ത് ഒരു മന്ത്രമുണ്ട്.തേള്‍ കുത്തിയാല്‍ ഞങ്ങള്‍ അത് മന്ത്രിക്കാറുണ്ട്.അവിടുന്ന് മന്ത്രം നിരോധിച്ചിരിക്കുകയാണല്ലോ. നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കൂ എന്ന് നബി(صلى الله عليه وسلم)പറഞ്ഞു ഇതില്‍ ദോഷമൊന്നുമില്ല.നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരനു വല്ല ഉപകാരവും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്തു കൊടുക്കട്ടെ എന്ന് നബി(صلى الله عليه وسلم)പറഞ്ഞു.’ അപ്പോള്‍ നല്ല മന്ത്രങ്ങള്‍ നടത്തുന്നത് പുണ്യമാണെന്നും വര്‍ജ്ജിക്കണമെന്ന് പറഞ്ഞത് ശിര്‍ക്കുള്ള മന്ത്രങ്ങളാണെന്നും വ്യക്തമായി
ഉറുക്ക് കെട്ടുന്നതും ഇത് പോലെ തന്നെ. കാവല്‍ തേടപ്പെടാന്‍ പഠിപ്പിക്കപ്പെട്ടത് കൊണ്ടല്ലാതെ മന്ത്രിക്കുന്നതും ഉറുക്ക് –ഏലസ്സ്-കെട്ടുന്നതും നബി(صلى الله عليه وسلم) വെറുത്തിരുന്നു എന്ന് ഇബ്നു മസ്‌ഊദ്(رضي الله عنه) നബി(صلى الله عليه وسلم)യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഇമാം അബൂദാവൂദും നസാഇയും ഹാക്കിമും ഉദ്ധരിച്ചിട്ടുണ്ട്(അദ്ദുര്‍ അല്‍ മന്‍ഥൂര്‍ 6/715). വിരോധിക്കപ്പെട്ടതെല്ലാം ശിര്‍ക്ക് കലര്‍ന്നത് കെട്ടുന്നതിനെ കുറിച്ചാണ് എന്ന് ചുരുക്കം.ഈ വ്യത്യാസം ഉള്‍ക്കൊള്ളാതെ എല്ലാം തള്ളാനുള്ള വെമ്പല്‍ ക്ഷന്തവ്യമല്ലെന്നുണര്‍ത്തട്ടെ