അദ്ധ്യായം112 -സൂക്തം 1

1. قُلْ هُوَ اللَّهُ أَحَدٌ
(നബിയെ!)പറയുക.കാര്യം അള്ളാഹു ഏകനാകുന്നു
هُو - എന്ന സര്‍വ നാമത്തിനു അത് എന്നും അവന്‍ എന്നും അര്‍ത്ഥം വരും.മുമ്പ് പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ച് കൊണ്ടല്ലാതെയുള്ള ഇത്തരം സന്ധര്‍ഭങ്ങളില്‍ പിന്നീട് പറയുന്ന വിഷയത്തിന്റെ ഗൌരവത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാന്‍ വേണ്ടി ആ പദം പ്രയോഗിക്കാറുണ്ട്.

അതിനു ضمير الشأن (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സര്‍വ നാമം) എന്ന് പറയും
അതാണ് ഇവിടെ ഉദ്ദേശ്യം എന്ന് ധാരാളം വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.അത് അനുസരിച്ചാണ് കാര്യം എന്ന് ഇവിടെ هُو എന്നതിനു അര്‍ത്ഥം പറഞ്ഞത്. താഴേ പറയുന്നതാണ് കാര്യം എന്ന് സാരം.


അവിശ്വാസികളുടെ വാക്കുകളില്‍ നിന്നോ സ്ഥിതിഗതികളില്‍ നിന്നോ അള്ളാഹുവിനെക്കുറിച്ച് ഉത്ഭവിച്ച അന്വേഷണത്തിന്റെ മറുപടിയെന്ന നിലക്ക് هُو-എന്നത് സാധാരണ സര്‍വ നാമമാണെന്നും ആവാം .അപ്പോള്‍ അടുത്ത വാക്കും ഇതും ചേര്‍ന്ന് കൊണ്ടുള്ളതായിരിക്കണം വാചക ഘടന.അവന്‍ അള്ളാ‍ഹുവാണ് ഏകനാണ് എന്നാവും അപ്പോള്‍ ഈ ആയത്തിന്റെ അര്‍ത്ഥം, കൂടുതല്‍ പ്രസക്തം ഒന്നാം വിശദീകരണമാണ് .അള്ളാഹു എന്ന വാക്ക് മഹത്വത്തിന്റെ എല്ലാ ഗുണ വിശേഷണങ്ങളും ഒരുമിച്ച് കൂട്ടിയത് പോലെ - - أَحَدٌ എന്നതും പരിപൂര്‍ണ്ണതയുടെ എല്ലാഗുണങ്ങളും ഒരുമിച്ച്കൂട്ടിയ പദമാണ് അതായത് അവന്റെ സത്തക്ക് ബഹുത്വമോ പലതിനാലും കൂടിയ ഘടനയോ ഇല്ലാത്തവന്‍ , ഇണയോ തുണയോ പങ്കാളിയോ ഇല്ലാത്തവന്‍ , സത്തയിലും ഗുണത്തിലും പ്രവര്‍ത്തനത്തിലും ഏകനായുള്ളവന്‍ എന്ന് ഈവാക്ക് അറിയിക്കുന്നു .

أَحَدٌ എന്നതിനു ഏകന്‍ ,ഒരുവനെന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തിനു ചില പ്രത്യേകതകളുണ്ട് . لاأحد (ഒരാളുമില്ല)എന്ന നിഷേധരൂപത്തില്‍ ഈ വാക്ക് പറയുമ്പോള്‍ അത് സൃഷ്ടികളെ പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥിരപ്പെടുത്തുന്ന രൂപത്തില്‍ പറയുമ്പോള്‍ അത് അല്ലാഹുവിനെ പറ്റി മാത്രമേ ഉപയോഗിക്കാറുള്ളൂ

അള്ളാഹു ഏകനാണെന്നും ഏകനായ അള്ളാഹു എന്നും (الله أحد –الله الأحد) പറയും പോലെ
ഏകനായ നേതാവ്.നേതാവ് ഏകനാണ് ( السيد الأحد- السيد أحد ) എന്നോ പറഞ്ഞ് കൂടാ

അത് പോലെ എണ്ണം പറയുമ്പോള്‍ ഒന്ന് ,ഒരാള്‍ എന്ന അര്‍ത്ഥത്തിലും أَحَدٌ എന്ന് പറയില്ല واحد എന്നേ പറയൂ.അപ്പോള്‍ أحد എന്നാല്‍ എണ്ണത്തില്‍ ഏകന്‍ എന്ന് മാത്രമല്ല ഏത് നിലക്ക് നോക്കിയാലും ഏകന്‍ എന്ന അര്‍ത്ഥം ധ്വനിപ്പിക്കാനാണീ പ്രയോഗം അത് കൊണ്ട് തന്നെ അള്ളാഹുവെ കുറിച്ച് واحد എന്നോ أحد എന്നോ പറയുമ്പോള്‍ ഇതേ അര്‍ഥം ആണുദ്ദേശിക്കുന്നത്

ഈ വ്യത്യാസം ധ്വനിപ്പിക്കാന്‍ ഉതകുന്ന ഒരു പദം മലയാളത്തില്‍ ഇല്ല. ചുരുക്കത്തില്‍ ബഹുത്വത്തിന്റെയോ നാനാത്വത്തിന്റെയോ ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകനായുള്ളവന്‍ എന്ന് അഹദിനും എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് വാഹിദിനും അര്‍ത്ഥമാകുന്നു. അള്ളാഹു ഏകനാണെന്നതിന്റെ തെളിവും വിശദീകരണവുമാണ് തുടര്‍ന്ന് പറയുന്നത്