അദ്ധ്യായം112 -സൂക്തം 4

4. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
അവനോട് തുല്യനായി ആരും (ഒന്നും)ഇല്ല

അവന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ അധികാരാവകാശങ്ങളിലോ സൃഷ്ടി –സംഹാര-നിയന്ത്രണാധികാരങ്ങളിലോ അറിവിലോ കഴിവിലോ ഒന്നും തന്നെ അവനു തുല്യമായി –പങ്കാളിയായി-ആരുമില്ല.ഒന്നുമില്ല
അള്ളാഹു പറഞ്ഞു. ليس كمثله شيئ وهو السميع العليم
അവനെ പോലെ ഒന്നുമില്ല അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു


ചുരുക്കത്തില്‍ ഈ അദ്ധ്യായം അള്ളാഹുവിന്റെ തൌഹീദിനെ ശക്തമായി സ്ഥാപിക്കുന്നതും ശിര്‍ക്കിനെ ശക്തമായി നിരാകരിക്കുന്നതുമാണ്‌

തൌഹീദ്(ഏകദൈവ വിശ്വാസം)എന്നാല്‍ സത്തയിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അള്ളാഹു ഏകനാണെന്ന് സുദൃ‌ഢമായി ഉറച്ച് വിശ്വസിച്ച് കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്, ഇതിനെതിരായി ആരാധിക്കപ്പെടാന്‍ അര്‍ഹനാണെന്ന നിലയില്‍ അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കലാണ് ശിര്‍ക്ക് .ഉണ്ടായിരിക്കല്‍ നിര്‍ബന്ധം എന്ന അര്‍ത്ഥത്തിലോ (അള്ളാഹുവിനു ഇല്ലായ്മ എന്നത് വരാന്‍ പറ്റില്ല എന്നത് വ്യക്തം അത് പോലെ നാശം വരാന്‍ പാടില്ലാത്ത ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുക)ആരാധിക്കപ്പെടാന്‍ അര്‍ഹനാണെന്ന അര്‍ത്ഥത്തിലോ ആണീ പങ്കാളികളെ സ്ഥാപിക്കല്‍ .ആദ്യത്തെ രൂപം(ഉണ്ടായിരിക്കല്‍ നിര്‍ബന്ധം എന്ന അര്‍ത്ഥത്തില്‍ )അഗ്നി ആരാധകരായ മജൂസികളുടെ വിശ്വാസവും രണ്ടാമത്തെ രൂപം(ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ എന്ന അര്‍ത്ഥത്തില്‍ )ബിംബാരാധകരായ മുശ്‌രിക്കുകളുടെ വിശ്വാസവുമാണ്. അപ്പോള്‍ അള്ളാഹുവിനെ പോലെ സ്വയം പര്യാപ്തനുണ്ടെന്നോ, ആരാധിക്കപ്പെടാന്‍ മറ്റാര്‍ക്കെങ്കിലും അര്‍ഹതയുണ്ടെന്നോ ഉള്ള വിശ്വാസമാണ് ശിര്‍ക്കി(ബഹുദൈവത്വം)ന്റെ മാന ദണ്ഡം. അള്ളാഹുവിന്റെ ഇഷ്ടദാസന്മാരെ സമീപിക്കുന്ന സത്യ വിശ്വാസികള്‍ ഒരിക്കലും ഈ ശിര്‍ക് വിശ്വാസക്കാരല്ല.