അദ്ധ്യായം 105- സൂക്തം 1

1. أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
തങ്ങളുടെ നാഥന്‍ ആനക്കാരെ കൊണ്ട് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് തങ്ങള്‍ കണ്ടില്ലേ?
വിശുദ്ധ കഅ്ബ: പൊളിച്ച് നീക്കുവാന്‍ പുറപ്പെട്ട് വന്ന ഒരു വലിയ സൈന്യത്തെ അള്ളാഹു നശിപ്പിച്ച പ്രസിദ്ധമായ ഒരു ചരിത്ര സംഭവമാണ് ഈ സൂറയുടെ ഉള്ളടക്കം. ഇത് മുഖേന അള്ളാഹു മക്കക്കാര്‍ക്ക് ചെയ്തു കൊടുത്ത വലിയ ഒരു അനുഗ്രഹം .അതിള്‍ അടങ്ങിയ അള്ളാഹുവിന്റെ ദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുന്നു.

സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. അബ്സീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ അബ്റഹത്ത് എന്ന് പേരുള്ള രാജാവ് യമന്‍ ഭരിച്ചിരുന്നു.ഇവരെല്ലാം ക്ര്‌സ്ത്യാനികളായിരുന്നു ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിക്കാനായി യമനിലെ സന്‍ആഅ് എന്ന സ്ഥലത്ത് അബ്റഹത്ത് “അല്‍ ഖുല്ലൈസ്” എന്ന പേരില്‍ ഒരു വലിയ ചര്‍ച്ച് പണിതു.മക്കയിലേക്ക് ഹജ്ജിനു പോകുന്നവരെ ഇങ്ങോട്ട് തിരിച്ച് വിടാന്‍ അയാള്‍ ശ്രമിച്ചു .ഇതില്‍ കുപിതനായ കിനാന:ഗോത്രത്തിലെ ഒരു അറബി ആ ചര്‍ച്ചില്‍ കയറി വിസര്‍ജ്ജനം നടത്തി എന്ന് പറയപ്പെടുന്നു തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാനാവാതെ വന്നപ്പോള്‍ അബ്റഹത്ത് കഅ്ബം പൊളിക്കാന്‍ പരിപാടിയിട്ടു അതിനായി ഒരു വലിയ സൈന്യസമേതം അയാള്‍ മക്കയിലേക്ക് പുറപ്പെട്ടു അതില്‍ ആനകളുമുണ്ടായിരുന്നു.അതു കൊണ്ടാണ് ആ സൈന്യത്തിനു ആനപ്പട എന്നും ആ സംഭവത്തിനു ആനക്കലഹം എന്നും പറയുന്നത് ആനക്കാര്‍ എന്ന് പറഞ്ഞത് അബ്റഹത്തിനെയും സൈന്യത്തെയുമാണ്.അങ്ങനെ അബ് റഹത്തും സൈന്യവും മുന്നോട്ട് നീങ്ങി വഴിക്ക് വെച്ച് ചില അറബ് ഗോത്രങ്ങള്‍ അവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും (യമനിലെ മാന്യനായിരുന്ന ‘ദൂനഫര്‍ ‘ ആളുകളെ കൂട്ടി അബ്റഹത്തിനെ എതിര്‍ക്കാന്‍ വന്നു.പക്ഷെ അവര്‍ പരാജയപ്പെടുകയും ദൂനഫറിനെ തടവിലാക്കുകയും ചെയ്തു.എന്നിട്ട് ദൂനഫറിനെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു പക്ഷെ ദൂനഫര്‍ എന്നെ കൊല്ലരുതെന്നും നിങ്ങള്‍ക്ക് എന്റെ സാന്നിദ്ധ്യം പിന്നീട് ഉപകരിക്കുമെന്നും പറഞ്ഞപ്പോള്‍ അവര്‍ ബന്ധനസ്ഥനായ വിധത്തില്‍ ദൂനഫറിനെ ഒപ്പം കൂട്ടി പിന്നീട് നുഫൈലുബ്നു ഹബീബ് അല്‍ ഖസ്അമീയുടെ നേതൃത്വത്തിലും അബ്റഹത്തുമായി യുദ്ധം നടന്നു അതിലും അബ്റഹത്ത് വിജയിക്കുകയും നുഫൈലിനെ തടവിലാക്കുകയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു,പക്ഷെ നുഫൈല്‍ എന്നെ കൊല്ലരുതെന്നും അറേബ്യയിലേക്കുള്ള വഴി കാണിക്കാന്‍ നിങ്ങള്‍ക്കെന്നെ ഉപകരിക്കുമെന്നും പറഞ്ഞപ്പോള്‍ നുഫൈലിനെയും ഒപ്പം കൂട്ടി) അവരെ കീഴടക്കി ആനപ്പട മുന്നോട്ട് നീങ്ങി.മക്കയുടെ അടുത്തുള്ള ‘മുഗമ്മസ്’ എന്ന സ്ഥലത്തെത്തി അവിടെ മേഞ്ഞ് തിന്നുന്ന ഒട്ടകങ്ങളെ കണ്ട അബ് റഹത്ത് അവകളെ കൊള്ള ചെയ്യാന്‍ കല്‍‌പ്പിച്ചു.
അങ്ങനെ അനുയായികള്‍ അവയെ കൊള്ള ചെയ്തു(ആ ഒട്ടകങ്ങള്‍ ഖുറൈശികളുടെതായിരുന്നു)അക്കൂട്ടത്തില്‍ നബി(സ) യുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ 200ഒട്ടകങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഹുനാത്തത്തുല്‍ ഹിംയരി എന്ന ആളെ മക്കയിലേക്ക് അയച്ചു അദ്ദേഹം മക്കയില്‍ പോയി ഖുറൈശി നേതാക്കളെ കണ്ടു.ഖുറൈശിനോട് യുദ്ധം ചെയ്യാനല്ല രാജാവും സൈന്യവും വരുന്നതെന്നും കഅ്ബ: പൊളിക്കല്‍ മാത്രമാണ് ഉദ്ദേശ്യമെന്നും അത് തടഞ്ഞാല്‍ മാത്രമെ നിങ്ങളോട് യുദ്ധം ചെയ്യുകയുള്ളൂവെന്നും ഖുറൈശികളെ അറിയിക്കലായിരുന്നു ഹനാത്തയുടെ ദൌത്യം ഖുറൈശ് നേതാക്കളെ തന്റെ അടുത്തേക്ക് കൊണ്ട് ചെല്ലാനും രാജാവ് നിര്‍ദ്ദേശിച്ചു.ഈ ദൌത്യവുമായി മക്കയില്‍ വന്ന ഹനാത്ത അന്നത്തെ ഖുറൈശി നേതാവും കഅ്ബയുടെ മേല്‍നോട്ടക്കാരനുമായിരുന്ന അബ്ദുല്‍ മുത്തലിബിനെ കണ്ടു.വിവരങ്ങളെല്ലാം പറഞ്ഞ് അബ്ദുല്‍ മുത്തലിബിനെയും കൂട്ടി അബ്റഹത്തിന്റെ അടുത്തെത്തി.രാജാവ് അബ്ദുല്‍ മുത്തലിബിനെ കണ്ടപ്പോള്‍ വളരെയധികം ബഹുമാനിക്കുകയും തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പരവതാനിയില്‍ അബ്ദുല്‍ മുത്തലിബിന്റെ കൂടെ ഇരിക്കുകയും വിവരങ്ങള്‍ ദ്വിഭാഷി മുഖേന ധരിപ്പിക്കുകയും ചെയ്തു.
ശേഷം രാജാവ് താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?എന്ന് അബ്ദുല്‍ മുത്തലിബിനോട് ചോദിച്ചു .അദ്ദേഹം പറഞ്ഞു.ഉണ്ട്.എന്റെ 200ഒട്ടകങ്ങളെ നിങ്ങളുടെ ആള്‍ക്കാര്‍ കൊള്ളയടിച്ചിട്ടുണ്ട് അവ എനിക്ക് തിരിച്ചു കിട്ടണം എന്ന്.അപ്പോള്‍ പരിഹാസത്തോടെ രാജാവ് പറഞ്ഞു.നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് വലിയ മതിപ്പ് തോന്നിയിരുന്നു.എന്നാല്‍ നിങ്ങളുടെ സംസാരം കേട്ടപ്പോള്‍ എനിക്കത് നഷ്ടപ്പെട്ടു.നിങ്ങളുടെയും നിങ്ങളുടെ പൂര്‍വീകരുടെയും കേന്ദ്രമായ ഭവനം പൊളിക്കാനാണ് ഞാന്‍ വന്നതെന്നറിഞ്ഞിട്ടും അതെക്കുറിച്ചൊന്നും സംസാരിക്കാതെ സ്വന്തം ഒട്ടകത്തെക്കുറിച്ച് മാത്രം നിങ്ങള്‍ സംസാരിക്കുന്നു.ഇത് പരിഹാസ്യമല്ലേ! അബ്ദുല്‍ മുത്തലിബ് പറഞ്ഞു.ഒട്ടകത്തിന്റെ ഉടമ ഞാനാണ് അവകള്‍ എനിക്ക് തിരിച്ച് കിട്ടണം.അതേസമയം നിങ്ങള്‍ തകര്‍ക്കാനുദ്ദേശിക്കുന്ന ആ ഭവനത്തിന് ഒരു നാഥനുണ്ട്.അവന്‍ അത് സംരക്ഷിക്കും .അപ്പോള്‍ രാജാവ് പറഞ്ഞു.എന്നെ അതില്‍ നിന്ന് ആരും തടയില്ല ഞാന്‍ അത് പൊളിച്ചിരിക്കും. അബ്ദുല്‍ മുത്തലിബ് പ്രതിവചിച്ചു. എന്നാല്‍ അങ്ങനെ ആവട്ടെ . തന്റെ ഒട്ടകങ്ങളെ തിരിച്ച് നല്‍കുകയും അദ്ദേഹം അവകളെ തെളിച്ച് മക്കയിലേക്ക് മടങ്ങുകയും ചെയ്തു.മക്കയില്‍ തിരിച്ചെത്തിയ അബ്ദുല്‍ മുത്തലിബ് മക്കക്കാരോട് ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും കഅ്ബയില്‍ ചെന്ന് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.ആ പ്രാര്‍ത്ഥനയില്‍ കഅ്ബയുടെ വാതിലിന്റെ വട്ടക്കണ്ണി പിടിച്ച് കൊണ്ട് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
يارب لاأرجو لهم سواكا يارب فامنع منهم حماكا
ان عدو البيت من عاداكا امنعهم أن يخربوا قراكا
( രക്ഷിതാവേ!നിന്റെ സംരക്ഷിത മേഖല തകര്‍ക്കാന്‍ വരുന്ന ശത്രുക്കളെ നീ തടയണം നിന്നെയല്ലാതെ അതിനു ഞാന്‍ മറ്റാരെയും പ്രതീക്ഷിക്കുന്നില്ല).
സൈന്യം, മുന്നില്‍ ആനകളുമായി മക്കയിലേക്ക് നീങ്ങി.പക്ഷെ വൈകാതെ ആന മുട്ടു കുത്തി.എന്ത് കാണിച്ചിട്ടും ആന എഴുന്നേറ്റില്ല മക്കയുടെ ഭാഗത്തേക്കല്ലാതെ നടക്കാന്‍ ആവശ്യപ്പെട്ടാല്‍ ആന നടക്കും മക്കയുടെ ഭാഗത്തേക്ക് തിരിച്ചാല്‍ മുട്ട് കുത്തും!ഇങ്ങിനെ ആനയുമായി കഷ്ടപ്പെടുമ്പോഴാണ് സമുദ്ര ഭാഗത്ത് നിന്ന് ഒരു തരം പക്ഷികള്‍ കൂട്ടം കൂട്ടമായി വന്നത് അവയുടെ കൊക്കുകളിലും കാലുകളിലും ഓരോ കല്ലുകളുണ്ട്.(ഓരൊ പക്ഷിയുടെ കൂടെയും മൂന്ന് കല്ലുകള്‍ .ഒന്ന് കൊക്കിലും ഓരോന്ന് ഓരോ കാലിലും)ആ പക്ഷികള്‍ അബ്റഹത്തിന്റെ സൈന്യത്തിനു മുകളിള്‍ വട്ടമിട്ട് കല്ലുകള്‍ സൈന്യങ്ങളുടെ മേലെ വര്‍ഷിച്ചു. ഓരോരുത്തരുടെ തലയിലും ഓരോ കല്ല് അവകള്‍ ഇടും. ആ കല്ല് തലയില്‍ വീണാല്‍ അത് പൃഷ്ഠ ഭാഗത്ത് കൂടി പുറത്ത് വരികയും അവര്‍ മരിച്ച് വീഴുകയും ചെയ്യും.അത് തികച്ചും അഭൌതികമായ ഒരു ശക്തമായ ആക്രമണമായിരുന്നു. സൈന്യങ്ങളില്‍ പലരും മരിച്ച് വീഴുന്നത് കണ്ടപ്പോള്‍ മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടാന്‍ തുടങ്ങി.അബ്റഹത്തും ഓടാന്‍ തീരുമാനിച്ചു അവന്റെ ശരീരത്തിനു ചില അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി.വിരല്‍ കൊടികള്‍ മുറിഞ്ഞ് വീഴാന്‍ തുടങ്ങി.മുറിയുന്നിടത്തൊക്കെ വല്ലാത്ത ദുര്‍ഗന്ധമുള്ള ചലം ഒലിക്കാന്‍ തുടങ്ങി അങ്ങനെ സന്‍ആ‌അ് എന്ന അവരുടെ ആസ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ തളര്‍ന്ന് പോയ ഒരു പക്ഷിക്കുഞ്ഞിനെ പോലെയായി മാറിയ അബ്റഹത്ത് ഹൃദയം പിളര്‍ന്ന് മരണപ്പെട്ടു.അങ്ങനെ അബ് റഹത്തും സൈന്യവും നശിക്കുകയും അള്ളാഹു അവന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്തു

ക്രിസ്താബ്ദം 570-71ലാണീ സംഭവം നടന്നത് .ശിര്‍ക്ക് ചെയ്തിരുന്ന അറബികളെ സഹായിക്കാനല്ല അള്ളാഹു ഇവരെ നശിപ്പിച്ചത് മറിച്ച് തന്റെ ഭവനത്തിന്റെ പവിത്രത സംരക്ഷിക്കാനും ഇവിടെ ജനിക്കാനിരിക്കുന്ന മുഹമ്മദ് നബി(സ.അ) യുടെ അത്ഭുതകരമായ ജനനത്തിലേക്ക് സൂചന നല്‍കാനുമാണ്. ‘ആനക്കലഹസംഭവം’ നടന്ന് 50 ദിനങ്ങള്‍ പിന്നിട്ടപ്പോഴാണല്ലോ നബി(സ.അ) ജനിക്കുന്നത്.

അറബികളുടെ ഇടയില്‍ പൊതുവിലും ഖുറൈശികള്‍ക്കിടയില്‍ വിശേഷിച്ചും വളരെ ഗൌരവമുള്ള വിഷയമാണല്ലോ ഇത് അതിനാല്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് അവര്‍ ആനക്കലഹം മുതല്‍ കാലം നിര്‍ണ്ണയിക്കുക പതിവായി തീര്‍ന്നു.മദീനാ ഹിജ്റ മുതല്‍ വര്‍ഷാരംഭം നിര്‍ണ്ണയിക്കുന്ന പതിവ് ഇസ് ലാമില്‍ അംഗീകരിക്കപ്പെടുന്നത് വരെ ആ പതിവ് തുടര്‍ന്ന് പോന്നു
.